ടോള്‍ ഫ്രി നമ്പറായ 101ലേക്ക് വിളിച്ച് ഹലോയെന്ന് ആവര്‍ത്തിച്ചു പറയുന്നതാണ് രീതിയെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ചിലര്‍ ഫോണ്‍ ഹോള്‍ഡ് ചെയ്തുപിടിക്കും. കോയിന്‍ ബൂത്തുകള്‍ സജീവമായിരുന്ന മുന്‍കാലങ്ങളില്‍ ഇത്തരം കോളുകള്‍ ഫയര്‍ഫോഴ്‌സിന് തലവേദനയായിരുന്നു

മലപ്പുറം: നേരം പോക്കിനായി വിളിച്ച് കബളിപ്പിക്കുന്നവരെ കൊണ്ട് കുഴങ്ങിയിരിക്കുകയാണ് ആപത്ഘട്ടങ്ങളില്‍ വിളിച്ചാല്‍ ഓടിയെത്തേണ്ട അഗ്‌നിശമനസേന. ജില്ലയിലെ ഫയര്‍ സ്റ്റേഷനിലേക്ക് എത്തുന്ന വ്യാജ കോളുകളാണ് അധിക്യതര്‍ക്ക് പണിയാവുന്നത്. ഈ മാസം മാത്രം ഇത്തരത്തില്‍ പതിനഞ്ചില്‍ കൂടുതല്‍ കോളെങ്കിലും മലപ്പുറം അഗ്‌നിശമന ഓഫീസിലേക്ക് വന്നിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍. ടോള്‍ ഫ്രി നമ്പറായ 101ലേക്ക് വിളിച്ച് ഹലോയെന്ന് ആവര്‍ത്തിച്ചു പറയുന്നതാണ് രീതിയെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

ചിലര്‍ ഫോണ്‍ ഹോള്‍ഡ് ചെയ്തുപിടിക്കും. കോയിന്‍ ബൂത്തുകള്‍ സജീവമായിരുന്ന മുന്‍കാലങ്ങളില്‍ ഇത്തരം കോളുകള്‍ ഫയര്‍ഫോഴ്‌സിന് തലവേദനയായിരുന്നു. എന്നിരുന്നാലും തീപടര്‍ന്നെന്ന് പറഞ്ഞ് വിളിക്കുന്ന ചില കോളുകള്‍ ചെറിയ തോതിലെങ്കിലും ഉദ്യോഗസ്ഥരെ ഇപ്പോഴും കുഴപ്പിക്കുന്നുണ്ട്. ടോള്‍ ഫ്രീ നമ്പറുകളിലേക്ക് വിളിച്ച് കളിപ്പിക്കുന്നത് ചിലര്‍ക്ക് ഒരു ഹരമാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. അനാവശ്യ കോളുകള്‍ വരുമ്പോള്‍ ഇതേ സമയത്ത് തന്നെ അടിയന്തര ആവശ്യത്തിനായി വിളിക്കുന്നവരുണ്ടാകും. പക്ഷേ ഇത്തരം കോളുകള്‍ക്കിടയില്‍ ആവശ്യക്കാരെ കണക്ട് ചെയ്യാന്‍ പറ്റാതെ വരും.

ഇങ്ങനെ സംഭവിച്ചിട്ടുണ്ടെന്ന് അഗ്‌നിശമനസേനയിലെ ഉദ്യോ​ഗസ്ഥർ തന്നെ സമ്മതിക്കുന്നു. വേനല്‍ കടുക്കുന്നതോടെ തീപിടിത്തങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയേറയാണ്. അതിനാല്‍ വരുന്ന കോളുകള്‍ സത്യമാണോയെന്ന് കണ്ടെത്താന്‍ പ്രയാസം നേരിടുകയാണെന്നും അധികൃതർ പറയുന്നു. ഇത്തരം സംഭവങ്ങളിൽ അന്വേഷണം നടത്തുമ്പോൾ ഏറിയ പങ്കും കുട്ടികളാണ് ചെയ്യുന്നതെന്നാണ് കണ്ടെത്താനായത്. തുടർന്ന് മാതാപിതാക്കളോട് കാര്യങ്ങൾ പറയുകയാണ് പതിവെന്നും ഉദ്യോ​ഗസ്ഥർ പറഞ്ഞു. 

കാട മുട്ടയുടെ വലിപ്പത്തിൽ കോഴി മുട്ട..! കുഞ്ഞൻ മുട്ടയുടെ ചർച്ചയിൽ ഒരു നാട്

തിരൂരങ്ങാടി: മുന്തിരി വലിപ്പത്തിലുള്ള കോഴിമുട്ടകളാണ് മലപ്പുറം എ ആര്‍ നഗര്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് പുകയൂര്‍ അങ്ങാടിയിലെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാ വിഷയം. പുതിയപറമ്പന്‍ വീട്ടില്‍ സമദിന്റെ വീട്ടിലെ നാടന്‍ കോഴിയാണ് കുഞ്ഞന്‍ കോഴിമുട്ടകള്‍ ഇടുന്നത്. അഞ്ച് വര്‍ഷത്തോളമായി സമദിന്റെ വീട്ടില്‍ കോഴികളെ വളര്‍ത്തുന്നുണ്ട്. എല്ലാ പ്രാവശ്യവും സാധാരണ വലിപ്പമുള്ള മുട്ടയാണ് ഇടാറുള്ളത്. വീട്ടാവശ്യത്തിന് വളര്‍ത്തുന്ന അഞ്ച് കോഴികളില്‍ ഒരു കോഴിയാണ് ഇപ്പോള്‍ ഈ രീതിയില്‍ കുഞ്ഞന്‍ മുട്ടയിടുന്നതെന്ന് സമദ് പറഞ്ഞു.

കോഴി ഒമ്പത് മുട്ടകള്‍ ഇട്ടെങ്കിലും നാല് മുട്ടകള്‍ കാക്കകൾ നശിപ്പിച്ചു. അഞ്ചെണ്ണം വീട്ടുടമ സൂക്ഷിച്ച് വെച്ചിട്ടുമുണ്ട്. കോഴികള്‍ക്ക് വീട്ടിലെ സാധാരണ ഭക്ഷണമാണ് നല്‍കുന്നതെന്നും വലിപ്പ കുറവിന്റെ കാരണമറിയില്ലെന്നും സമദ് പുകയൂര്‍ പറയുന്നു. കിട്ടിയ കുഞ്ഞന്‍ കോഴിമുട്ടകളെ കാണാന്‍ നിരവധി പേരാണ് സമദിന്റെ വീട്ടിലെത്തുന്നത്. സോഷ്യല്‍ മീഡിയകളിലും കുഞ്ഞന്‍ കോഴിമുട്ടകള്‍ ഇതിനകം താരമായി കഴിഞ്ഞിട്ടുണ്ട്.