സ്വന്തം മൊബൈല്‍ നമ്പറില്‍ നിന്ന് സ്റ്റേഷനിലെ ലാന്‍ഡ് ഫോണിലേക്ക് വിളിച്ച പ്രതി, മന്ത്രി പി രാജീവിന്‍റെ ഓഫിസില്‍ നിന്ന് വിളിക്കുകയാണെന്ന് പറഞ്ഞാണ് സംസാരിച്ചത്.

മലപ്പുറം: മന്ത്രിയുടെ ഓഫീസില്‍ നിന്നാണെന്ന് പറഞ്ഞ് വിളിച്ച് പൊലീസിനെ ഭീഷണിപ്പെടുത്തിയ യുവാവ് കോട്ടക്കലില്‍ പിടിയില്‍. പുത്തൂര്‍ സ്വദേശി സനൂപിനെയാണ് (28) അറസ്റ്റ് ചെയ്തത്. പൊലീസ് ഇന്‍സ്‌പെക്ടര്‍ ദീപകുമാര്‍, എസ് ഐ റിഷാദലി നെച്ചിക്കാടന്‍ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ 26ന് വൈകീട്ട് ആറിനാണ് സംഭവം. സ്റ്റേഷനിലെ പാറാവ് ഡ്യൂട്ടിക്കാരനെ വിളിച്ചാണ് സനൂപ് ഭീഷണിപ്പെടുത്തിയത്. സ്വന്തം മൊബൈല്‍ നമ്പറില്‍ നിന്ന് സ്റ്റേഷനിലെ ലാന്‍ഡ് ഫോണിലേക്ക് വിളിച്ച പ്രതി, മന്ത്രി പി രാജീവിന്‍റെ ഓഫിസില്‍ നിന്ന് വിളിക്കുകയാണെന്ന് പറഞ്ഞാണ് സംസാരിച്ചത്. 'പുത്തൂര്‍ അരിച്ചോളിലുള്ള സനൂപിന്‍റെ വീട്ടില്‍ പോയ പൊലീസുകാരുടെ തൊപ്പി തെറിപ്പിക്കുമെന്നും വിവരങ്ങള്‍ ഇപ്പോള്‍ നല്‍കണമെന്നും' ആയിരുന്നു ഭീഷണി. ഇല്ലെങ്കില്‍ ജോലി കളയുമെന്നും ഭരിക്കുന്ന പാര്‍ട്ടിയാണെന്നും പാര്‍ട്ടി ഇടപെട്ടാല്‍ നിങ്ങള്‍ക്ക് താങ്ങില്ലെന്നും പറഞ്ഞു.

ഇതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ബെംഗളൂരുവിലെ യു സിറ്റി കോളജില്‍ സീറ്റ് തരപ്പെടുത്താമെന്ന് പറഞ്ഞ് 15,000 രൂപ ഇയാള്‍ കൈവശപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട പരാതിയില്‍ പ്രതിയുടെ വീട്ടില്‍ പൊലീസ് അന്വേഷണത്തിനെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഇതിനു പിറകെയാണ് സ്റ്റേഷനിലേക്ക് ഫോണ്‍ വന്നത്. സനൂപ് തന്നെയാണ് വിളിച്ചതെന്ന് തിരിച്ചറിഞ്ഞതോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.