മുക്കാൽ ലക്ഷത്തോളം രൂപ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പലപ്പോഴായി കൈപ്പറ്റിയതായും, ഭാര്യയെയും ഏഴു വയസ്സുള്ള മകനെയും മർദിച്ചതായും പരാതിയിൽ പറയുന്നു

കോഴിക്കോട്: പയ്യോളിയിലെ മദ്റസാധ്യാപകനെ കബളിപ്പിച്ച് വീട്ടിൽ നിന്നും ഏഴരപ്പവൻ സ്വർണവും രണ്ടേകാൽ ലക്ഷം രൂപയുമായി കടന്നെന്ന പരാതിയിൽ സിദ്ധൻ അറസ്റ്റില്‍. കാസർഗോഡ് ഉപ്പള സ്വദേശി മുഹമ്മദ് ഷാഫിയെയാണ് കോഴിക്കോട്ട് പൊലീസ് പിടികൂടിയത്. പയ്യോളിയിൽ മദ്റസാധ്യാപകനായ പാലക്കാട് സ്വദേശി ഇസ്മായിലിന്റെ പരാതിയിലാണ് അറസ്റ്റ്. മുഹമ്മദ് ഷാഫിയെ തീവണ്ടി യാത്രയ്ക്കിടയിലാണ് ഇസ്മായിൽ പരിചയത്തിലാകുന്നത്. സൗഹൃദം സ്ഥാപിച്ച മുഹമ്മദ് ഷാഫി പിന്നീട് ഇസ്മായിൽ വഴി പയ്യോളി കോടിക്കലിൽ മുറിയെടുത്ത് ചികിത്സയും മന്ത്രവാദവും നടത്തിയിരുന്നതായി പറയുന്നു.

ഇതിനിടയിലാണ് ഇസ്മായിലിന്റെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ച ഏഴരപ്പവന്റെ സ്വർണാഭരണവും ഒന്നര ലക്ഷം രൂപയും അപഹരിച്ചതായാണു പരാതി ഉയര്‍ന്നത്. മുക്കാൽ ലക്ഷത്തോളം രൂപ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പലപ്പോഴായി കൈപ്പറ്റിയതായും, ഭാര്യയെയും ഏഴു വയസ്സുള്ള മകനെയും മർദിച്ചതായും പരാതിയിൽ പറയുന്നുണ്ട്. രണ്ട് ദിവസം കഴിഞ്ഞാൽ താങ്കളുടെ വീട്ടിലെ അലമാരയിലെ പണവും ആഭരണങ്ങളും നഷ്ടപ്പെടുമെന്നും അത് താൻ ചാത്തൻ സേവയിലൂടെ തിരികെ എത്തിക്കുമെന്ന് ഷാഫി, ഇസ്മായിലിൻ്റെ ഭാര്യയെ ഫോണിൽ വിളിച്ചറിയിച്ചെന്നും പരാതിയില്‍ പറയുന്നു.

രണ്ട് ദിവസം കഴിഞ്ഞേ അലമാര തുറക്കാവുവെന്ന് ഷാഫി നിർദ്ദേശിച്ചതിനാൽ ആ ദിവസങ്ങൾ കഴിഞ്ഞ് അലമാര തുറന്നപ്പോഴാണ് സ്വർണവും പണവും നഷ്ടപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടതും പൊലീസിൽ പരാതിപ്പെട്ടതും.

ബസില്‍ തുപ്പി, വനിതാ കണ്ടക്ടറെ അസഭ്യം വിളിച്ചു; പൊലീസെന്ന് കേട്ടപ്പോള്‍ യുവാക്കള്‍ ചതുപ്പിലേക്ക് ചാടി