ഓൺലൈൻ ഷെയർ ട്രേഡിങിന്റെ പേരിൽ ആലപ്പുഴ സ്വദേശിയിൽ നിന്ന് 25.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ തമിഴ്‌നാട് സ്വദേശി റിമാൻഡിലായി. വ്യാജ ട്രേഡിങ് ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യിപ്പിച്ചായിരുന്നു തട്ടിപ്പ്.
ആലപ്പുഴ: ഓൺലൈൻ ഷെയർ ട്രേഡിങിന്റെ പേരിൽ ആലപ്പുഴ കണ്ടല്ലൂർ സ്വദേശിയിൽ നിന്ന് 25.5 ലക്ഷം രൂപ തട്ടിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതി റിമാൻഡിലായി. തമിഴ്‌നാട് കാഞ്ചീപുരം ഇഞ്ചമ്പാക്കം സ്വദേശി സത്യനാരായണൻ (60) എന്നയാളെയാണ് ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. ഈ കേസിൽ മലപ്പുറം കൊണ്ടോട്ടി സ്വദേശി മുഷ്താഖ് ബക്കീറിനെ മുൻപ് അറസ്റ്റ് ചെയ്തിരുന്നു.
തട്ടിപ്പുകാർ പരാതിക്കാരനെ സോഷ്യൽ മീഡിയ വഴി ബന്ധപ്പെട്ട് വ്യാജ ഷെയർ ട്രേഡിങ് ആപ്ലിക്കേഷൻ ഫോണിൽ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് അതിലൂടെ പ്രതികൾ നിര്‍ദേശിച്ച ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയച്ചു വാങ്ങുകയായിരുന്നു. രണ്ടു മാസത്തിനിടയിൽ 25.5 ലക്ഷം രൂപയാണ് പരാതിക്കാരന് നഷ്ടമായത്. പണം വ്യാജ ആപ്പിൽ കാണിക്കാതെ വന്നപ്പോൾ കൂടുതൽ തുക അയച്ചാൽ ഇരട്ടിയായി തിരികെ നൽകാമെന്ന് തട്ടിപ്പുകാർ അറിയിച്ചതോടെയാണ് തട്ടിപ്പാണെന്ന് മനസിലായത്. തുടർന്ന് നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ആലപ്പുഴ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
അന്വേഷണത്തിലൂടെ കണ്ടെത്തിയ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് രഞ്ജിത് കൃഷ്ണന്‍റെ ഉത്തരവിലൂടെ 11 ലക്ഷത്തോളം രൂപ പരാതിക്കാരന് ഇതുവരെ തിരികെ ലഭിച്ചു. മറ്റ് അക്കൗണ്ടുകളിൽ മരവിപ്പിച്ച തുക തിരികെ ലഭിക്കാനുള്ള കോടതി നടപടികൾ പുരോഗമിക്കുകയാണ്. പരാതിക്കാരന് നഷ്ടമായ പണം അറസ്റ്റിലായ സത്യനാരായണൻ തന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചു വാങ്ങിയതായി കണ്ടെത്തി.
മറ്റൊരു കേസിൽ ചെന്നൈ സെൻട്രൽ ക്രൈം ബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്ത് തമിഴ്‌നാട് പുഴൽ സെൻട്രൽ ജയിലിൽ റിമാൻഡിലായിരുന്ന പ്രതിയെ പ്രൊഡക്ഷൻ വാറന്റ് മുഖേന ആലപ്പുഴ ചീഫ് ജുഡീഷ്യൽ കോടതി മുമ്പാകെ ഹാജരാക്കിയാണ് റിമാൻഡ് ചെയ്തത്. ആന്ധ്രാപ്രദേശ്, കർണാടക, പഞ്ചാബ്, രാജസ്ഥാൻ, വെസ്റ്റ് ബംഗാൾ, ബിഹാർ, ഡൽഹി, മഹാരാഷ്ട്ര, മധ്യപ്രദേശ്, തമിഴ്‌നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലായി ഇയാൾക്കെതിരെ മറ്റ് 23 പരാതികൾ നിലവിലുണ്ട്.
ആലപ്പുഴ ഡി സി ആർ ബി ഡിവൈഎസ്‌പി സന്തോഷ് എം എസിന്റെ നിര്‍ദേശപ്രകാരം ആലപ്പുഴ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസര്‍ ഏലിയാസ് പി ജോർജ്ജിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ ശരത്ചന്ദ്രൻ വി എസ്, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ അജയകുമാർ എം, സി പി ഒ മാരായ ഗിരീഷ് എസ് ആർ, റികാസ് കെ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്.


