കോഴിക്കോട് ഓണ്‍ലൈന്‍ തേയില കച്ചവടത്തിന്‍റെ മറവില്‍ ലഹരി വില്‍പന നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊടുവള്ളി സ്വദേശിയായ മുഹമ്മദ് ഡാനിഷില്‍ നിന്ന് എംഡിഎംഎയും 340 ബോംഗുകളും പിടിച്ചെടുത്തു.
കോഴിക്കോട്: ഓണ്‍ലൈന്‍ തേയില കച്ചവടത്തിന്‍റെ മറവില്‍ ലഹരിക്കച്ചവടം പതിവാക്കിയ യുവാവിനെ പൊലീസ് പിടികൂടി. കോഴിക്കോട് കൊടുവള്ളി കളരാന്തിരി സ്വദേശി വട്ടിക്കുന്നുമ്മല്‍ മുഹമ്മദ് ഡാനിഷി (28) നെയാണ് സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളും കൊടുവള്ളി പൊലീസും ചേര്‍ന്ന് പിടികൂടിയത്. ഇയാളില്‍ നിന്ന് 2.69 ഗ്രാം എംഡിഎംഎയും ലഹരി ഉപയോഗിക്കുന്നതിനായുള്ള 340ഓളം പൈപ്പുകളും (ബോംഗ്) കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെയാണ് പൊലീസ് ഡാനിഷിന്റെ വീട് വളഞ്ഞ് പരിശോധന നടത്തിയത്. ഇയാള്‍ തേയിലക്കച്ചവടം ഓണ്‍ലൈനായി ചെയിതിരുന്നയാളാണെന്നും ഇതിന്റെ മറവില്‍ ലഹരി വില്‍പന നടത്തി വരികയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ലഹരി ഉല്‍പന്നങ്ങള്‍ തേയിലയെന്ന വ്യാജേന കൊറിയറായാണ് അയച്ചിരുന്നത്. സ്‌പെഷ്യല്‍ സ്‌ക്വാഡ് എസ് ഐ രാജീവ് ബാബു, എ എസ് ഐ ജയരാജന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ജിനീഷ്, രതീഷ് കുമാര്‍, ഹനീഷ്, ഷിജു, കൊടുവള്ളി എസ് ഐ വിനീത് വിജയന്‍, സി പി ഒ എം കെ ഷിജു, രമ്യ, വാസു എന്നിവരുള്‍പ്പെട്ട സംഘമാണ് ഡാനിഷിനെ പിടികൂടിയത്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.


