ഉംറയ്ക്കായി പോയ അയൽവാസികളുടെ വീട്ടിലാണ് കവർച്ച നടന്നത്. ലക്ഷങ്ങൾ വിലവരുന്ന സ്വർണവും പണവുമാണ് കാണാതായത്
കോഴിക്കോട്: കൊടുവള്ളി മണ്ണില്‍ക്കടവില്‍ ദേശീയ പാതയോരത്തെ രണ്ട് വീടുകളില്‍ മോഷണം. അയല്‍വാസികളായ ഒറ്റക്കാംതൊടുകയില്‍ അബ്ദുല്‍ ഗഫൂര്‍, ഒടി നുഷൂര്‍ എന്നിവരുടെ വീടുകളിലാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ കവര്‍ച്ച നടന്നത്. വീടുകളുടെ മുന്‍വശത്തെ വാതില്‍ തകര്‍ത്താണ് മോഷണം നടന്നിരിക്കുന്നത്. വീട്ടിലുള്ളവര്‍ ഉംറക്കായി പോയതായിരുന്നു. ഗഫൂറിന്റെ വീട്ടിലെ കിടപ്പുമുറിയില്‍ അലമാരയില്‍ സൂക്ഷിച്ച ഒരു ലക്ഷം രൂപയും അഞ്ച് പവന്‍ സ്വര്‍ണ്ണാഭരണവും നഷ്ടമായി.
നുഷൂറിന്റെ വീട്ടിലെ അലമാരയിലെ ബാഗില്‍ സൂക്ഷിച്ച 25000 രൂപയാണ് നഷ്ടമായത്. സമീപത്ത് താമസിച്ചിരുന്ന ബന്ധുക്കളാണ് മോഷണ വിവരം അറിഞ്ഞത്. പരിശോധനയില്‍ ഇരുവീടുകളിലെയും മുന്‍വശത്തെ വാതിലുകള്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. കൊടുവള്ളി പോലീസ് ഇന്‍സ്‌പെക്ടര്‍ അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് പരിശോധന നടത്തി. ഡോഗ് സ്വാഡും സംഭവ സ്ഥലത്ത് എത്തിയിരുന്നു.
