വിഷക്കൂൺ കഴിച്ച് കുടുംബം ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ വീട്ടിൽ കവർച്ച നടത്തിയ രണ്ടംഗ സംഘത്തെ നെയ്യാർഡാം പൊലീസ് അറസ്റ്റ് ചെയ്തു. മോഷ്ടാക്കൾ 45 കിലോ റബർ ഷീറ്റും 30 കിലോ ഒട്ടുപാലും രണ്ട് ചാക്ക് അടക്കയും കവർന്നു.
തിരുവനന്തപുരം: വീട്ടുടമസ്ഥനും കുടുംബവും ചികിത്സയില്‍ കഴിയുന്ന തക്കം നോക്കി വീട്ടിൽ കവർച്ച നടത്തിയ രണ്ടംഗ സംഘം അറസ്റ്റിൽ. കാരിക്കുഴി കിഴക്കേ അരികത്ത് തടത്തരികത്തു വീട്ടില്‍ കുക്കു എന്ന ടോണി (41), പറത്തി തടത്തരികത്ത് വീട് കാരിക്കുഴിയില്‍ ലിനു (32) എന്നിവരെയാണ് നെയ്യാർഡാം പൊലീസ് അറസ്റ്റ് ചെയ്തത്. വിഷക്കൂൺ കഴിച്ചതിനെ തുടർന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങളിൽ 9 ദിവസത്തെ കാരക്കോണം ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ് കാരിക്കുഴി കുമ്പിച്ചൽ കടവ് സ്വദേശി മോഹനന്‍കാണി അടക്കം ആറംഗ സംഘം വീട്ടിലെത്തിയപ്പോഴാണ് വീട്ടിൽ മോഷണം നടന്ന നിലയില്‍ കണ്ടെത്തിയത്.
മോഹനന്‍കാണി ഡാം പൊലീസിന് മൊഴി നല്‍കിയതനുസരിച്ച് പൊലീസ് കേസെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. മോഹനന്‍കാണിയുടെ വീട്ടില്‍നിന്ന് 45 കിലോ റബർ ഷീറ്റും 30 കിലോ ഒട്ടുപാലും രണ്ട് ചാക്ക് അടക്കയും ആണ് മോഷ്ടാക്കള്‍ കവര്‍ന്നത്. ഡാം സര്‍ക്കിളിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ സംഭവസ്ഥലത്ത് വിശദമായ തെളിവെടുപ്പ് നടത്തിയതിനുശേഷമാണ് രണ്ടംഗ സംഘത്തെ പിടികൂടിയത്. മൂന്നാമന്‍ പാച്ചന്‍ എന്ന് വിളിക്കുന്ന റെജി (48) ഒളിവിലാണ്. ഇയാളെ പിടികൂടാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.


