യുവതി എസി കോച്ചിന്റെ ജനൽച്ചില്ല് തല്ലിത്തകർത്തു. ഈ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയും വലിയ പ്രതിഷേധത്തിന് കാരണമാവുകയും ചെയ്തു. പലരും യുവതിയുടെ പ്രവൃത്തിയെ വിമർശിച്ചപ്പോൾ, ചിലർ അവരുടെ മാനസികാവസ്ഥയെ പിന്തുണച്ചു.
ദില്ലി: ട്രെയിൻ യാത്രയ്ക്കിടെ പഴ്‌സ് മോഷണം പോയതിനെ തുടർന്ന് പൊലീസ് നടപടി സ്വീകരിക്കാത്തതിൽ രോഷാകുലയായ യുവതി എസി കോച്ചിൻ്റെ ജനൽച്ചില്ല് തല്ലിത്തകര്‍ക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൻ പ്രതിഷേധത്തിന് ഇടയാക്കി. സംഭവത്തിൻ്റെ ദൃശ്യങ്ങൾ പകർത്തിയ ചെറിയ ക്ലിപ്പിൽ, മാനസികമായി സംഘര്‍ഷത്തിലായ യുവതി ജനൽച്ചില്ല് തല്ലിത്തകർക്കുന്നത് കാണാം. അങ്ങനെ ചെയ്യരുതെന്ന് സഹയാത്രികർ ആവശ്യപ്പെട്ടിട്ടും യുവതി ചെവിക്കൊണ്ടില്ല.
യാത്രയ്ക്കിടെ യുവതിയുടെ പഴ്‌സ് മോഷണം പോയിരുന്നു. റെയിൽവേ ജീവനക്കാരിൽ നിന്നും അധികാരികളിൽ നിന്നും സഹായം ലഭിക്കാത്തതിൽ രോഷാകുലയായാണ് യുവതി ട്രെയിൻ്റെ ജനൽച്ചില്ല് തല്ലിത്തകർത്ത് പ്രതിഷേധിക്കുകയായിരുന്നു. യുവതി ജനൽച്ചില്ല് തല്ലിത്തകർത്തപ്പോൾ ഗ്ലാസ് ചില്ലുകൾ കോച്ചിനുള്ളിൽ ചിതറിത്തെറിച്ചു. പ്ലാറ്റ്‌ഫോമിൽ ഉണ്ടായിരുന്ന യാത്രക്കാർ ഞെട്ടലോടെയാണ് ഈ രംഗം കണ്ടുനിന്നത്. യുവതിയുടെ ചെറിയ കുഞ്ഞ് ഈ സമയത്ത് തൊട്ടടുത്തായി ഇരിക്കുന്നുണ്ടായിരുന്നു.
ഈ വീഡിയോ കണ്ട സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കിടയിൽ വൻ രോഷമാണ് ഉയർന്നുവന്നത്. ഇതൊരു അതിക്രമമാണ് എന്ന് ഒരാൾ അഭിപ്രായപ്പെട്ടു. പൗരബോധമില്ലായ്മയാണ്, എന്ത് തന്നെ പറഞ്ഞാലും ഇത് ന്യായീകരിക്കാൻ കഴിയുന്നതല്ലെന്ന് മിക്കവരും കുറിച്ചു. അതേസമയം, കടുത്ത മാനസിക സമ്മർദ്ദത്തിലോ വൈകാരിക അസ്ഥിരതയിലോ ആയിരിക്കാം യുവതി ഇങ്ങനെ പ്രതികരിച്ചതെന്നും ചിലർ അഭിപ്രായപ്പെട്ടു. ആ കുട്ടിയെ ഓർക്കുമ്പോൾ എനിക്ക് വിഷമം തോന്നുന്നു എന്നായിരുന്നു മറ്റൊരു കമന്റ്. സംഭവത്തെക്കുറിച്ച് ഇന്ത്യൻ റെയിൽവേ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.


