ചികിത്സയുടെ ഭാഗമായി കാമുകി കൈപ്പുള്ള കഷായം കുടിക്കുന്നതിനെ കളിയാക്കിയപ്പോൾ ഷാരോണിന് കഷായം കുടിയ്ക്കാൻ നൽകുകയായിരുന്നു. കൈയ്ക്കുന്നുവെന്ന് പറഞ്ഞപ്പോൾ കൈപ്പ് മാറ്റാനാണ് ജ്യൂസ് നൽകിയത്

തിരുവനന്തപുരം പാറശ്ശാലയിൽ യുവാവിന്‍റെ മരണത്തിൽ ദുരൂഹതയെന്ന് കുടുംബം. കാമുകി നൽകിയ ജ്യൂസ് കുടിച്ച ശേഷം അവശനായാണ് ഷാരോൺ രാജ് മരിച്ചതെന്നാണ് ആരോപണം. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറയുന്നത്. ചൊവ്വാഴ്ചയാണ് പാറശ്ശാല മുര്യങ്കര കുഴിവിള സ്വദേശിയും ബിഎസ്‍സി അവസാനവര്‍ഷ വിദ്യാര്‍ത്ഥിയുമായ ഷാരോൺ രാജ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്.

ഈ മാസം 14ന് തമിഴ്നാട് രാമവര്‍മ്മൻചിറയിലുള്ള കാമുകിയുടെ വീട്ടിലെത്തിയപ്പോൾ നൽകിയ ജ്യൂസ് കുടിച്ച ശേഷം നിരവധി തവണ ഛര്‍ദ്ദിച്ച് അവശനായെന്നും ഇതാണ് മരണ കാരണമെന്നുമാണ് കുടുംബത്തിന്‍റെ പരാതി. ആദ്യം പാറശ്ശാല ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും ആരോഗ്യനില വഷളായതോടെയാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. സുഹൃത്തിനൊപ്പമാണ് ഷാരോൺ കാമുകിയുടെ വീട്ടിലെത്തിയത്. കാമുകി മാത്രമായിരുന്നു അപ്പോൾ വീട്ടിലുണ്ടായിരുന്നത്. ചികിത്സയുടെ ഭാഗമായി കാമുകി കൈപ്പുള്ള കഷായം കുടിക്കുന്നതിനെ കളിയാക്കിയപ്പോൾ ഷാരോണിന് കഷായം കുടിയ്ക്കാൻ നൽകുകയായിരുന്നു.

കൈയ്ക്കുന്നുവെന്ന് പറഞ്ഞപ്പോൾ കൈപ്പ് മാറ്റാനാണ് ജ്യൂസ് നൽകിയത്. എന്നാൽ മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ ജ്യൂസ് കുടിച്ചുവെന്ന് പറഞ്ഞെങ്കിലും ഇതാണ് ആരോഗ്യപ്രശ്നത്തിന് കാരണെന്ന് പറഞ്ഞിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. കരളിനും വൃക്കയ്ക്കുമുണ്ടായ തകരാറാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. അസ്വാഭാവികമായി ഒന്നും ഉള്ളിൽ ചെന്നതായുള്ള സൂചനകളില്ല. കൂടുതൽ പരിശോധനയ്ക്ക് സാന്പിൾ ലാബിലേക്ക് അയച്ചു. ഇതിന്‍റെ ഫലം വന്നശേഷം അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം.

ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ പ്ലേറ്റ് ലെറ്റിന് പകരം മുസമ്പി ജ്യൂസ് കുത്തിവെച്ച് രോഗി മരിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. പിന്നാലെ ഈ ആശുപത്രി പൊളിക്കാന്‍ യുപി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയിരുന്നു. ഡെങ്കിപ്പനി ബാധിച്ച മുപ്പത്തിരണ്ട് വയസുകാരൻ മരിച്ച് ദിവസങ്ങൾക്കുള്ളിലാണ് ആശുപത്രി പൊളിക്കാൻ സർക്കാ‍ർ തീരുമാനമെടുത്തത്.