പത്തനംതിട്ട: പത്തനംതിട്ടയിൽ മരംവെട്ടുതൊഴിലാളി മരത്തിൽ നിന്ന് വീണ് ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ അനാസ്ഥ കാണിച്ചവർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളിയുടെ കുടുംബം രംഗത്ത്. പുന്നലത്തുപടി പാലശ്ശേരി സത്യശീലൻ അപകടത്തിൽപ്പെട്ട വിവരം ബന്ധുക്കളെ അറിയിക്കാനോ മൃതദേഹം മാറ്റാനോ തയ്യാറാവാത്തവർക്കെതിരെ കേസെടുക്കണമെന്നാണ് ഭാര്യയുടെയും മക്കളുടെയും ആവശ്യം.

പുന്നലത്തുപടി പാലശ്ശേരിയിൽ സത്യശീലന്‍റെ മൃതദേഹം കരിമ്പനാക്കുഴി പൗവ്വത്ത് വീട്ടിൽ ബിജി കുഞ്ചാക്കോയുടെ പറമ്പിൽ നിന്ന് കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്. സത്യശീലൻ മരത്തിൽ നിന്ന് വീണിട്ടും ഇക്കാര്യം നാട്ടുകാരെ അറിയിക്കാൻ പണിക്ക് കൊണ്ട് വന്ന കരിമ്പനാക്കുഴി സ്വദേശി പുരുഷോത്തമൻ തയ്യാറായില്ല. ബിജി കുഞ്ചാക്കോയുടെ അയൽവാസിയായ രത്നമ്മയാണ് തന്‍റെ പുരയിടത്തിലേക്ക് വീണ ചില്ല വെട്ടാൻ ഏൽപ്പിച്ചത്. സത്യശീലൻ വീണെന്നും കുറച്ച് കഴിഞ്ഞ് എഴുന്നേറ്റ് പോകുമെന്നുമാണ് പുരുഷോത്തമൻ വീട്ടുകാരോട് പറഞ്ഞത്.

ചികിത്സ ലഭ്യമാക്കാതിരുന്ന പുരുഷോത്തമനെതിരെയും വിവരം മറച്ചുവെച്ച വീട്ടുകാർക്കെതിരെയും കേസെടുക്കണമെന്ന് സത്യശീലന്‍റെ ബന്ധുക്കൾ ആവശ്യപ്പെട്ടു. ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ പരിശോധിച്ചപ്പോഴാണ് നാല് ദിവസത്തിന് ശേഷം സത്യശീലന്‍റെ  മൃതദേഹം കണ്ടത്. എന്നാൽ, രോഗിയായതിനാൽ പറമ്പിൽ പോയി നോക്കാൻ പറ്റിയില്ലെന്ന് രത്നമ്മ പറഞ്ഞു. സംഭവത്തിൽ പുരുഷോഷത്തമനെ പത്തനംതിട്ട പൊലീസ് ചോദ്യം ചെയ്തു. നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കാനാണ് പൊലീസ് നീക്കം.