വേഗതയില്‍ വന്നിരുന്ന കാര്‍ മുമ്പിലുള്ള ഓട്ടോറിക്ഷയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നിയന്ത്രണം വിട്ട് ആംബുലന്‍സിലിടിക്കുകയായിരുന്നു
തൃശൂര്‍: കാണിപ്പയ്യൂരിൽ ഇന്നുണ്ടായ അപകടത്തിൽപ്പെട്ട കാറിലുണ്ടായിരുന്നത് മകളുടെ കുട്ടിയുടെ പിറന്നാൾ ആഘോഷം കഴിഞ്ഞ് മടങ്ങിയ കുടുംബം. എറണാകുളത്തെ ആശുപത്രിയില്‍ നിന്നും കണ്ണൂരിലേക്ക് ചികിത്സ കഴിഞ്ഞ് മടങ്ങുകയായിരുന്ന രോഗി ഉള്‍പ്പെട്ട സംഘം സഞ്ചരിച്ചിരുന്ന ആംബുലന്‍സും കുന്നംകുളത്ത് നിന്ന് കൂനംമൂച്ചിയിലേക്ക് പോയിരുന്ന കാറും തമ്മില്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ആബുലന്‍സിലുണ്ടായിരുന്ന കണ്ണൂര്‍ സ്വദേശി കളമശേരിയില്‍ താമസിക്കുന്ന എച്ച്.എം.ടി. ജീവനക്കാരനായിരുന്ന പത്തടി ചങ്ങമ്പുഴ നഗര്‍ മാനത്തെ പാടം രോഷ്‌നി ഭവനില്‍ കുഞ്ഞിരാമന്‍ (86), കാര്‍ യാത്രക്കാരി കൂനംമൂച്ചി സ്വദേശിനി കുത്തൂര്‍ വീട്ടില്‍ ആന്റണി ഭാര്യ പുഷ്പ (56) എന്നിവരാണ് മരിച്ചത്. ആറുപേര്‍ക്കാണ് അപകടത്തിൽ പരുക്കേറ്റത്. പുഷ്പയുടെ ഭര്‍ത്താവ് ആന്റണിയുടെ നില ഗുരുതരമാണ്. ആന്റണി അമല ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. മരിച്ച കുഞ്ഞിരാമന്റെ മൃതദേഹം കാണിപ്പയ്യൂര്‍ യൂണിറ്റി ആശുപത്രിയിലാണ്. പരുക്കേറ്റ ആംബുലന്‍സ് ഡ്രൈവറും നഴ്‌സും കുഞ്ഞിരാമന്റെ മൂന്നു ബന്ധുക്കളും യൂണിറ്റി ആശുപത്രിയില്‍ ചികില്‍സയിലാണ്. ഉച്ചകഴിഞ്ഞ് 3.30ഓടെയാണ് അപകടമുണ്ടായത്.
ആന്റണിയും പുഷ്പയുമാണ് കാറില്‍ ഉണ്ടായിരുന്നത്. വേഗതയില്‍ വന്നിരുന്ന കാര്‍ മുമ്പിലുള്ള ഓട്ടോറിക്ഷയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നിയന്ത്രണം വിട്ട് ആംബുലന്‍സിലിടിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ട് മറിഞ്ഞ ആംബുലന്‍സില്‍ രോഗി ഉള്‍പ്പെടെ ആറുപേരാണ് ഉണ്ടായിരുന്നത്. കാറില്‍ ഇടിച്ച ആംബുലന്‍സ് റോഡില്‍ മറിഞ്ഞു. ആംബുലന്‍സിലെ ഓക്‌സിജന്‍ വെന്റിലേറ്ററടക്കം റോഡില്‍ തെറിച്ചു വീണു. ആംബുലന്‍സില്‍നിന്നും ഡീസല്‍ റോഡില്‍ ചോര്‍ന്നു. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കുന്നംകുളം ഫയര്‍ഫോഴ്‌സും പൊലീസും സംഭവ സ്ഥലത്തെത്തി. അപകടത്തെ തുടര്‍ന്ന് കുന്നംകുളം -തൃശൂര്‍ റോഡില്‍ വാഹന ഗതാഗതം തടസപ്പെട്ടു. ബ്ലസി, ബ്രിട്ടോ എന്നിവര്‍ മരിച്ച പുഷ്പയുടെ മക്കളാണ്.
