രാത്രി പന്ത്രണ്ട് മണിക്ക് ശേഷം ശിവകുമാറിൻ്റെ വീട്ടിലെത്തിയ അക്രമികൾ വീട്ടുകാരെ വിളിച്ച് ഉണർത്തി ഭീഷണിപ്പെടുത്തി. ഇതിന് ശേഷമായിരുന്നു അക്രമണം

കായംകുളം: കായംകുളം എരുവയിൽ ഒരു സംഘം വീടുകയറി അക്രമം നടത്തിയതായി പരാതി. കൊച്ചയ്യത്ത് ശിവകുമാറിൻ്റെ വീടും, കാറും രണ്ട് ഇരു ചക്ര വാഹനങ്ങളുമാണ് അക്രമികൾ തല്ലിതകർത്തത്. കഴിഞ്ഞ ദിവസം അര്‍ധ രാത്രിയാണ് സംഭവം നടന്നത്. രാത്രി പന്ത്രണ്ട് മണിക്ക് ശേഷം ശിവകുമാറിൻ്റെ വീട്ടിലെത്തിയ അക്രമികൾ വീട്ടുകാരെ വിളിച്ച് ഉണർത്തി ഭീഷണിപ്പെടുത്തി. ഇതിന് ശേഷമായിരുന്നു അക്രമണം.

നിരവധി കേസ്സുകളിലെ പ്രതികളായ അയൽവാസിയും കൂട്ടാളികളുമാണ് അക്രമത്തിന് പിന്നിലെന്നാണ് ശിവകുമാറും കുടുംബവും പറയുന്നത്. അയല്‍വാസിയുമായി കുടുംബത്തിന് ചില തര്‍ക്കങ്ങള്‍ നിലവിലുണ്ട് ഇതാണ് ആക്രമണത്തിന് കാരണമെന്നുമാണ് കുടുംബം ആരോപിക്കുന്നത്. അക്രമണത്തില്‍ നാല് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ശിവകുമാർ പറഞ്ഞു. തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും കുടുംബം പൊലീസിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം വാലിയകുളങ്ങരയിലും ഒരു സംഘം വീടുകയറി ആക്രമിച്ചിരുന്നു. ഈ സംഭവത്തിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സമാനമായ മറ്റൊരു സംഭവത്തില്‍ തൃശ്ശൂർ കുന്നംകുളം ഗാന്ധി നഗറിൽ അജ്ഞാതർ വീടിന് നേരെ ആക്രമണം അഴിച്ചുവിട്ടിരുന്നു. തലപ്പിള്ളി വീട്ടിൽ വിജയകുമാറിന്റെ വീടിന്റെ ജനൽ ചില്ലുകളാണ് അജ്ഞാതർ എറിഞ്ഞുടച്ചത്. വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളും അക്രമികൾ നശിപ്പിച്ചു. കുന്നംകുളത്തെ അടുപ്പുട്ടി പെരുന്നാൾ ആഘോഷങ്ങൾക്കിടെ പുലർച്ചെ മൂന്നുമണിയോടെയായിരുന്നു ആക്രമണം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം