കല്‍പ്പറ്റ: മുപ്പൈനാട് ആപ്പാളത്ത് കടബാധ്യത മൂലം കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. ആപ്പാളം വീട്ടിയോട് വീട്ടില്‍ രാമകൃഷ്ണന്‍ (42) ആണ് മരിച്ചത്. ഇദ്ദേഹത്തെ വീട്ടിനുള്ളില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിവിധ സ്വാശ്രയ സംഘങ്ങളില്‍ നിന്ന് വ്യക്തികളില്‍ നിന്നുമായി വായ്പയെടുത്ത് ഇദ്ദേഹം കൃഷിയിറക്കിയിരുന്നു. ഇത്തരത്തില്‍ നാലുലക്ഷത്തോളം രൂപ ബാധ്യതയുള്ളതായി ബന്ധുക്കള്‍ പറഞ്ഞു. 

രാമകൃഷ്ണന്റെ വാഴക്കൃഷി വിലത്തകര്‍ച്ച മൂലം നഷ്ടത്തിലായിരുന്നു. ഇതിന്റെ നിരാശയിലായിരുന്നു ഇദ്ദേഹം. കൃഷി നഷ്ടത്തിലായതും കടബാധ്യതയുമാണ് മരണത്തിലേക്ക് നയിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞതായി മേപ്പാടി പൊലീസ് അറിയിച്ചു. പുല്‍പ്പള്ളിയില്‍ ഇതിനകം തന്നെ രണ്ട് കര്‍ഷകര്‍ കടബാധ്യത മൂലം ജീവനൊടുക്കിയിട്ടുണ്ട്. 

പുൽപ്പള്ളി ആളൂർക്കുന്ന് കുറിച്ചിപറ്റ  രാമദാസാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. നിരവധി കടബാധ്യതകളുള്ള രാംധാസിനും കുടുംബത്തിനും പലപ്പോഴും ജപ്തി നടപടികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. മകളെ വിവാഹം ചെയ്യാനെടുത്ത ലോണുള്‍പ്പെടെയുള്ള കടം രാമദാസിനുണ്ടായിരുന്നു.