Asianet News MalayalamAsianet News Malayalam

കെഎസ്ഇബി ഓഫീസിലെ മരത്തൈകള്‍ വെട്ടി കർഷകൻ; വാഴക്കൈ മുറിച്ചതിന്റെ പ്രതിഷേധമെന്ന് വിശദീകരണം

അയ്മനം കെഎസ്ഇബി ഓഫീസിനു മുന്നില്‍ നിന്ന മൂന്ന് മാവിന്‍ തൈകളും ഒരു പ്ലാവിന്‍ തൈയുമാണ് കരിപ്പൂത്തട്ട് സ്വദേശി സേവ്യര്‍ വെട്ടി നശിപ്പിച്ചത്.

Farmer cut tree saplings at aymanam kseb office joy
Author
First Published Aug 22, 2023, 2:22 AM IST

കോട്ടയം: വൈദ്യുതി ലൈനിനോട് ചേര്‍ന്നു നില്‍ക്കുന്ന ടച്ചിങ് വെട്ടുന്നതിനിടെ വാഴക്കൈ മുറിച്ചതില്‍ പ്രതിഷേധിച്ച് കര്‍ഷകന്‍ കെഎസ്ഇബി ഓഫീസിന് മുന്നിലെ മരത്തൈകള്‍ വെട്ടി നശിപ്പിച്ചു. അയ്മനം കെഎസ്ഇബി ഓഫീസിനു മുന്നില്‍ നിന്ന മൂന്ന് മാവിന്‍ തൈകളും ഒരു പ്ലാവിന്‍ തൈയുമാണ് കരിപ്പൂത്തട്ട് സ്വദേശി സേവ്യര്‍ വെട്ടി നശിപ്പിച്ചത്. കെഎസ്ഇബിക്കാരുടെ ശല്യം സഹിക്ക വയ്യാതെയാണ് മരത്തൈകള്‍ മുറിച്ചതെന്നാണ് കര്‍ഷകന്റെ വിശദീകരണം.
   
ഒന്നര ആഴ്ച മുന്‍പാണ് ടച്ചിങ് വെട്ടുന്നതിന്റെ ഭാഗമായി കെഎസ്ഇബി ജീവനക്കാര്‍ സേവ്യറിന്റെ വീട്ടു പരിസരത്തെത്തിയത്. ഈ സമയം സേവ്യര്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. ലൈനില്‍ മുട്ടുന്ന തരത്തില്‍ നിന്ന എട്ടു വാഴക്കൈകളും ഏതാനും ഓല മടലുകളും അന്ന് കെഎസ്ഇബി ജീവനക്കാര്‍ വെട്ടിമാറ്റിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ സേവ്യര്‍ അയ്മനം കെഎസ്ഇബി ഓഫീസിലെത്തി മാവിന്‍ തൈകളും പ്ലാവിന്‍ തൈകളും വെട്ടിയത്. ഒന്നര വര്‍ഷം മുന്‍പ് ഓഫീസ് ഉദ്ഘാടന സമയത് അതിഥികളായി എത്തിയവര്‍ നട്ട തൈകളാണ് സേവ്യര്‍ വെട്ടിയത്. എന്നാല്‍ ഗതികെട്ടായിരുന്നു തന്റെ പ്രതിഷേധമെന്ന് സേവ്യര്‍ പറയുന്നു. മുമ്പും ടച്ചിംഗ് വെട്ടുന്നു എന്ന പേരില്‍ തന്റെ വീട്ടിലെ കാര്‍ഷിക വിളകള്‍ കെഎസ്ഇബിക്കാര്‍ വെട്ടിയിട്ടുണ്ടെന്നും സേവ്യർ പറഞ്ഞു. സംഭവത്തില്‍ കെഎസ്ഇബി ഉദ്യോഗസ്ഥരുടെ പരാതിയില്‍ സേവ്യറിനെതിരെ പൊതുമുതല്‍ നശീകരണത്തിന് കുമരകം പൊലീസ് കേസെടുത്തു.

 സ്റ്റേഷനിലേക്ക് വിളിപ്പിച്ച ഹൃദ്രോഗിയെ പൊലീസ് മര്‍ദ്ദിച്ചെന്ന് ആരോപണം; 'കുഴഞ്ഞുവീണിട്ടും തിരിഞ്ഞുനോക്കിയില്ല' 
 

Latest Videos
Follow Us:
Download App:
  • android
  • ios