നെൽപാടത്ത് ലോകകപ്പും കഥകളി മുദ്രയും കേരള ഭൂപടവുമൊരുക്കി മൂർക്കനാട് സ്വദേശികളായ യുവകർഷകർ

തൃശ്ശൂര്‍: നെൽപാടത്ത് ലോകകപ്പും കഥകളി മുദ്രയും കേരള ഭൂപടവുമൊരുക്കി മൂർക്കനാട് സ്വദേശികളായ യുവകർഷകർ. മൂർക്കനാട് സ്വദേശികളായ ഏറാട്ടുപറമ്പിൽ ജോഷിയും കരിയാട്ടിൽ സിജോയും ചേർന്ന് കരുവന്നൂർ പൈങ്കിളി പാടത്താണ് നെൽകൃഷിക്കിടയിൽ ദൃശ്യവിസ്മയമൊരുക്കിയത്. 

പച്ചയും കടുത്ത വയലറ്റ് ഞാറുകളും പ്രത്യേക രീതിയിൽ ഇടകലർത്തി നട്ടു വളർത്തി വലുതാക്കിയാണ് ചിത്രങ്ങൾ വിരിയിച്ചത്. തൃശ്ശൂർ ജില്ലയിൽ ആദ്യമായാണ് പാഡി ആർട്ട് ഒരുക്കുന്നതെന്ന് ജോഷിയും സിജോയും പറഞ്ഞു. നാസർ ബാത്ത്, കാലാബാത്ത് എന്നീ വിത്തിനങ്ങളാണ് പാഡി ആർട്ട് ഒരുക്കാൻ ഉപയോഗിച്ചത്. 

വയനാട് സ്വദേശിയും പ്രമുഖ ജൈവകർഷകനുമായ ജോൺസൺ മാസ്റ്ററിൽ നിന്നാണ് വിത്തുകൾ ശേഖരിച്ചത്. കേരളത്തിൻ്റെ ഭൂപടം ,ഖത്തർ വേൾഡ് കപ്പ് 2022 ,കഥകളി മുദ്ര എന്നിവയ്ക്കൊപ്പം കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ഇരിങ്ങാലക്കുട മണ്ഡലത്തിൽ നടപ്പാക്കുന്ന "പച്ചക്കുടയുടെ" മുദ്രയും പാഡി ആർട്ടിലുണ്ട്. പാഡി ആ‍ര്‍ട്ടിന്റെ ആകാശ ദൃശ്യങ്ങൾ ഏവര്‍ക്കും മികച്ചൊരു കാഴ്ചാനുഭവം തന്നെ സമ്മാനിക്കുന്നുണ്ട്. പച്ചയിൽ വയലറ്റുമായി കഥകളി മുദ്രയും ലോകകപ്പ് ചിഹ്നവും ചിത്രീകരിക്കുമ്പോൾ പച്ചയിലാണ് കേരളം തീര്‍ത്തിരിക്കുന്നത്. പുത്തൻതോടുള്ള ആർട്ടിസ്റ്റ് രവിയാണ് പാടത്ത് ഈ മാതൃകകൾ ഒരുക്കുന്നതിനുള്ള രൂപരേഖ വിത്തിടുന്നതിന് മുമ്പ് വരച്ച് തയ്യാറാക്കിയത്. 

Read more: മലമ്പുഴയിൽ ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം, ഒന്നും രണ്ടുമല്ല പതിനഞ്ചിലേറെ കാട്ടാനകൾ !

ഒടിഞ്ഞ കയ്യുമായി ഓടി വിശാൽ നേടിയത് സ്വർണം.

കലവൂർ: ഒടിഞ്ഞ കയ്യുമായി ഓടി വിശാൽ നേടിയത് സ്വർണം. കലവൂരിൽ നടക്കുന്ന ജില്ലാ കേരളോത്സവത്തിൽ 400 മീറ്റർ ഓട്ടത്തിലാണ് തുറവൂർ നെടുമ്പള്ളിൽ വീട്ടിൽ വിശാൽ ഒന്നാം സ്ഥാനം നേടിയത്. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിനെ പ്രതിനിധീകരിച്ചെത്തിയതായിരുന്നു വിശാൽ. ക്രിക്കറ്റ് പരിശീലനത്തിനിടെ വീണാണ് വലതു കൈ ഒടിഞ്ഞത്. 

100 മീറ്റർ ഓട്ടത്തിൽ മൂന്നാം സ്ഥാനം നേടിയ വിശാൽ 400 മീറ്റർ റിലേയിലും പങ്കെടുത്തു. സ്കൂൾ തലം മുതൽ വിവിധ കായിക മത്സരങ്ങളിൽ പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ചേർത്തല എൻഎസ്എസ് കോളജിലെ ബികോം അവസാനവർഷ വിദ്യാർഥിയാണ്. കായികാധ്യാപകൻ തിലകന്റെ കീഴിലാണ് പരിശീലനം.