ഏക്കറുകണക്കിന് വരുന്ന കാപ്പിത്തോട്ടങ്ങളും ആള്‍താമസമില്ലാത്ത ഇടത്തരം തോട്ടങ്ങളിലുമാണ് മോഷ്ടാക്കള്‍ കണ്ണുവെക്കുന്നത്. അതത് പ്രദേശങ്ങളില്‍ ഉള്ളവര്‍ തന്നെയാണ് വിളമോഷ്ടാക്കളെന്നും എന്നാല്‍ മോഷ്ടിച്ച ഉല്‍പ്പന്നം വില്‍പ്പന നടത്തുന്നത് മറ്റിടങ്ങളില്‍ കൊണ്ടുപോയാണെന്നും കര്‍ഷകര്‍ പറയുന്നു.

കല്‍പ്പറ്റ: വയനാട്ടില്‍ അടക്ക, കാപ്പി, കുരുമുളക് തുടങ്ങിയ വില താരതമ്യേന കൂടുതലായ ഉല്‍പ്പന്നങ്ങളുടെ വിളവെടുപ്പ് കാലമാണിത്. എന്നാല്‍ കാല്‍ഷികോല്‍പ്പന്നങ്ങള്‍ പറിച്ചെടുക്കാന്‍ തൊഴിലാളികളെയും കൂട്ടി ഉടമ തോട്ടത്തിലെത്തുമ്പോഴായിരിക്കും ഹൃദയഭേദക കാഴ്ച കാണുക. കാപ്പിത്തോട്ടങ്ങളിലും മറ്റും കടന്ന് വിളകള്‍ മോഷ്ടാക്കള്‍ കൊണ്ടുപോകുന്നത് പതിവായിരിക്കുകയാണ്. വിളയാകുന്നത് വരെ വന്യമൃഗങ്ങള്‍ക്ക് കാവലിരുന്ന കര്‍ഷകര്‍ കുരുമുളകും അടക്കയും മോഷ്ടിക്കുന്നവരെ കണ്ടെത്താൻ പകല്‍ പോലും കാവല്‍ നില്‍ക്കുകയാണ് പലയിടത്തും. 

ഗുണ്ടല്‍പേട്ട് തോട്ടങ്ങളിലെ സമാന രീതിയാണ് വയനാട്ടില്‍ പലയിടത്തുമെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഏക്കറുകണക്കിന് വരുന്ന കാപ്പിത്തോട്ടങ്ങളും ആള്‍താമസമില്ലാത്ത ഇടത്തരം തോട്ടങ്ങളിലുമാണ് മോഷ്ടാക്കള്‍ കണ്ണുവെക്കുന്നത്. അതത് പ്രദേശങ്ങളില്‍ ഉള്ളവര്‍ തന്നെയാണ് വിളമോഷ്ടാക്കളെന്നും എന്നാല്‍ മോഷ്ടിച്ച ഉല്‍പ്പന്നം വില്‍പ്പന നടത്തുന്നത് മറ്റിടങ്ങളില്‍ കൊണ്ടുപോയാണെന്നും കര്‍ഷകര്‍ പറയുന്നു. പല വിധ രീതികളാണ് മോഷ്ടാക്കള്‍ പ്രയോഗിക്കുന്നത്. ഉയരം കുറഞ്ഞ കമുകിലെ മൂപ്പെത്താത്ത അടയ്ക്കാ കുലകള്‍ നിലത്തുനിന്നു ചെത്തിയെടുത്താണ് ഒരു തോട്ടത്തില്‍ മോഷണം നടന്നത്. 

ബത്തേരി, പുല്‍പള്ളി, ഇരുളം, വെള്ളമുണ്ട, കാഞ്ഞിരങ്ങാട്, മേപ്പാടി, വാഴവറ്റ തുടങ്ങിയ പ്രദേശങ്ങളില്‍ കാര്‍ഷികവിളകള്‍ കവര്‍ന്നെടുത്ത സംഭവം ഉണ്ടായി. ഇന്നലെ പുല്‍പ്പള്ളി കാപ്പിക്കുന്ന് അമ്പലത്തിന് സമീപത്തെ തോട്ടത്തില്‍ നിന്ന് സ്ഥിരമായി കാപ്പി മോഷ്ടിച്ച് കടത്തുന്ന സംഘത്തിലെ അഞ്ച് പേരെ നാട്ടുകാര്‍ ഒളിച്ചിരുന്ന് പിടികൂടിയതാണ് ഇതില്‍ ഒടുവിലുണ്ടായ സംഭവം. ആദിവാസിവിഭാഗത്തില്‍ ഉള്ളവരെയാണ് പിടികൂടിയിരിക്കുന്നത്. ഈ സംഭവത്തില്‍ ഓട്ടോറിക്ഷയിലുണ്ടായിരുന്നു രണ്ടുപേര്‍ രക്ഷപ്പെട്ടെന്ന് പറയുന്നുണ്ട്. രക്ഷപ്പെട്ട പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് നാട്ടുകാരും പൊലീസും. 

ആദിവാസികളെ ഉപയോഗിച്ച് രക്ഷപ്പെട്ടവരാണോ മോഷണം ആസൂത്രണം ചെയ്തത് എന്ന കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്. ബത്തേരി നായ്‌ക്കെട്ടിക്കടുത്ത പ്രദേശങ്ങളില്‍ വാഴത്തോട്ടത്തില്‍ ഇടവിളയായി ചെയ്ത മുളകും തക്കാളിയും കാബേജുമടക്കമുള്ളവ സ്ഥിരമായി മോഷ്ടാക്കള്‍ കൊണ്ടുപോയിരുന്നു. എന്നാല്‍ വേലിയും കാവലിരിപ്പും തുടങ്ങിയതിന് ശേഷം ഇതിന് കുറവുണ്ടെന്ന് കര്‍ഷകനായ ബാലന്‍ പറഞ്ഞു. അടക്ക മോഷണം മാസങ്ങള്‍ക്ക് മുമ്പ് തന്നെ തുടങ്ങിയിട്ടുണ്ട്. ചീയമ്പം, ഇരുളം, മാതമംഗലം പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മോഷണമുണ്ടായി. അടയ്ക്ക, ഇഞ്ചി, വാഴക്കുല, തേങ്ങ തുടങ്ങി കിട്ടുന്ന വിളകളെല്ലാം കള്ളന്മാര്‍ കൊണ്ടുപോകുകയാണ്. 

വിളമോഷണത്തില്‍ പൊറുതിമുട്ടിയ കര്‍ഷകരുടെ കൂട്ടായ്മ മലഞ്ചരക്ക് വ്യാപാരി പ്രതിനിധികളെ കണ്ട് മോഷ്ടാക്കളെ പിടികൂടാന്‍ സഹായിക്കണമെന്ന കാര്യവും ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളില്‍ പരിചയമില്ലാത്തവരും സ്ഥിരമായി ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരാത്തവരും വിളകളെത്തിച്ചാല്‍ വിശദമായി അന്വേഷണം നടത്തിയതിന് ശേഷമെ വാങ്ങാന്‍ പാടുള്ളുവെന്നാണ് വ്യാപാരികളോട് കര്‍ഷക കൂട്ടായ്മ ആവശ്യപ്പെട്ടിരിക്കുന്നത്. അതേ സമയം മലഞ്ചരക്കു കടകളും മോഷ്ടാക്കള്‍ ലക്ഷ്യമിടുന്നുണ്ട്. അടുത്തിടെ കാഞ്ഞിരങ്ങാട്ടുള്ള മലഞ്ചരക്കുകട കുത്തിത്തുറന്ന് ഒന്‍പത് ചാക്ക് കുരുമുളകാണ് കടത്തിയത്. 

തോണിച്ചാലിലെ കടയിലെത്തിയും നാല് ചാക്ക് കുരുമുളക് മോഷ്ടിച്ചിരുന്നു. കാര്‍ഷിക വിളകള്‍ പരിചരിക്കാന്‍ ഉപയോഗിക്കുന്ന മോട്ടോര്‍ പമ്പുകളും പൈപ്പുകളും കൊണ്ടുപോകുന്ന കള്ളന്മാരും വയനാട്ടില്‍ വിലസുന്നുണ്ട്. വിള മോഷ്ടാക്കളെ പിടികൂടുന്നതിന് പോലീസിന് പരിമിതിയുണ്ട്. കാടുപിടിച്ചു കിടക്കുന്ന തോട്ടങ്ങളില്‍ നിരീക്ഷണം നടത്തുന്നതും പോലീസിനെ സംബന്ധിച്ച് പ്രായോഗികമല്ല. മിക്ക തോട്ടങ്ങള്‍ പ്രധാന റോഡുകളില്‍ നിന്ന് ഉള്ളിലുമാകും. ഇക്കാരണത്താല്‍ മോഷ്ടാക്കള്‍ക്കായി കര്‍ഷകര്‍ തന്നെ സംഘം ചേര്‍ന്ന് കാവലിരിക്കാനാണ് തീരുമാനം.

Read More :  'ബലാത്സംഗ കേസ് പിൻവലിക്കാൻ അമ്മയോട് പറയണം'; പ്രതിയുടെ ഭീഷണി, എതിർത്ത 17കാരിക്ക് നേരെ ആസിഡ് ആക്രമണം