മകന്റെ രോഗ വിവരം അറിഞ്ഞ് കൂട്ടിരിപ്പിനായിട്ടാണ് ഫിലിപ്പ് ജോണും ഭാര്യ അന്നമ്മയും ബാംഗ്ലൂരിലെത്തിയത്. മാര്‍ച്ച് ആറിന് ഫിലിപ്പ് ജോണിന് രക്ത സമ്മര്‍ദ്ദം കൂടി പക്ഷാഘാതമുണ്ടായി.
മാന്നാർ: സംസാരശേഷി നഷ്ടപ്പെട്ട മകന്റെ ചികിത്സയ്ക്കായി ബാംഗ്ലൂരിലെത്തിയഅച്ഛന് പക്ഷാഘാതം പിടിപ്പെട്ടു. ചെന്നിത്തല പഞ്ചായത്ത് ഊട്ടുകണക്കില്‍ ഫിലിപ്പ് ജോണിനാണ് (56) പക്ഷാഘാതം പിടിപ്പെട്ടത്. ശരീരം തളര്‍ന്ന ഇയാളെ സജി ചെറിയാന്‍ എംഎല്‍എ ഇടപ്പെട്ടാണ് ബാംഗ്ലൂരില്‍ നിന്നും നാട്ടിലെത്തിച്ചത്.
ജന്മനാ സംസാരശേഷി നഷ്ടപ്പെട്ട മകന്‍ ബിജോയി (32) യും, മരുമകള്‍ സെന്റീനയും (24) മൂന്നു വര്‍ഷമായി ബാംഗ്ലൂരിലാണ് താമസം. വൈറ്റ് ഫീല്‍ഡ് ഐടി കമ്പിനിയിലെ ജീവനക്കാരനായ ബിജോയിക്ക് മാര്‍ച്ച് രണ്ടിന് പക്ഷാഘാതം പിടിപ്പെട്ടു. മകന്റെ രോഗ വിവരം അറിഞ്ഞ് കൂട്ടിരിപ്പിനായിട്ടാണ് ഫിലിപ്പ് ജോണും ഭാര്യ അന്നമ്മയും ബാംഗ്ലൂരിലെത്തിയത്. മാര്‍ച്ച് ആറിന് ഫിലിപ്പ് ജോണിന് രക്ത സമ്മര്‍ദ്ദം കൂടി പക്ഷാഘാതമുണ്ടായി. ശരീരം തളര്‍ന്ന ഇയാളെ സമീപത്തുള്ള വൈദേഹി ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയ്ക്ക് വിധേയനാക്കി.
കൊവിഡിന്റെ പഞ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഈ കുടുംബത്തിന് നാട്ടിലെത്താനുള്ള വഴിയടഞ്ഞു. എങ്ങനെയെങ്കിലും കുടുംബത്തെ നാട്ടിലെത്തിക്കണമെന്ന് കരുണയുടെ പ്രവര്‍ത്തകരും സിപിഐഎം പ്രവര്‍ത്തകരും സജി ചെറിയാന്‍ എല്‍എല്‍എ സമീപിക്കുകയും, അദ്ദേഹം സംഭവം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു. ഉടന്‍തന്നെ രോഗികളടങ്ങിയ കുടുംബത്തിന് നാട്ടിലെത്തുവാനുള്ള അവസരം ഒരുക്കി നല്‍കി.
ബാംഗ്ലൂരില്‍ നിന്ന് രോഗികളുമായി തിങ്കളാഴ്ച വൈകിട്ട് കേരള സമാജം കമനഹള്ളി ആംബുലന്‍സില്‍ വളയാര്‍ വഴി 16 മണിക്കൂര്‍ സഞ്ചരിച്ച് (ഇന്ന്) ചൊവ്വാഴ്ച 10.30ന് ചെന്നിത്തലയില്‍ എത്തി.
