അനത്താരകൾ അടഞ്ഞതോടെ ആനയിറങ്കൽ മേഖലയിൽ ഒറ്റപ്പെട്ട 23 കാട്ടാനകളും ഇവരുടെ കുട്ടിയാനകളുമാണ് ആദിവാസികൾക്ക് ഭീഷണിയായി മാറിയിരിക്കുന്നത്.

ഇടുക്കി: വേനലാരംഭിച്ചതോടെ ചിന്നക്കനാൽ മുന്നൂറ്റിയൊന്ന് കോളനിയിലെ ആദിവാസകൾക്ക് (Tribes) ഉറക്കമില്ലാത്ത രാത്രികളാണിപ്പോൾ. എതു സമയത്തും കാട്ടാനക്കൂട്ടം (Wild Elephants) ആക്രമിക്കുമെന്നതിനാൽ ജീവൻ കയ്യിൽ പിടിച്ചാണിവർ കഴിയുന്നത്. കാട്ടാനയെ പേടിച്ച് വീടുകള്‍ക്ക് മുകളിൽ കുടില്‍ കെട്ടിയാണിവർ രാത്രി കാവലിരിക്കുന്നത്. ചിന്നക്കനാലിലെ മുന്നൂറ്റിയൊന്ന് കോളനിക്കടുത്ത് മിക്ക ദിവസവും ഇങ്ങനെയാണ്. 

ആനയിറങ്കൽ ഡാമിൽ നിന്ന് വെള്ളം കുടിക്കാനാണ് ഇവരെല്ലാം എത്തുന്നത്. എപ്പോൾ വേണമെങ്കിലും ഒറ്റക്കോ കൂട്ടമായോ ആദിവാസി കുടിയിലേക്ക് കയറി വരും. ചില്ലിക്കൊമ്പനെപ്പോലെ അപകടകാരികളാണേറെയും. വീടുകൾക്കടുത്തേക്കെത്തുന്നത് തടയാൻ ഫെന്‍സിംഗും കിടങ്ങുമൊന്നുമില്ല. വീടിന് മുന്നിൽ തീകത്തിച്ചാണ് പ്രതിരോധം തീര്‍ക്കുന്നത്.

അനത്താരകൾ അടഞ്ഞതോടെ ആനയിറങ്കൽ മേഖലയിൽ ഒറ്റപ്പെട്ട 23 കാട്ടാനകളും ഇവരുടെ കുട്ടിയാനകളുമാണ് ആദിവാസികൾക്ക് ഭീഷണിയായി മാറിയിരിക്കുന്നത്. ആനയെ നിരീക്ഷിക്കാന്‍ ഇരുപത്തി നാല് മണിക്കൂറും ജീവനക്കാരെ വനം വകുപ്പ് നിയോഗിച്ചിട്ടുണ്ട്.

ആദിവാസികളെ ഒഴിപ്പിച്ച് ഇവിടം ആനപ്പാർക്കുണ്ടാക്കാൻ വനം വകുപ്പ് നടപടി തുടങ്ങിയിരുന്നു. എന്നാൽ എതിർപ്പു മൂലം ഇത് നടപ്പായില്ല. അതിനാൽ രാത്രി കാലത്ത് കാട്ടന കൂട്ടത്തെ ജനവാസ മേഖലയിലേയ്ക്ക് തുരത്തി വിടുന്നതായും പരാതിയുണ്ട്. ആദിവാസികളുടെ ഉന്നമനത്തിനായി കോടികള്‍ ചിലവഴിക്കുന്ന അധികൃതർ പക്ഷേ ഇവരുടെ ദുരിതത്തിന് പരിഹാരം കാണാൻ തയ്യാറാകുന്നുമില്ല.