ഫുട്‌ബോള്‍ ലോകകപ്പ് മത്സരങ്ങളുമായി ബന്ധപ്പെട്ട് ബ്രസീല്‍-അര്‍ജന്റീന ആരാധകര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കം അതിരുകടന്ന് അവസാനിച്ചത് കൈയ്യാങ്കളിയിലും വീടിന് നേരെയുണ്ടായ ആക്രമണത്തിലും. കോഴിക്കോട് കുറ്റിക്കാട്ടൂരിലാണ് അനിഷ്ടസംഭവങ്ങളുണ്ടായത്.

കോഴിക്കോട്: ഫുട്‌ബോള്‍ ലോകകപ്പ് മത്സരങ്ങളുമായി ബന്ധപ്പെട്ട് ബ്രസീല്‍-അര്‍ജന്റീന ആരാധകര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കം അതിരുകടന്ന് അവസാനിച്ചത് കൈയ്യാങ്കളിയിലും വീടിന് നേരെയുണ്ടായ ആക്രമണത്തിലും. കോഴിക്കോട് കുറ്റിക്കാട്ടൂരിലാണ് അനിഷ്ടസംഭവങ്ങളുണ്ടായത്. 'വേള്‍ഡ് കപ്പ് 2026' എന്ന പേരിലുള്ള വാട്‌സാപ്പ് കൂട്ടായ്മയിലെ അംഗങ്ങള്‍ തമ്മിലുള്ള വാക്പോരാണ് പിന്നീട് വീടാക്രമണത്തിലും മര്‍ദ്ദനത്തിലും കലാശിച്ചത്. ഇതുസംബന്ധിച്ച് കുറ്റിക്കാട്ടൂര്‍ സ്വദേശി മുഹമ്മദ് ഷാനിസ് കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസിന് നല്‍കിയ പരാതിയില്‍ കേസെടുത്തതായാണ് ലഭിക്കുന്ന വിവരം.

കഴിഞ്ഞ ദിവസം രാത്രിയാണ് പ്രശ്‌നങ്ങളുണ്ടായത്. ബ്രസീല്‍ ആരാധകരും അര്‍ജന്റീന ആരാധകരും തമ്മില്‍ വാട്സാപ്പ് ഗ്രൂപ്പില്‍ വാക്കുതര്‍ക്കമുണ്ടായി. പ്രിയ ടീമുകളെ പിന്തുണച്ച് നടന്ന ചര്‍ച്ചയാണ് പിന്നീട് വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് എത്തിയത്. ഇതിന് പിന്നാലെ രാത്രി 10.30ഓടെ അര്‍ജന്റീന ആരാധകരായ രണ്ട് യുവാക്കള്‍ മുഹമ്മദ് ഷാനിസും സുഹൃത്തും താമസിക്കുന്ന വീടുകളിലെത്തുകയും ഇരുവരെയും മര്‍ദിക്കുകയും വീട്ടുപകരണങ്ങള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. വീടിന്റെ മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് പൂര്‍ണമായും തകര്‍ന്നതായി പരാതിയില്‍ സൂചിപ്പിക്കുന്നു. ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയതോടെയാണ് അക്രമികള്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടത്.