തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസ സഹായത്തിനുള്ള നോട്ടീസ് വിതരണത്തെ ചൊല്ലി പൊതുഭരണ സെക്രട്ടറിയും സെക്രട്ടേറിയറ്റിലെ ഇടത് യൂണിയനും തമ്മിൽ തർക്കം. ജോലി സമയത്ത് നോട്ടീസ് നൽകാൻ ഓഫീസിലെത്തിയ യൂണിയൻ നേതാക്കളോട് സെക്രട്ടറി ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടു. എന്നാൽ ഈ നിർദ്ദേശം തള്ളിയ നേതാക്കൾ നോട്ടീസ് വിതരണം ചെയ്തു.

പൊതുഭരണ സെക്രട്ടറി ബിശ്വനാഥ് സിൻഹയും സെക്രട്ടേറിയറ്റിലെ ഇടത് അനുകൂല യൂണിയനും തമ്മിൽ ഏറെനാളായി തർക്കത്തിലായിരുന്നു. യൂണിയന്റെ ആവശ്യപ്രകാരം മാറ്റിയ പൊതുഭരണ സെക്രട്ടറിയെ മുഖ്യമന്ത്രി ഇടപെട്ടാണ് വീണ്ടും തിരികെ കൊണ്ടുവന്നത്. ഇതിനെതിരെ യൂണിയൻ നോട്ടീസും ഇറക്കിയിരുന്നു. ചില യൂണിയൻ നേതാക്കള്‍ക്കെതിരെ സെക്രട്ടറി അച്ചടക്ക നടപടി സ്വീകരിച്ചതോടെ ശീതയുദ്ധം ശക്തമായി. ഇനിതിനിടെയാണ് പ്രളയ ദുരിതാശ്വാസ സഹായം ശേഖരിക്കുന്നതിന്റെ നോട്ടീസുമായി യൂണിയൻ പ്രവർത്തകർ പൊതുഭരണ സെക്രട്ടറിയുടെ ഓഫീസിലെത്തിയത്.

സെക്രട്ടറിയുടെ ഓഫീസിലെ ജീവനക്കാർക്ക് നോട്ടീസ് വിതരണം ചെയ്യുന്നത് ബിശ്വനാഥ് സിൻഹ തടഞ്ഞതോടെ വാക്കുത്തർക്കമായി. ജോലി സമയത്ത് സംഘടനാ പ്രവർത്തനം അനുവദിക്കില്ലെന്നായിരുന്നു സെക്രട്ടറിയുടെ നിലപാട്. പക്ഷേ സെക്രട്ടറിയുടെ എതിർപ്പ് അവഗണിച്ചും യൂണിയൻ നേതാക്കൾ നോട്ടീസ് വിതരണം ചെയ്തു.

പൊതുഭരണ സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിക്ക് യൂണിയൻ പരാതി നൽകി. വരും ദിവസങ്ങളിലും ദുരിതാശ്വാസ നിധിയിലേക്കുള്ള ധനശേഖരണവും പ്രചാരണ പരിപടികളും ഓഫീസ് സമയത്ത് സംഘടിപ്പിക്കുമെന്നും യൂണിയൻ നേതാക്കൾ പറയുന്നു. അതേസമയം, ഓഫീസ് സമയത്ത് പ്രചാരണം പാടില്ലെന്ന നിലവിലെ ചട്ടം പാലിക്കുക മാത്രമാണ് ചെയ്തതെന്നാണ് ബിശ്വനാഥ് സിൻഹയുടെ വിശദീകരണം.