സഹോദരി ആരെയോ വിഡിയോ കോൾ ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്നെന്നാണ് കൊലപാതകമെന്നാണ് പൊലീസ് എഫ്ഐആർ.
തിരുവനന്തപുരം: മണ്ണന്തലയിൽ യുവതിയെ സഹോദരൻ അടിച്ചുകൊന്ന സംഭവത്തിൽ സഹോദരന്‍റെ സുഹൃത്തിന്‍റെ പങ്ക് അന്വേഷിച്ച് പൊലീസ്. പോത്തൻകോട് അയിരൂപ്പാറ സ്വദേശിനി ഷെഫീന(33)യായിരുന്നു ഇന്നലെ സഹോദരന്‍റെ മർദനത്തിൽ മരിച്ചത്. സംഭവത്തിന് പിന്നാലെ സഹോദരൻ ഷംഷാദ്, സുഹൃത്ത് ചെമ്പഴന്തി സ്വദേശി വിശാഖ് എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. വിശാഖിന് കൊലപാതകത്തിൽ നേരിട്ടു പങ്കുണ്ടോ എന്ന കാര്യം പൊലീസ് പരിശോധിക്കുകയാണ്. ഇതിനായി സംഭവ സ്ഥലത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ് പൊലീസ്.
സഹോദരി ആരെയോ വിഡിയോ കോൾ ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്നെന്നാണ് കൊലപാതകമെന്നാണ് പൊലീസ് എഫ്ഐആർ. മറ്റൊരു കേസിൽ ഒളിവിൽ കഴിയാനാണ് പ്രതിയായ ഷംഷാദ് മണ്ണന്തലയിൽ വാടകയ്ക്കു വീടെടുത്തതെന്നും പൊലീസ് കണ്ടെത്തി. ഇക്കഴിഞ്ഞ 14നാണ് പോത്തൻകോട് പന്തലക്കോട് സ്വദേശികളായ കുടുംബം മണ്ണന്തലയിലെ അപ്പാർട്ട്മെന്‍റ് രണ്ടു ദിവസത്തേക്ക് വാടകയ്‌ക്കെടുത്തത്. പ്രതിയായ ഷംസാദിന് ശസ്ത്രക്രിയയ്ക്ക് വേണ്ടിയാണെന്നായിരുന്നു ഉടമയോട് പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് ഓരോ കാരണങ്ങൾ പറഞ്ഞ് താമസം നീട്ടി.
ചെമ്പഴന്തി അണിയൂരിൽ വച്ചുള്ള അടിപിടി കേസിൽ ഉൾപ്പെട്ട ഷംഷാദ് ഒളിവിൽ കഴിയാനാണ് താമസം മാറിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. സംശയം തോന്നാതിരിക്കാൻ ചികിത്സാ ആവശ്യത്തിനെന്ന് പറഞ്ഞു സഹോദരി ഷെഫീനയെയും ഒപ്പം കൂട്ടുകയായിരുന്നു. ഇവിടെവച്ച് ഷെഫീന വിഡിയോ കോൾ ചെയ്യുന്നതു കണ്ടതാണു പ്രകോപന കാരണമെന്ന് ഷംഷാദ് മൊഴി നൽകിയിട്ടുണ്ട്. ഭർത്താവുമായി അകന്ന് കഴിയുന്ന സഹോദരിയുടെ കുടുംബജീവിതം തകർന്നത് വീഡിയോ കോൾ മൂലമാണെന്നും ഇയാൾ സംശയിച്ചു.
ഇന്നലെ വൈകുന്നരം മദ്യപിച്ചെത്തിയ ഷംസാദ്, കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ സഹോദരിയെ അസഭ്യം വിളിച്ച് മർദ്ദിക്കുകയായിരുന്നു. ഇതിനിടെ വീട്ടിലെത്തിയ മാതാപിതാക്കൾ അബോധാവസ്ഥയിൽ കിടക്കുന്ന ഷെഫീനയെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചപ്പോൾ പ്രതി മനഃപൂര്‍വം തടയാൻശ്രമിച്ചെന്നും എഫ്ഐആറില്‍ പറയുന്നു. പിന്നാലെയാണ് മാതാപിതാക്കൾ പൊലീസിനെ വിവരമറിയിക്കുന്നത്. പൊലീസ് എത്തിയപ്പോൾ തൊട്ടടുത്ത മുറിയിൽ ഷംസാദും സുഹൃത്ത് വിശാഖും മദ്യലഹരിയിലായിരുന്നു. പിന്നാലെ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


