രാഷ്ട്രീയപാർട്ടികളുടെ അഭിപ്രായം കൂടി ആരാഞ്ഞ ശേഷം മെയ് അഞ്ചിന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും.

മലപ്പുറം: ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന നിലമ്പൂർ നിയമസഭാ മണ്ഡലത്തിലെ അന്തിമ വോട്ടർപട്ടിക പ്രഖ്യാപിക്കുന്നതിനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. വോട്ടര്‍ പട്ടികയുടെ സുതാര്യതയും കൃത്യതയും ഉറപ്പാക്കുന്നതിനായി ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ മുഖാന്തിരം വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട അവകാശവാദങ്ങളുടെയും ആക്ഷേപങ്ങളുടെയും പട്ടിക രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ക്ക് കൈമാറി.

വോട്ടര്‍ പട്ടികയില്‍ പുതുതായി ഉള്‍പ്പെടുത്തിയവര്‍, പട്ടികയില്‍ നിന്നും നീക്കംചെയ്യാനുള്ള അപേക്ഷകള്‍, വിവരങ്ങള്‍ തിരുത്താനുള്ള അപേക്ഷകള്‍, പിഡബ്ല്യുഡി അടയാളപ്പെടുത്തലുകള്‍, വിലാസമാറ്റ അപേക്ഷകള്‍ എന്നിവയെല്ലാം ഉള്‍പ്പെട്ട പട്ടികകളാണ് കൈമാറിയത്. ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസറുടെ നോട്ടീസ് ബോര്‍ഡിലും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെയും മലപ്പുറം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെയും വെബ്‌സൈറ്റുകളിലും ഇവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രാഷ്ട്രീയപാർട്ടികളുടെ അഭിപ്രായം കൂടി ആരാഞ്ഞ ശേഷം മെയ് അഞ്ചിന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും.