കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധനത്തിനിടെ ബോട്ട് അപകടത്തിൽ മരിച്ച രാജീവൻ, രാധാകൃഷ്ണൻ എന്നിവരുടെ കുടുംബങ്ങൾക്ക് സർക്കാർ ധനസഹായം നൽകി. ദുരന്തപ്രതികരണ നിധിയിൽ നിന്ന് 4 ലക്ഷം രൂപ വീതമാണ് ആശ്രിതരുടെ അക്കൗണ്ടുകളിലേക്ക് കൈമാറിയത്. ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ നടപടികൾ വേഗത്തിലാക്കിയാണ് തുക വിതരണം ചെയ്തത്.
കൊല്ലം: മത്സ്യബന്ധനത്തിനിടെ ബോട്ട് അപകടത്തില്‍ ജീവന്‍ നഷ്ടമായ നീണ്ടകര പൂമുഖത്ത് വീട്ടില്‍ രാജീവന്‍, മരുമകന്‍ രാധാകൃഷ്ണന്‍ എന്നിവരുടെ ആശ്രിതര്‍ക്ക് ദുരന്തപ്രതികരണ നിധിയില്‍ നിന്നുള്ള സമാശ്വാസ ധനസഹായമായ 4 ലക്ഷം രൂപ വീതം കൈമാറി. സര്‍ക്കാര്‍ നിര്‍ദേശാനുസരണം ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്തിയാണ് ധനസഹായവിതരണം സാധ്യമാക്കിയത്.
മരണപ്പെട്ട രാജീവന്റെ ഭാര്യ സുമംഗലയുടെയും രാധാകൃഷ്ണന്റെ ഭാര്യ രേഷ്മയുടെയും അക്കൗണ്ടുകളിലേക്കാണ് തുക കൈമാറിയത്. ധനസഹായം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിന്റെ പകര്‍പ്പ് അഡിഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എസ് സജീദ് മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് കൈമാറി. ജൂലൈ 31ന് രാവിലെ നീണ്ടകര പുലിമുട്ടിനു സമീപം 'ശ്രീകൃഷ്ണ ഭഗവാന്‍' എന്ന വള്ളമാണ് അപകടത്തില്‍പ്പെട്ടത്. കരുനാഗപ്പള്ളി തഹസില്‍ദാര്‍ ബോസ് ഫ്രാന്‍സിസ്, കലക്ട്രേറ്റ് ദുരന്തനിവാരണ വിഭാഗം സൂപ്രണ്ട് കെ എം ഷഫീക്ക്, ജില്ലാ ഹസാഡ് അനലിസ്റ്റ് പ്രേം ജി പ്രകാശ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ എം ഡാനിയേല്‍, മറ്റ് റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായി.


