കേസില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരേ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിനിടയിലാണ് ഉവൈസ് വിദേശത്തേക്ക് കടന്നത്
കോഴിക്കോട്: കൊടുവള്ളി ആവിലോറയില്‍ പന്ത്രണ്ടുകാരനായ വിദ്യാര്‍ത്ഥിയെ മോഷണക്കുറ്റം ആരോപിച്ച് മര്‍ദ്ദിച്ച സംഭവത്തില്‍ കേസില്‍ ഉള്‍പ്പെട്ട ബന്ധു വിദേശത്തേക്ക് കടന്നു. കൊടുവള്ളി സ്വദേശിയായ ഉവൈസ് ദുബൈയിലേക്ക് കടന്നതായാണ് ലഭിക്കുന്ന വിവരം. കോഴിക്കോട് വിമാനത്താവളം വഴിയാണ് ഇയാള്‍ രാജ്യം വിട്ടത്. ഉവൈസിന്റെ പിതാവ് റസാഖ്, മാതാവ് സീനത്ത് എന്നിവര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കേസില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരേ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിനിടയിലാണ് ഉവൈസ് വിദേശത്തേക്ക് കടന്നത്. വാച്ച് മോഷ്ടിച്ചെന്നാരോപിച്ചാണ് കുട്ടിയെ പിതാവിന്റെ സഹോദരനും കുടുംബവും ക്രൂരമായി മര്‍ദ്ദിച്ചത്. നഖത്തിനുള്ളില്‍ ഈര്‍ക്കില്‍ കയറ്റിയും മുറിവുകളില്‍ മുളക് വെള്ളം ഒഴിച്ചും കുട്ടിയെ പീഡിപ്പിച്ചിരുന്നു. അതിനിടെ പ്രശ്നം ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമം നടന്നിരുന്നതായും വിവരം പുറത്തുവന്നിരുന്നു. കുട്ടിക്ക് സൈക്കിള്‍ വാങ്ങി നല്‍കാമെന്നും പണം നല്‍കാമെന്നുമടക്കം വാഗ്ദാനം നല്‍കിയെന്നാണ് വിവരം. സംഭവദിവസം രാത്രിയാണ് പൂട്ടിയിട്ട മുറിയില്‍ നിന്നും രക്ഷപ്പെട്ട കുട്ടി പൊലീസ് സ്റ്റേഷനിലെത്തി കാര്യങ്ങള്‍ പറഞ്ഞത്. കുട്ടി സ്റ്റേഷനിലെത്തിയപ്പോള്‍ പിതാവുമായി പൊലീസ് ബന്ധപ്പെടുകയായിരുന്നു.


