കനിവ് 108 ആംബുലൻസ് സാമ്പത്തിക സഹായം നൽകി അനുവദിച്ചു; ശമ്പള വിതരണം നടത്താൻ കഴിയില്ലെന്ന് കരാർ കമ്പനി
കഴിഞ്ഞ ദിവസമാണ് കരാർ കമ്പനിക്ക് അടിയന്തര സാമ്പത്തിക സഹായമായി പത്തു കോടി രൂപ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ അനുവദിച്ചത്
കൊച്ചി: കനിവ് 108 ആംബുലൻസ് സർവീസിന് അടിയന്തര സാമ്പത്തിക സഹായം നൽകി സർക്കാർ. എന്നാൽ, 90 കോടി രൂപ കുടിശ്ശിക ഉള്ളതിനാൽ ലഭിച്ച തുക അപര്യാപ്തമാണെന്നും അതിനാൽ ശമ്പള വിതരണം നടത്താൻ കഴിയില്ലെന്നുമാണ് കരാർ കമ്പനി പറയുന്നത്. പദ്ധതിയിൽ നിന്ന് പിന്മാറുന്നതിന് കരാർ കമ്പനി നിയമപരമായി നടപടികൾ ആരംഭിച്ചെന്നും നവംബർ അഞ്ചിന് പദ്ധതി അവസാനിക്കുമെന്നും ആരോപണം. ഇതോടെ 1400 ഓളം ജീവനക്കാര്‍ തൊഴിൽ നഷ്ടമാകുമെന്ന ആശങ്കയിലാണ്.
കഴിഞ്ഞ ദിവസമാണ് കരാർ കമ്പനിക്ക് അടിയന്തര സാമ്പത്തിക സഹായമായി പത്തു കോടി രൂപ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ അനുവദിച്ചത്. എന്നാൽ 90 കോടി രൂപയോളം ഇപ്പോഴും കുടിശ്ശിക തുടരുന്നതിനാൽ ജീവനക്കാർക്ക് സെപ്റ്റംബർ മാസത്തെ ശമ്പളം നൽകാൻ കഴിയില്ല എന്ന നിലപാടിലാണ് സ്വകാര്യ കമ്പനി എന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. ഡിസംബർ മുതൽ നൽകിയ ബിൽ തുകയിൽ കുടിശ്ശിക വന്നതിനാൽ ദൈനംദിന പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താൻ കഴിയുന്നില്ല എന്ന നിലപാടിലാണ് സ്വകാര്യ കമ്പനി.
നിലവിൽ സർക്കാരിൽ നിന്ന് ലഭിച്ച തുക മാസങ്ങളായി മുടങ്ങി കിടക്കുന്ന ആംബുലൻസുകളുടെ വായ്പാതുക, ഇന്ധന കുടിശിക, വാഹനങ്ങളുടെ അറ്റകുറ്റപണികളുടെ കുടിശിക, ഓക്സിജൻ, മരുന്നുകൾ വാങ്ങിയതിലെ കുടിശിക ഉൾപ്പടെയുള്ളവ തീർക്കാൻ വേണ്ടി മാത്രം തികയൂ എന്നും അതിനാൽ ശമ്പളം നൽകാൻ കഴിയില്ല എന്നുമാണ് കരാർ കമ്പനിയുടെ വാദം.
സംസ്ഥാന സർക്കാരിന്‍റെ 60 ശതമാനം വിഹിതം ലഭ്യമാക്കുന്നതിന് ധനകാര്യവകുപ്പിന്‍റെ അനുമതി ലഭിക്കുന്നതിലുള്ള കാലതാമസമാണ് പദ്ധതിയുടെ സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാന കാരണമായി പറയുന്നത്. 2024 - 25 സാമ്പത്തിക വർഷത്തിൽ ആരോഗ്യ വകുപ്പ് ഡയറക്ടർ മുഖേന സംസ്ഥാന സർക്കാർ നൽകേണ്ട 70 കോടിയിലേറെ രൂപയുടെ വിഹിതം ഇതുവരെയും കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന് നൽകിയിട്ടില്ല. ദേശീയ ആരോഗ്യ ദൗത്യത്തിന്‍റെ 40 ശതമാനം വിഹിതം ലഭിക്കുന്നതിൽ കാലതാമസം ഉണ്ടാകുന്നതും പദ്ധതിയുടെ നടത്തിപ്പിനെ ബാധിച്ചിട്ടുണ്ട്.
ഇതിനിടയിൽ പദ്ധതിയിൽ നിന്ന് പിന്മാറുന്നതിന് കരാർ കമ്പനി നിയമപരമായ നടപടികൾ ആരംഭിച്ചെന്നും നവംബർ അഞ്ചിന് കരാർ കമ്പനി പദ്ധതി അവസാനിപ്പിക്കുന്നതായി വിവരം ലഭിച്ചു എന്നും തൊഴിലാളി യൂണിയൻ അറിയിച്ചതായി ജീവനക്കാർ പറയുന്നു. ഇത് സംബന്ധിച്ച് കരാർ കമ്പനി അറിയിപ്പുകൾ നൽകിയിട്ടില്ല എന്നും വ്യക്തമായ മറുപടി നൽകുന്നില്ല എന്നും ജീവനക്കാർ ആരോപിക്കുന്നു.
ഉടനടി സർക്കാർ ഇടപെട്ട് ജീവനക്കാരുടെ ശമ്പളം നൽകുന്നതിനും തൊഴിൽ സുരക്ഷ ഉറപ്പാക്കുന്നതിലും
നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകാനാണ് തൊഴിലാളി യൂണിയനകളുടെ തീരുമാനം. ഡ്രൈവർമാർ, നേഴ്സുമാർ ഉൾപ്പെടെ 1400 ഓളം ജീവനക്കാരാണ് കനിവ് 108 ആംബുലൻസ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ഉടനീളം ജോലി ചെയ്യുന്നത്. ഹൈദരാബാദ് ആസ്ഥാനമായ ഇഎംആർഐ ഗ്രീൻ ഹെൽത്ത് സർവീസസ് എന്ന സ്വകാര്യ കമ്പനിക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. ആംബുലൻസുകൾ ജീവനക്കാർ കൺട്രോൾ റൂം ഉൾപ്പെടെ എല്ലാ സംവിധാനങ്ങളും ഈ സ്വകാര്യ കമ്പനിയാണ് ഒരുക്കിയിരിക്കുന്നത്. അതിനാൽ തന്നെ പദ്ധതി പെട്ടെന്ന് അവസാനിച്ചാൽ സമയബന്ധിതമായി ബദൽ സംവിധാനം ഒരുക്കുന്നതിന് സർക്കാർ ബുദ്ധിമുട്ട് നേരിടും എന്നാണ് വിലയിരുത്തൽ.
എന്നാൽ സർവീസ് നിർത്തുന്നതുമായി ബന്ധപ്പെട്ട് കരാർ കമ്പനിയിൽ നിന്ന് യാതൊരു തരത്തിലുമുള്ള ഔദ്യോഗിക അറിയിപ്പുകൾ ലഭിച്ചിട്ടില്ല എന്നും കരാർ പുതുക്കി നൽകുന്ന നടപടികൾ നടക്കുകയാണെന്നും കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ അധികൃതർ വ്യക്തമാക്കി. പുതിയ ടെൻഡർ വിളിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും സാങ്കേതിക തടസ്സങ്ങൾ കാരണമാണ് കരാർ നീട്ടി നൽകുന്നത് വൈകിയത് എന്നും ഇത് സംബന്ധിച്ച് അടുത്തുകൂടുന്ന ബോർഡ് മീറ്റിങ്ങിൽ തീരുമാനം ഉണ്ടാകുമെന്നും കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ അധികൃതർ വ്യക്തമാക്കി. സെപ്റ്റംബർ മാസത്തെ ശമ്പളം വൈകിയതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കരാർ കമ്പനിക്കെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം