''മുത്തപ്പന്‍ കുന്നിന്റെ ഏതാണ്ട് അമ്പത് ഏക്കറോളം പ്രദേശം മൂന്ന് ഭാഗങ്ങളായി ഇടിഞ്ഞ് പതിനഞ്ച് ഏക്കറോളം വരുന്ന ഒരു സമതല പ്രദേശം രൂപപ്പെട്ടിരിക്കുന്നു. അങ്ങിങ്ങായി മരങ്ങള്‍ വീണു കിടക്കുന്നു. ചിലയിടങ്ങില്‍ വീടുകളുടെ അവശിഷ്ടങ്ങള്‍..''
മലപ്പുറം: കവളപ്പാറ ദുരന്തത്തിന്റെ വാര്‍ഷികദിനത്തില്‍ ഓര്‍മ്മകുറിപ്പുമായി മലപ്പുറത്തെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ ഇ.കെ അബ്ദുല്‍ സലിം. വിവരം അറിഞ്ഞ് ഉച്ചയോടെയാണ് സംഭവസ്ഥലത്ത് ആദ്യ രക്ഷാപ്രവര്‍ത്തക സംഘത്തിന് എത്താനായതെന്നും അവിശ്വസനീയമായിരുന്നു ആദ്യ കാഴ്ചയെന്നും അബ്ദുല്‍ സലിം പറഞ്ഞു. കനത്തമഴയിലും മണ്ണിടിച്ചിലിലും രക്ഷാപ്രവര്‍ത്തനം വെല്ലുവിളി നിറഞ്ഞതായിരുന്നെന്നും അനുഭവങ്ങള്‍ പങ്കുവച്ച് അബ്ദുല്‍ സലിം പറഞ്ഞു. യോദ്ധാക്കളെ യാത്രയാക്കും പോലെയാണ് കവളപ്പാറയിലെ ജനങ്ങള്‍ രക്ഷാപ്രവര്‍ത്തകരെ യാത്രയാക്കിയതെന്നും പക്ഷേ ഇനിയും കണ്ടെത്താനാവാത്ത പതിനൊന്ന് പേര്‍ ഒരു നെരിപ്പോടായി ഓരോ സേനാംഗത്തിന്റെ മനസിലുണ്ടെന്നും അബ്ദുല്‍ സലിം ഫേസ്ബുക്കില്‍ കുറിച്ചു.
അബ്ദുല്‍ സലിം ഫേസ്ബുക്കില്‍ കുറിച്ചത്: മരണം മഴയായ് പെയ്തിറങ്ങിയ ആ ആഗസ്റ്റ് എട്ടിന്റെ ഓര്‍മ്മയില്‍ ....വിനോബഭാവെയുടെ നേതൃത്വത്തില്‍ ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി ദാനം ചെയ്യാനുള്ള ഭൂദാന്‍ പ്രസ്ഥാനത്തില്‍ രാജ്യം മുഴുവന്‍ ആകൃഷ്ടരായ കാലം. നിലമ്പൂര്‍ കോവിലകം ആയിരം ഏക്കര്‍ ഭൂമിയാണ് ദാനം ചെയ്യാന്‍ തയ്യാറായത്. ഈ ചരിത്ര സംഭവത്തിന് സാക്ഷിയാവാന്‍ സാക്ഷാല്‍ ജവഹര്‍ലാല്‍ നെഹ്രു തന്നെ നിലമ്പൂരിലെത്തി. 1955 ഡിസംബര്‍ 27 ന് നിലമ്പൂരിലെ ആദിവാസി വിഭാഗത്തില്‍ പെട്ടവരുടെ പ്രതിനിധിയായ ചൈരന്‍ മുത്തന് ഭൂമി കൈമാറി അന്നത്തെ പ്രധാനമന്ത്രിയാണ് ഈ ചടങ്ങ് ഉദ്ഘാടനം ചെയ്തത്.നൂറ്റി നാല്‍പ്പത് കുടുംബങ്ങള്‍ക്കാണ് അന്ന് ഭൂമി കിട്ടിയത്. ഈ പ്രദേശമാണ് കഴിഞ്ഞ വര്‍ഷം കവളപ്പാറയില്‍ ഒരൊറ്റ രാത്രി കൊണ്ട് കേരളത്തിന്റെ കണ്ണീരായ ഭൂദാനം കോളനി.
നിലമ്പൂരില്‍ ദുരിതം വിതച്ച് 2018 ല്‍ പെയ്തിറങ്ങിയ പെരുമഴയില്‍ നിന്ന് പാഠങ്ങളുള്‍ക്കൊണ്ട് മുന്നൊരുക്കങ്ങള്‍ നടത്തി നാട്ടുകാരുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും കമ്യൂണിറ്റി റസ്‌ക്യു വളണ്ടിയര്‍മാരുടെയും സഹായത്തോടെ രക്ഷാപ്രവര്‍ത്തനം നടത്തി 1630 ഓളം പേരെ സുരക്ഷിത സ്ഥലങ്ങളിലെത്തിച്ച് പ്രളയത്തില്‍ ഒരു ജീവന്‍ പോലും നഷ്ടപ്പെട്ടിട്ടില്ല എന്ന ആശ്വാസത്തോടെ ഇരിക്കുമ്പോഴാണ് പോത്തുകല്‍ പഞ്ചായത്തിലെ കവളപ്പാറയില്‍ ഭൂദാനം കോളനി പ്രദേശത്ത് ഉരുള്‍പൊട്ടി മുപ്പതിലധികം വീടുകള്‍ തകര്‍ന്ന് അറുപതോളം പേരെ കാണാതായി എന്ന വിവരം നിലമ്പൂര്‍ ഫയര്‍ സ്റ്റേഷനിലറിയുന്നത്. വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ പാടെ തകര്‍ന്നതിനാലും റോഡുകള്‍ പ്രളയജലത്തില്‍ മുങ്ങിഈ പ്രദേശം പുറംലോകവുമായി തീര്‍ത്തും ഒറ്റപ്പെട്ടതിനാലും ദുരന്തത്തിന്റെ ശരിയായ ചിത്രംപുറത്തറിയുന്നത് 9. 8.2019 ന് രാവിലെയാണ്. സംഭവമറിഞ്ഞയുടനെ തന്നെ പ്രളയ രക്ഷാപ്രവവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി നിലമ്പൂര്‍ നിലയത്തില്‍ തലേ ദിവസം തന്നെ എത്തിച്ചേര്‍ന്ന പാലക്കാട് റീജ്യണല്‍ ഫയര്‍ ഓഫീസര്‍ ശ്രീ.വി. സിദ്ദകുമാര്‍ മലപ്പുറം ജില്ലാ ഫയര്‍ ഓഫീസര്‍ ശ്രീ.മൂസാ വടക്കേതില്‍ എന്നിവരുടെ നേതൃത്വത്തില്‍ അന്‍പതോളം പേരടങ്ങുന്ന ആദ്യ സംഘം വിവിധ വാഹനങ്ങളിലായി സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു.
ദുരന്തം സംഭവിച്ച സ്ഥലത്തേ റോഡുകള്‍ മിക്കതും അപ്പോഴും പ്രളയജലത്തില്‍ മുങ്ങിക്കിടക്കുകയായിരുന്നു. കൂടാതെ ചിലയിടങ്ങളില്‍ പാലങ്ങള്‍ പോലും തകര്‍ന്ന സ്ഥിതിയും നിലമ്പൂരില്‍ നിന്നും ഏകദേശം മുപ്പത് കിലോമീറ്റര്‍ ദൂരമാണ് കവളപ്പാറയിലേക്കുള്ളത്. കരുളായി വഴി അമ്പത് കിലോമീറ്ററോളം ദൂരം ചുറ്റി സഞ്ചരിച്ചാണ് സേന ദുരന്തഭൂമിയിലേക്ക് യാത്ര തുടര്‍ന്നത്. വഴിയില്‍ പനങ്കയം പാലം കവിഞ്ഞൊഴുകി മരങ്ങളും മണ്ണും പാലത്തില്‍ വന്നടിഞ്ഞ് യാത്ര തടസ്സപ്പെട്ടു. ചെയിന്‍ സോ ഉപയോഗിച്ച് മരങ്ങള്‍ മുറിച്ച് മാറ്റി മണ്ണുമാന്തിയന്ത്രങ്ങള്‍ ലഭ്യമാക്കി മരങ്ങള്‍ നീക്കം ചെയ്ത് ഏറെ ശ്രമകരമായ പ്രവര്‍ത്തനങ്ങളോടെയാണ് യാത്ര തുടരാനായത്. വഴിയില്‍ മിക്ക ഇടങ്ങളും മരങ്ങള്‍ വീണ് തടസ്സപ്പെട്ട് കിടക്കുകയായിരുന്നു. ഉച്ചയോടെയാണ് സംഭവസ്ഥലത്ത് ആദ്യ രക്ഷാപ്രവര്‍ത്തക സംഘത്തിന് എത്താനായത്! അവിശ്വസനീയമായിരുന്നു ആദ്യ കാഴ്ച....
മുത്തപ്പന്‍ കുന്നിന്റെ ഏതാണ്ട് അമ്പത് ഏക്കറോളം പ്രദേശം മൂന്ന് ഭാഗങ്ങളായി ഇടിഞ്ഞ് പതിനഞ്ച് ഏക്കറോളം വരുന്ന ഒരു സമതല പ്രദേശം രൂപപ്പെട്ടിരിക്കുന്നു. അങ്ങിങ്ങായി മരങ്ങള്‍ വീണു കിടക്കുന്നു. ചിലയിടങ്ങില്‍ വീടുകളുടെ അവശിഷ്ടങ്ങള്‍ കാണാം.... രണ്ടിടങ്ങളിലായി മണ്ണ് അടര്‍ന്ന് വീഴാതെ പച്ചത്തുരുകള്‍ പോലെ പ്രദേശവും അവിടെ ചില വീടുകളും കാണുന്നു. അറുപതോളം മനുഷ്യ ജീവനുകള്‍ ഒന്ന് നിലവിളിക്കാന്‍ പോലുമാകാതെ മണ്ണിലമര്‍ന്ന് പോയയാഥാര്‍ത്ഥ്യത്തോട്‌പൊരുത്തപ്പെടാന്‍ കുറച്ച് സമയമെടുത്തു.
ഒരിറ്റു കണ്ണുനീര്‍ വാര്‍ക്കാന്‍ പോലും ഒരാളുമവശേഷിക്കാത്ത വിധം കുടുംബങ്ങള്‍ ഒന്നടങ്കം മണ്ണിനടിയില്‍ അകപ്പെട്ട വിവരം ഞെട്ടലോടെയാണ് കേട്ടത്. എങ്ങും പ്രതീക്ഷയോടെ രക്ഷാപ്രവര്‍ത്തകരുടെ ഓരോ നീക്കങ്ങള്‍ക്കും സഹായവുമായി നാട്ടുകാരും മരണപ്പെട്ടവരുടെ ബന്ധുക്കളും..മഴ അപ്പോഴും ശക്തമായി തുടരുന്നുണ്ടായിരുന്നു. ഏത് സമയത്തും തുടര്‍ന്നും ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലും സാധ്യതയുള്ളതായി നാട്ടുകാര്‍ ഓര്‍മ്മിപ്പിച്ച് കൊണ്ടിരുന്നു. പരിക്കേറ്റവരേയും തകര്‍ന്ന കെട്ടിടങ്ങങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ അകപ്പെട്ടവരേയും നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് എത്തിച്ചിരുന്നു. അത് കൊണ്ട് തന്നെ ജീവനോടെ ആരും അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇല്ലെന്ന ധാരണയില്‍ എത്താനായി.
പല റോഡുകളും ശക്തമായ മലവെള്ളപ്പാച്ചിലിനെഅതിജീവിച്ചതാണ്, മണ്ണ് ഒഴുകിപ്പോയി അപകടസ്ഥിതിയിലുമാണ്. കൂടാതെ പനങ്കയം പാലം കൈവരികള്‍ തകര്‍ന്ന് ബലക്ഷയം സംഭവിച്ച് ഗതാഗതം നിയന്ത്രിച്ച് നിര്‍ത്തിയ അവസ്ഥയും, കൂടുതല്‍ മണ്ണുമാന്തിയന്ത്രങ്ങള്‍ എത്തിക്കുക അസാധ്യം. പ്രദേശം മുഴുവന്‍ മണ്ണിടിഞ്ഞ് വീണ് ചതുപ്പായി മാറിയതിനാല്‍ പ്രൊക്ലൈനര്‍ കൊണ്ട് മാത്രമേ രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിക്കുമായിരുന്നുള്ളൂ. ലോറിയില്‍ ഇവ കയറ്റി പനങ്കയം പാലത്തിലൂടെ മറുകര എത്തിക്കാനാവുമെന്ന് ഉറപ്പില്ല. പിക്കാക്‌സും മണ്‍വെട്ടിയും ഷവലുമൊക്കെ ഉപയോഗിച്ച് മണ്ണ് നീക്കി റോസിനോട് ചേര്‍ന്ന ഭാഗത്ത് പുറത്ത് കാണുന്ന കെട്ടിടങ്ങള്‍ക്കിടയില്‍ ആരെയെങ്കിലും പുറത്തെടുക്കാനായിരുന്നു ആദ്യ ശ്രമം! എന്നാല്‍ ഈ ശ്രമം വിജയം കണ്ടില്ല. തുടര്‍ന്ന് പരിസരത്ത് ലഭ്യമായ ഒരു മണ്ണുമാന്തിയന്ത്രം സ്ഥലത്തെത്തിച്ച് നാട്ടുകാര്‍ ആളുകളെ രക്ഷിച്ച വീടിന്റെ തകര്‍ന്ന് വീണ സ്ലാബുകള്‍ നീക്കിയപ്പോള്‍ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്താനായി...തുടര്‍ന്ന് ശക്തമായ മഴയെ തുടര്‍ന്ന് തിരച്ചില്‍ തുടരാനായില്ല. രണ്ടാം ദിവസമായ 10.8.19 ന് രക്ഷാപ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ തന്നെ ശക്തമായ മഴ തുടരുന്നുണ്ടായിരുന്നു. വീടിന്റെ അവശിഷ്ടങ്ങള്‍ കാണുന്ന റോഡിനോട് ചേര്‍ന്ന പ്രദേശങ്ങളില്‍ നേരത്തേ മൃതദേഹങ്ങള്‍ കിട്ടിയ പ്രദേശത്തായിരുന്നു തിരച്ചില്‍ മറ്റിടങ്ങളില്‍ മുപ്പതടിയോളം മണ്ണ് വന്ന് നിറഞ്ഞ് ചതുപ്പ് നിലങ്ങളായി മാറിയിരുന്നു. ആളുകള്‍ക്കോ മണ്ണുമാന്തിയന്ത്രങ്ങള്‍ക്കോ പ്രവേശിക്കാന്‍ പറ്റാത്ത അപകടകരമായ അവസ്ഥ.
അതിനിടയില്‍ കുന്നിടിഞ്ഞ് വീണ് ഒരു തുരുത്തായി ഒറ്റപ്പെട്ട സ്ഥലത്ത് വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒരു കുഞ്ഞ് ജീവനോടെയിരിക്കുന്നു എന്ന് ആരോ സംശയം പ്രകടിപ്പിച്ചു. ശക്തമായ മഴ വീണ്ടും മണ്ണ് അടര്‍ന്ന് വീഴാനുള്ള സാധ്യത നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നുമുണ്ട്. എങ്കിലും മലപ്പുറം ജില്ലാ ഫയര്‍ ഓഫീസര്‍ മൂസാ വടക്കേ തിലിന്റെ നേതൃത്വത്തില്‍ പതിനഞ്ച് പേരടങ്ങുന്ന ഒരു സംഘം കോണ്‍ഗ്രീറ്റ് കട്ടര്‍ ചെയിന്‍ സോഡി മോളിഷിംഗ് ഹാമര്‍ തുടങ്ങിയ ഉപകരണങ്ങളുമായി വളരെ അപകടകരമായ രീതിയില്‍ ചതുപ്പ് നിലങ്ങള്‍ നിറഞ്ഞ പ്രദേശങ്ങള്‍ കൈകോര്‍ത്ത് പിടിച്ച് മറികടന്ന് നാട്ടുകാരുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും സഹായത്തോടെ മരങ്ങള്‍ മുറിച്ചിട്ട് ഉരുള്‍പ്പൊട്ടല്‍ മൂലംഒഴുകിയെത്തിയ ജലം മൂലം രൂപപ്പെട്ട അരുവിയില്‍ ശക്തമായ ഒഴുക്കിനെ മറികടന്ന് സാഹസികമായി സംഭവസ്ഥലത്ത് എത്തിച്ചേര്‍ന്നു. പരിശോധന നടത്തി ജീവനോടെ ആരുമില്ലെന്ന് ഉറപ്പ് വരുത്തി. പെട്ടൊന്ന് ഉരുള്‍പൊട്ടലുണ്ടായ പ്രദേശത്ത് വീണ്ടും മലയിടിഞ്ഞ് വീഴുന്നതിന്റെ ദൃശ്യങ്ങള്‍ നാട്ടുകാരുടെ ശ്രദ്ധയില്‍ പെടുകയും പോലീസ് അപായ സൂചന നല്‍കുകയും ചെയ്തു. മലപ്പുറം ജില്ലാ ഫയര്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ജീവന്‍ തന്നെ അപകടത്തിലാവുന്ന അവസ്ഥ! കടന്ന് വരേണ്ടത് വലിയ ആഴത്തിലുള്ള ചതുപ്പ് നിലങ്ങള്‍ ശക്തമായ മഴ അരുവിയിലെ നീരൊഴുക്ക് കൂടി ക്കൊണ്ടിരിക്കുന്നു. ആകെ പ്രാണഭയത്താലുള്ള വെപ്രാളം !എന്തും സംഭവിക്കാം! മാധ്യമ പ്രവര്‍ത്തക്കും നാട്ടുകാരും പോലീസും ഓടി മറയുന്നു. എന്തോ ദൈവാധീനം പോലെ മഴയൊന്ന് കുറഞ്ഞു മണ്ണിടിഞ്ഞ ഭാഗം പിന്നീട് ഇടിഞ്ഞ് താഴ്ന്നില്ല. രക്ഷാ സേനാംഗങ്ങള്‍ സുരക്ഷിത സ്ഥാനത്തെത്തി.മണിക്കൂറുകളോളം രക്ഷാപ്രവര്‍ത്തനം തടസ്സപ്പെട്ടു.
പിന്നീട് പടിഞ്ഞാറ് വശത്ത് മുതദേഹങ്ങള്‍ നേരത്തേ കണ്ടെടുത്ത സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചായി രക്ഷാപ്രവര്‍ത്തനം ! വെള്ളം കൊണ്ടുന്ന മണ്ണ് വെള്ളം കൊണ്ട് തന്നെ നീക്കം ചെയ്യുന്നതിനുള്ള പുതിയ പരീക്ഷണവും നടത്തി സേനയുടെ ഫ്‌ലോട്ട് പമ്പ് ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് മണ്ണ് ഒഴുക്കിക്കളഞ്ഞ് കെട്ടിടാവശിഷ്ടങ്ങള്‍ പുറത്തെടുക്കാനായി ശ്രമം .ഇത് വന്‍ വിജയമായി. തകര്‍ന്ന കെട്ടിടങ്ങളിലെ സ്ലാബുകളും ബീമുകളും പുറത്ത് വന്നതോടെ മണ്ണുമാന്തിയന്ത്രങ്ങളുടെ സഹായത്തോടെ അത് ഉയര്‍ത്തി തിരച്ചില്‍ നടത്താന്‍ എളുപ്പമായി. വൈകുന്നേരത്തോടെ ആറ് മൃതദേഹങ്ങള്‍ ഒന്നിച്ച് ഒരു വീട്ടില്‍ നിന്ന് ഇങ്ങനെ കണ്ടെത്താനായി. മഴ ശക്തമായതോടെ അന്ന് തിരച്ചില്‍ അവസാനിപ്പിച്ചു.
പ്രളയഭീതിയൊഴിഞ്ഞ് റോഡ് ഗതാഗതം സുഗമമായി. പ്രദേശത്തിന്റെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകള്‍ ബോധ്യപ്പെട്ടതോടെ കൂടുതല്‍ മണ്ണുമാന്തിയന്ത്രങ്ങളേയും ജീവനക്കാരേയും സംഭവസ്ഥലത്തേക്ക് എത്തിച്ച് തിരച്ചില്‍ തുടരാനായി പിന്നീടുള്ള ശ്രമം ബഹു.ഡയറക്ടര്‍ ജനറലുടെ നിര്‍ദ്ദേശപ്രകാരം കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്ന് ഓഫീസര്‍മാരേയും ജീവനക്കാരേയും സംഭവസ്ഥലത്തെത്തിച്ച് ഇന്‍സിഡന്റ് കമാന്റ് സിസ്റ്റത്തിന് രൂപം നല്‍കി. പിന്നീട് നടന്നത് കേരളാ ഫയര്‍ &റസ്‌ക്യു സര്‍വ്വീസസിന്റെ ചരിത്രത്തിലെ തങ്കലിപികളില്‍ എഴുതപ്പെടേണ്ട ചരിതം!
നിലമ്പൂര്‍ ഫയര്‍ സ്റ്റേഷന്‍ ബേസ് ക്യാമ്പ് ആയി സൗകര്യങ്ങളൊരുക്കി.പാലക്കാട് റീജിയണല്‍ ഫയര്‍ ഓഫീസര്‍ ശ്രീ.വി. സിദ്ധകുമാര്‍ ഇന്‍സിഡന്റ് കമാണ്ടറായും മലപ്പുറം ജില്ലാ ഫയര്‍ ഓഫീസര്‍ ശ്രീ.മൂസാ വടക്കേതില്‍ പാലക്കാട് ജില്ലാ ഫയര്‍ ഓഫീസര്‍ ശ്രീ.അരുണ്‍ ഭാസ്‌കര്‍ എന്നിവരെ സെക്റ്റര്‍ കമാണ്ടര്‍മാരായും നിയോഗിച്ചു. ആറ് സ്റ്റേഷന്‍ ഓഫീസര്‍മാരെ സെര്‍ച്ച് പോയിന്റ് സോണല്‍ ഓഫീസര്‍മാരായി നിയമിച്ച് പതിനഞ്ച് പേരടങ്ങുന്ന സേനാംഗങ്ങളെ വര്‍ക്കിംഗ് ഗ്രൂപ്പായി വിന്യസിച്ചു. ഓരോ സ്റ്റേഷന്‍ ഓഫീസര്‍മാര്‍ക്ക് തന്നെ കണ്‍ട്രോള്‍ റും ഡിസ്ട്രിബ്യൂഷന്‍, ഫ്യൂവല്‍ ഡിസ്ട്രിബ്യൂഷന്‍, ഫുഡ് സപ്ലൈ എന്നിങ്ങനെ പ്രത്യേക ചുമതലകള്‍ നല്‍കി.അവര്‍ക്ക് കീഴിലും പതിനഞ്ച് വര്‍ക്കിംഗ് ഗ്രൂപ്പിനെ നല്‍കി.ഓരോ ഗ്രൂപ്പിലും പ്രദേശത്തെ ഭൂമി ശാസ്ത്രമായ പ്രത്യേകതകള്‍ അറിയുന്ന നിലമ്പൂര്‍ നിലയത്തിലെ ജീവനക്കാരേയും മുന്‍ ദിവസങ്ങളില്‍ സെര്‍ച്ച് ചെയ്യുന്നതില്‍ പങ്കാളിയായ ജീവനക്കാരേയും ഉള്‍പ്പെടുത്തി.രാവിലെ ബേസ് ക്യാമ്പില്‍ നിന്ന് തന്നെ ഓരോരുത്തര്‍ക്കും ചുമതലകള്‍ വീതിച്ച് നല്‍കി.വൈകീട്ട് തിരിച്ചെത്തിയ ശേഷം വിലയിരുത്തലുകള്‍ നടത്തി പുതിയ പദ്ധതികള്‍ക്കായി ചര്‍ച്ച ചെയ്ത് തീരുമാനമെടുത്തു, അതോടെ എണ്ണയിട്ട യന്ത്രം പോലെ രക്ഷാപ്രവര്‍ത്തനം മുഴുവന്‍ കരുത്തുമായി പ്രവര്‍ത്തിച്ച് തുടങ്ങി.
അത്യാവശ്യ സാധനങ്ങളും മണ്ണുമാന്തിയന്ത്രങ്ങള്‍ക്കുള്ള ഇന്ധനങ്ങളും ഓരോ സെര്‍ച്ച് പോയിന്റുകളിലും എത്തിക്കുക എന്നത് വന്‍ വെല്ലുവിളിയായിരുന്നു. നാല്‍പ്പത് അടി വരേ താഴ്ചയുള്ള ചതുപ്പു പ്രദേശങ്ങള്‍ രൂപപ്പെട്ടതിന് പുറമേ ശക്തമായ മായ മഴയും മണ്ണുമാന്തിയന്ത്രങ്ങള്‍ തിരഞ്ഞ് മാറ്റിയിടുന്നു മണ്‍കൂമ്പാരങ്ങള്‍ വേറെയും. മരങ്ങള്‍ ചെയിന്‍ സോ ഉപയോഗിച്ച് മുറിച്ച് ചതുപ്പ് നിലങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ പാകിയാണ് മണ്ണുമാന്തിയന്ത്രങ്ങള്‍ക്ക് പാതയൊരുക്കിത് എങ്കിലും പല തവണ യന്ത്രങ്ങള്‍ ചളിയില്‍ പുതഞ്ഞ് മണിക്കൂറുകള്‍ തിരച്ചില്‍ മുടങ്ങി. മറ്റു യാന്ത്രങ്ങളുടെ സഹായത്തോടെ വലിച്ചുയര്‍ത്തിയാണ് ജോലി തുടരാനായത്.
അലീനയെന്ന പെണ്‍പെണ്‍കുട്ടി കുരുങ്ങിക്കിടക്കുന്നതായി ഉരുള്‍പൊട്ടലില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട പിതാവ് വിക്ടര്‍ ചൂണ്ടിക്കാട്ടിയ വീടിന് അടിയില്‍ പരിശോധന നടത്തുന്നതായിരുന്നു ഒരു ദൗത്യം! കോണ്‍ഗ്രീറ്റ് കട്ടറുപയോഗിച്ച് സ്‌ളാബുകള്‍ മുറിച്ച് ഷിയേര്‍സിന്റെ സഹായത്തോടെ കമ്പികള്‍ അറുത്ത് മാറ്റി അലീന കിടക്കുന്ന സ്ഥലത്തി. കരളലിയിപ്പിക്കുന്ന കാഴ്ചയായിരുന്നു കണ്ടത്. രക്ഷപ്പെട്ട പിതാവ് വിക്റ്ററിന്റെ വിരല്‍തുമ്പില്‍ നിന്നാണ് അലീനയെന്ന ആറ് വയസ്സ് കാരിയുടെ ദേഹത്തേക്ക് കെട്ടിടത്തിന്റെ ബീം തകര്‍ന്ന് വീണത് ! രക്ഷക്കായ് നീട്ടിയ കരങ്ങളുമായി ആ പിഞ്ചു കുഞ്ഞിന്റെ കിടപ്പ് കണ്ട് പിതാവ് വാവിട്ട് കരഞ്ഞപ്പോള്‍ രക്ഷാ പ്രവര്‍ത്തകരും സന്നദ്ധ പ്രവര്‍ത്തകരും കണ്ണു തുടക്കുന്നത് കണ്ടു. ഒപ്പം അലീനയുടെ പേരെഴുതി ഒരു പാവക്കുട്ടി ആ മണ്ണില്‍ പുതഞ്ഞ് കിടക്കുന്നു..വീണ്ടും മഴ ശക്തിയായി മണ്ണുമാന്തിയന്ത്രങ്ങളും സേനാംഗങ്ങളും സന്നദ്ധ പ്രവര്‍ത്തകരും പലപ്പോഴും ചേറില്‍ പുതഞ്ഞു പോയി. സുരക്ഷ മുന്‍നിര്‍ത്തിബഡ്ഡി രീതിയില്‍ രണ്ട് പേര്‍ ചേര്‍ന്ന് മാത്രം പ്രവര്‍ക്കാന്‍ നിര്‍ദ്ദേശം നല്‍കിയത് കൊണ്ട് മാത്രമാണ് പലരും അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. പിന്നീട് ഓരോ ദിവസങ്ങളും അഞ്ചും ആറും മൃതദേഹങ്ങള്‍ പല പോയിന്റുകളില്‍ നിന്ന് ലഭിച്ച് തുടങ്ങി.. കണ്ടെത്തിയ മൃതദേഹങ്ങള്‍ പലതും അഴുകി തിരിച്ചറിയാനാകാത്ത വിധത്തിലായിരുന്നു. ദുര്‍ഗന്ധം കാരണം ബന്ധുക്കള്‍ വരേ മാറി നില്‍ക്കുന്ന സ്ഥിതിയായിരുന്നു പലപ്പോഴും. കണ്ടെത്തിയ മൃതദേഹങ്ങള്‍ ചിലപ്പോള്‍ മൃതദേഹത്തിന്റെ ഭാഗങ്ങള്‍ പൊതിഞ്ഞ് കെട്ടി സ്‌ട്രെക്ചറില്‍ എടുത്ത് വഴുവഴുപ്പുള്ള പ്രദേശങ്ങളും ചതുപ്പുനിലങ്ങളും കടന്ന് ആമ്പുലന്‍സിലേക്ക് എത്തിക്കുന്നത് ഏറെ ദുഷ്‌കരമായിരുന്നു. സന്നദ്ധ പ്രവര്‍ത്തകര്‍പ്പൊപ്പം പത്തിരുപത് പേര്‍ കൈകള്‍ ചേര്‍ത്തു പിടിച്ച് ആമ്പുലന്‍സില്‍ എത്തിക്കുന്ന കാഴ്ചശ്വാസമടക്കിപ്പിടിച്ചാണ് പലരും നോക്കിയിരുന്നത്. പോസ്റ്റ്മോര്‍ട്ടവും ശവസംസ്‌കാരച്ചടങ്ങുകളുംകഴിഞ്ഞ് ശ്മശാനം വരേ സേനാംഗങ്ങളും സന്നദ്ധ പ്രവര്‍ത്തകരും മൃതദേഹങ്ങളെത്തിച്ചു.
ഇടക്ക് ഗ്രൗണ്ട് പെനിട്രേറ്റിംഗ് റഡാര്‍ സിസ്റ്റവുമായി ഹൈദരാബാദില്‍ നിന്ന് വിദഗ്ധര്‍ എത്തിയെങ്കിലും നനഞ്ഞു കുതിര്‍ന്ന മണ്ണില്‍ ഈ സാങ്കേതിക വിദ്യ ഫലപ്രദമല്ല എന്ന് മനസ്സിലാക്കി അവര്‍ മടങ്ങി. തുടര്‍ച്ചയായി പത്തു ദിവസങ്ങള്‍ മൃതദേഹങ്ങള്‍ കണ്ടെത്താനായി.പിന്നീട് ഒരു ദിവസം മൃതദേഹമൊന്നും കണ്ടെത്തിയില്ല. പിറ്റേ ദിവസം രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത് ആശ്വാസമായി. മൃതദേഹങ്ങള്‍ കാണാന്‍ സാധ്യതയുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞ സ്ഥലങ്ങളും വെള്ളം ഒഴുകിയ പ്രദേശവുമുള്‍പ്പെടെ 95% സ്ഥലങ്ങളും ഈ സമയം കൊണ്ട് പരിശോധന നടത്തിയിരുന്നു. മരണപ്പെട്ടെന്ന് കരുതുന്ന 59 പേരില്‍ 48 പേരുടെ മൃതദേഹങ്ങള്‍ അപ്പോഴേക്കും കണ്ടെത്തിക്കഴിഞ്ഞിരുന്നു. ദുരന്തത്തില്‍ മരിച്ച സൈനികന്‍ വിഷ്ണുവിന്റെ മൃതദേഹത്തിനായി ഇന്ത്യന്‍ ആര്‍മിയില്‍ നിന്നും സേനാംഗങ്ങള്‍ എത്തി തിരച്ചിലില്‍ പങ്ക് ചേര്‍ന്നിരുന്നു.ലക്ഷ്യം കാണാതെ അന്നു തന്നെ അവര്‍ മടങ്ങി .പിന്നീട് നടന്ന തിരച്ചിലില്‍ വിഷ്ണുവിന്റ മൃതദേഹവും കണ്ടെത്തി.
ഉരുള്‍പൊട്ടല്‍ മൂലം വെള്ളം ഒഴുകി പഴയ അരുവിഗതി മാറിയ ഒഴുകിയ സ്ഥലത്ത് രൂപപ്പെട്ട നാല്‍പ്പത് അടിയോളം ആഴമുള്ള ചതുപ്പ് പ്രദേശമായിരുന്നു പിന്നീട് തിരച്ചില്‍ നടത്താന്‍ ബാക്കിയുണ്ടായിരുന്നത് അവിടെയും വളരെയേറെ ശ്രമിച്ചെങ്കിലും പിന്നീട് ഏഴ് ദിവസത്തോളം ഒരു മൃതദേഹവും കണ്ടെത്താനായില്ല. പതുക്കെ ആ യാഥാര്‍ത്ഥ്യത്തോടു പൊരുത്തപ്പെട്ട ബന്ധുക്കള്‍ രക്ഷാ പ്രവര്‍ത്തകര്‍ക്കൊപ്പമെത്തി അവര്‍ക്ക് സംശയമുള്ള പ്രദേശങ്ങള്‍ പരിശോധിക്കാന്‍ നിര്‍ദേശിച്ചു. ആദ്യ ദിനങ്ങളില്‍ നൊമ്പരമായ അലീനയുടെ പാഠ പുസ്തകങ്ങളുടെ കാഴ്ച വീണ്ടും രക്ഷാപ്രവര്‍ത്തകരുടെ മനസ്സില്‍ തേങ്ങലായി അവസാന ദിനത്തില്‍! മണ്ണുമാന്തിയന്ത്രങ്ങളുടെ ഓരോ ബക്കറ്റ് മണ്ണിലേക്ക് ആഴ്ന്നിറങ്ങുമ്പോഴും തങ്ങളുടെ പ്രിയപ്പെട്ടവരുടെശരീരത്തിലേക്കാണോ എന്ന ആധിയോടെ നില്‍ക്കുന്ന ഓരോ ബക്കറ്റിലും തങ്ങളുടെ ഉറ്റവരുടെ ശരീര ഭാഗങ്ങളുണ്ടോ എന്നന്വേഷിക്കുന്ന കരഞ്ഞ് കലങ്ങിയ കുറെ കണ്ണുകളുടെ കാഴ്ച വല്ലാതെ നൊമ്പരപ്പെടുത്തി. അവസാനം അവരുടെ കൂടി സമ്മതത്തോടെ അവസാന ദിവസം 27.8.19ന് ഒരു ശ്രമം കൂടി നടത്തി തിരച്ചില്‍ അവസാനിപ്പിക്കാനുള്ള തീരുമാനം ജില്ലാ ഭരണകൂടമെടുത്തു. പ്രകൃതിയുടെ താണ്ഡവത്തില്‍ 59 പേരുടെ സ്വപ്നങ്ങള്‍ ഒരു നിമിഷാര്‍ദ്ധം കൊണ്ട് തകര്‍ന്ന് പോയ കവളപ്പാറയില്‍ ഒരു നിമിഷം ഒരു നെടുവീര്‍പ്പോടെ മൗനമാചരിച്ച് അശ്രുപൂക്കളര്‍പ്പിച്ച് സേന തിരികെ പോന്നു.
യുദ്ധം കഴിഞ്ഞ് വരുന്ന യോദ്ധാക്കളെയാത്രയാക്കും പോലെയാണ് കവളപ്പാറയിലെ ജനങ്ങള്‍ രക്ഷാ പ്രവര്‍ത്തകരെ യാത്രയാക്കിയത് പക്ഷേ ഇനിയും കണ്ടെത്താനാവാത്ത ആ പതിനൊന്ന് പേര്‍ ഒരു നെരിപ്പോടായി ഓരോ സേനാംഗത്തിന്റെ മനസ്സിലുമുണ്ട്. പ്രകൃതിയെ നമിക്കുന്നു. ആ തീരുമാനങ്ങള്‍ തിരുത്താനാവാത്ത കേവലം മനുഷ്യരാണ് ഞങ്ങളും. ഉറ്റവര്‍ നഷ്ടപ്പെട്ട ആ കുടുംബങ്ങളുടെ ഒരോരുത്തരുടെ വേദനയും ഞങ്ങളുടെ മനസ്സിലേക്കാവാഹിക്കുന്നു. ജീവിതത്തിന്റെ നിസ്സഹായാവസ്ഥയുടെ ഒരിക്കല്‍ കൂടിയുള്ളഓര്‍മ്മപ്പെടുത്തലാണ് കവലപ്പാറ....ഒപ്പം സഹജീവി സ്‌നേഹത്തിന്റെ ഉദാത്ത മാതൃകയും...ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത പേര് പോലും കേള്‍ക്കാത്ത മനുഷ്യരുടെ മൃതദേഹങ്ങള്‍ തിരയാന്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും ആ മൃതദേഹങ്ങള്‍ മനുഷ്യ ജന്മം അര്‍ഹിക്കുന്ന ആദരവോടെ അന്ത്യോപചാരത്തിനുള്ള അവസരമൊരുക്കാന്‍ പ്രയത്‌നിച്ച നൂറു കണക്കിന് മനുഷ്യരുണ്ടായിരുന്നു കവളപ്പാറയില്‍ അവരെക്കുറിച്ച് പറയാതെ ഈ കുറിപ്പ് പൂര്‍ണ്ണമാവില്ല. പത്ത് തവണയെങ്കിലും ദിവസവും അവരെത്തി അവരന്വേഷിക്കും ഭക്ഷണം കഴിച്ചോ, വെള്ളം കുടിച്ചോ എന്നൊക്കെ. മനസ്സ് നിറയുന്നു കണ്ണുകള്‍ നിറയുന്നു നിങ്ങളുടെ സ്‌നേഹത്തിന് മുന്നില്‍. കേരളത്തിന്റെ നാനാഭാഗത്ത് നിന്നെത്തി പരിസര പ്രദേശങ്ങളില്‍ ക്യാമ്പ് ചെയ്ത് സേനക്കൊപ്പം രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായ സന്നദ്ധ പ്രവര്‍ത്തകര്‍. ജാതിയും മതവും സംഘടനയുടെ ചിഹ്നങ്ങളുമൊക്കെ അവരുടെ വസ്ത്രങ്ങളില്‍ മാത്രമേ കണ്ടുള്ളൂ. പ്രവര്‍ത്തികളില്‍ അവര്‍ ഏകോദര സോദരായിരുന്നു. മനുഷ്യനന്മ മാത്രം പുറം ലോകത്തെയറിയിച്ച് ചേറില്‍ പുതഞ്ഞു പോയ ആ മനുഷ്യര്‍ക്കായി പ്രാര്‍ത്ഥിച്ച് അവസാന ദിവസം വരെ ഞങ്ങള്‍ക്കു താങ്ങായി നിന്ന മാധ്യമ പ്രവര്‍ത്തരും ഒരു വേറിട്ട കാഴ്ചയായി. ഏതൊഭാരതീയനും ആഗ്രഹിക്കുന്ന സാഹോദര്യം, അടിസ്ഥാനപരമായി മനുഷ്യന് നന്മ മാത്രമേയുള്ളൂ. ബാക്കിയെല്ലാം അഭിനയങ്ങള്‍ മാത്രമെന്നാണ് കവളപ്പാറയിലെ രക്ഷാപ്രവര്‍ത്തനത്തില്‍ പത്തൊമ്പത് ദിവസവും പങ്കെടുത്ത ആളെന്ന നിലയില്‍ മനസ്സിലുറപ്പിക്കാനായത്. മരണപ്പെട്ടവരുടെ ഓര്‍മ്മകള്‍ക്കു മുന്നില്‍ ഒരുപിടി കണ്ണീര്‍പൂക്കള്‍.

