ആലപ്പുഴ: നെടുമുടി പൊങ്ങയ്ക്കടുത്ത് കോളശ്ശേരി ഷിനുകുട്ടന്‍റെ മകൻ അനന്തകൃഷ്ണന്‍റെ കൈവിരലിലാണ് സ്റ്റീൽ നട്ട് കുടുങ്ങിയത്. സ്കൂൾ അവധി ആയതിനാൽ രാവിലെ 9 മണിയോടുകൂടി വീടിന് സമീപം കളിച്ചു കൊണ്ടിരിക്കുമ്പോൾ കിട്ടിയ സ്റ്റീൽ നട്ട് കൗതുകത്തോടെ വലതു കൈയ്യിലെ മോതിര വിരലിൽ ഇട്ട് നോക്കി. ഊരാൻ ശ്രമിച്ചിട്ട് കഴിയാതെ വന്നപ്പോഴാണ് വീട്ടിലെത്തി വിവരം പറഞ്ഞത്. 

കുട്ടിയുടെ പിതാവ് ഷിനുകുട്ടൻ വിരലിൽ സോപ്പ് ഇട്ട് ഊരിമാറ്റാൻ ശ്രമിച്ചിട്ടും സ്റ്റീൽ നട്ട് ഊരാൻ കഴിഞ്ഞില്ല. തുടർന്ന് തൊട്ടടുത്തുള്ള വർക്ക് ഷോപ്പിൽ എത്തി പരിശ്രമിച്ചിട്ടും സ്റ്റീൽ നട്ട് മുറിച്ച് മാറ്റുവാനോ ഊരുവാനോ കഴിഞ്ഞില്ല. കുട്ടിയുടെ കൈവിരലിൽ സ്റ്റീൽ നട്ട് ഉരസി മുറിവ് പറ്റുകയും ചെയ്തു. ആലപ്പുഴ അഗ്നിരക്ഷാ നിലയത്തിൽ എത്തിച്ചാൽ സ്റ്റീൽ നട്ട് ഊരാൻ കഴിയുമെന്ന നാട്ടുകാരുടെ നിർദേശത്തെ തുടർന്നാണ് ഓട്ടോ തൊഴിലാളിയായ ഷിനുകുട്ടൻ ഓട്ടോയിൽ കുട്ടിയെ ആലപ്പുഴ അഗ്നി രക്ഷാ നിലയത്തിൽ എത്തിച്ചത്.

അസഹനീയമായ വേദനയെ തുടർന്ന് കുട്ടി അമിതമായി കരഞ്ഞതിനെ തുടർന്ന് വിരലിൽ സെഡേഷൻ നൽകാന്‍ അഗ്നിരക്ഷാ വാഹനത്തിൽ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിയ്ക്കുകയും ഡോ. പ്രിയദർശൻ കുട്ടിയ്ക്ക് ലോക്കൽ സെഡേഷൻ നൽകി കൈവിരൽ മരവിപ്പിക്കുകയും ചെയ്തു. തുടർന്ന് അഗ്നിരക്ഷാ സേനാംഗങ്ങൾ ആയ കെ സതീഷ് കുമാർ, എന്‍ ആര്‍ ഷൈജു, വി ആര്‍ ബിജു, മുകേഷ് എം, അരുൺ ബോസ്, അഭിലാഷ് ശേഖരൻ എന്നിവർ ചേർന്ന് സ്റ്റീൽ നട്ട് ഊരി മാറ്റി. പൊങ്ങ സ്കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിയാണ് അനന്തകൃഷ്ണൻ.