ഫയർഫോഴ്സ് സംഘം എത്തി ഓക്‌സിജന്‍ സിലിണ്ടര്‍ കിണറിനുള്ളില്‍ ഇറക്കിയ ശേഷം അനില്‍കുമാറിനെ വലയില്‍ പുറത്തെത്തിക്കുകയായിരുന്നു.

തൊടുപുഴ: കിണര്‍ വൃത്തിയാക്കുന്നതിനിടെ ശ്വാസ തടസം അനുഭവപ്പെട്ടയാളെ ഫയര്‍ഫോഴ്‌സ് രക്ഷപെടുത്തി. തൊടുപുഴ മത്സ്യമാര്‍ക്കറ്റിനു സമീപം മുക്കുടം ചേരിയില്‍ മേരി മാത്യുവിന്റെ വീട്ടിലെ കിണര്‍ വൃത്തിയാക്കാനിറങ്ങിയ മൂവാറ്റുപുഴ നിര്‍മല കോളജിനു സമീപം കാഞ്ഞാംപുറത്ത് അനില്‍ കുമാറിനെ (50) യാണ് തൊടുപുഴ ഫയര്‍ഫോഴ്‌സ് എത്തി രക്ഷപെടുത്തിയത്. അമ്പതടിയോളം താഴ്ചയുള്ള കിണറിലിറങ്ങിയ അനില്‍ കുമാറിന് ശ്വാസ തടസം അനുഭവപ്പെട്ടതോടെ ഇതില്‍ നിന്നും പുറത്തു കയറാനായില്ല. ഇതോടെ വീട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. 

ഫയർഫോഴ്സ് സംഘം എത്തി ഓക്‌സിജന്‍ സിലിണ്ടര്‍ കിണറിനുള്ളില്‍ ഇറക്കിയ ശേഷം അനില്‍കുമാറിനെ വലയില്‍ പുറത്തെത്തിക്കുകയായിരുന്നു. വീട്ടുകാര്‍ മുകളില്‍ നിന്നും വെള്ളം ഒഴിച്ചു കൊടുത്തതും വായു സഞ്ചാരം കൂട്ടാന്‍ സഹായകരമായി. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കെ.എ.ജാഫര്‍ ഖാന്‍, ഫയര്‍ ഓഫീസര്‍മാരായ പി.എന്‍.അനൂപ്, എന്‍.എസ്.ജയകുമാര്‍, എസ്.ശരത്ത്, പി.പി.പ്രവീണ്‍, പി.ടി.ഷാജി, കെ.എസ്. അബ്ദുല്‍ നാസര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

കിണറിലിറങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കിണറില്‍ ഇറങ്ങുന്നതിനു മുമ്പായി ഒരു തൊട്ടിയില്‍ മെഴുകുതിരി കത്തിച്ച് ഇറക്കുക. ഇറക്കിയശേഷം മുകളിലേക്ക് എടുക്കുമ്പോള്‍ അതില്‍ തിരി കത്തി തന്നെയാണ് ഇരിക്കുന്നത് എങ്കില്‍ ഓക്‌സിജനുണ്ട് എന്ന് ഉറപ്പിക്കാം. തിരികെട്ടു പോയിട്ടുണ്ടെങ്കില്‍ ഓക്‌സിജന്‍ ഇല്ലെന്ന് കണക്കാക്കാം.

ശ്വാസംമുട്ടല്‍ ഉണ്ടായാല്‍ അപ്പോള്‍ തന്നെ മുകളില്‍ നിന്നും പേപ്പര്‍ കത്തിച്ച് താഴേക്കിടരുത്. ഇങ്ങനെ ചെയ്താല്‍ കിണറിനുള്ളിലുള്ള ഓക്‌സിജന്‍ തീരുകയും കൂടുതല്‍ ശ്വാസംമുട്ട് അനുഭവപ്പെടുകയും ചെയ്യും. ഇത്തരം സാഹചര്യത്തില്‍ വൈദ്യുതി ലഭ്യത ഉണ്ടെങ്കില്‍ ഒരു ഫാന്‍ കെട്ടിയിറക്കുക. ഒരു കെട്ട് ചവര്‍ കയറില്‍ കെട്ടി ശക്തിയായി മുകളിലേക്കും താഴേക്കും കൊണ്ടുവരുക. അപ്പോള്‍ കിണറിനുള്ളില്‍ ഓക്‌സിജന്‍ എത്തും. മുകളില്‍ നിന്നും വെള്ളം താഴേക്ക് ഒഴിച്ചാലും ഓക്‌സിജന്റെ അളവ് കൂടും.

Read More : കത്ത് കിട്ടിയത് പത്തു ദിവസം കഴിഞ്ഞ്; ഭിന്നശേഷിക്കാരന് സർക്കാർ ജോലി നഷ്ടമായി, പോസ്റ്റ് ഓഫീസിന് മുന്നിൽ സമരം