കടയ്ക്കാവൂരിൽ കിണറ്റിൽ വീണ യുവാവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അയൽവാസിയും കിണറ്റിൽ അകപ്പെട്ടു. വിവരമറിഞ്ഞെത്തിയ ആറ്റിങ്ങൽ ഫയർഫോഴ്സ് സംഘം നെറ്റും റോപ്പും ഉപയോഗിച്ച് ഇരുവരെയും സുരക്ഷിതമായി കരക്കെത്തിച്ചു
തിരുവനന്തപുരം: കിണറ്റിൽ വീണ യുവാവിനെയും രക്ഷിക്കാനിറങ്ങിയ അയൽവാസിയേയും ഫയർഫോഴ്സ് രക്ഷപ്പെടുത്തി. കടയ്ക്കാവൂർ പഞ്ചായത്തിൽ തിനവിള അപ്പൂപ്പൻ നടയ്ക്ക് സമീപം കഴിഞ്ഞ ദിവസം രാത്രി പതിനൊന്നോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് നിന്നും സംസാരിച്ച സുനി എന്ന യുവാവാണ് കാൽവഴുതി കിണറ്റിൽ വീണത്. 30 അടി താഴ്ചയും 10 അടിയോളം വെള്ളവുമുള്ള കിണറായിരുന്നു ഇത്. വിവരമറിഞ്ഞ് അയൽവാസികൾ ഓടിക്കൂടി.
ഇതിൽ ചിലർ ഫയർഫോഴ്സിനെ വിളിച്ചു. നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് ആറ്റിങ്ങൽ അഗ്നി രക്ഷാ സേന ഗ്രേഡ് സ്റ്റേഷൻ ഓഫീസർ സി ആർ ചന്ദ്രമോഹന്‍റെ നേതൃത്വത്തിൽ ഫയർ ഓഫീസർമാർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ഇതിനിടെയാണ് സുനിയെ രക്ഷപെടുത്താൻ അയൽവാസിയായ യുവാവും കിണറ്റിലിറങ്ങിയത്. ഇദ്ദേഹവും കിണരിൽ അകപ്പെട്ടു. ഇതോടെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ നെറ്റും റോപ്പും ഉൾപ്പടെ കിണറ്റിലേക്കിറക്കി ഇരുവരേയും കരക്കെത്തിച്ചു. കിണറിന്‍റെ ആൾമറ ചെറുതായതാണ് അപകട കാരണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വീഴ്ചയിൽ കൈക്ക് പരിക്കേറ്റ സുനിയെ അഗ്നി രക്ഷാ സേനയുടെ ആംബുലൻസിൽ വലിയകുന്ന് ഗവൺമെൻ്റ് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.


