ആര്യനാട് ഗവൺമെന്‍റ് എൽപി സ്കൂളിൽ ഇന്ന് രാവിലെ പതിനൊന്നരയോടെ സ്കൂളിന് പിന്നിലായി സ്ഥാപിച്ചിരുന്ന ഇലക്ട്രിക് മീറ്റർ ബോർഡിൽ തീപിടിച്ചു. വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തീയണച്ചു. ആളപായമൊന്നും ഉണ്ടായില്ല
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്‌കൂളിൽ ക്ലാസ് നടക്കുന്നതിനിടെ കെട്ടിടത്തിന് പിന്നിൽ നിന്നും തീയും പുകയും ഉയർന്നത് ആശങ്ക പരത്തി. ആര്യനാട് ഗവൺമെന്‍റ് എൽപി സ്കൂളിൽ ക്ലാസ് നടക്കുന്നതിനിടെയാണ് ഇന്ന് തീപിടിത്തം ഉണ്ടായത്. സ്കൂളിന് പിന്നിലായി സ്ഥാപിച്ചിരുന്ന ഇലക്ട്രിക് മീറ്റർ ബോർഡിൽ നിന്നാണ് തീയും പുകയും ഉയർന്നത്. ഇവിടെയുണ്ടായിരുന്ന ഇലക്ട്രിക് ഫ്യൂസും മീറ്റർ ബോർഡും കത്തി നശിച്ചു. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം നടന്നത്. എന്നാൽ സമയോചിത ഇടപെടലിൽ തീയണക്കാനായതിനാൽ വൻ ദുരന്തം ഒഴിവായി.
തീപിടിച്ച് തുടങ്ങിയപ്പോൾ തന്നെ തീയണച്ചു
സ്‌കൂളിന് പിന്നിൽ നിന്നും പുക ഉയരുന്നത് കണ്ട ഇതുവഴി പോയ ചിലർ, വിവരം ഉടനെ സ്‌കൂളിലെ അധ്യാപകരെ അറിയിക്കുകയായിരുന്നു. ഉടനെ അധ്യാപകർ ഈ ഭാഗത്തെ ക്ലാസ് മുറികളിൽ ഉണ്ടായിരുന്ന മുഴുവൻ കുട്ടികളെയും മാറ്റി. ഉടനെ തന്നെ തീയണച്ചു. പിന്നാലെ ഇലക്ട്രിസിറ്റി ഓഫീസിൽ വിവരം അറിയിക്കുകയും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥൻ എത്തി വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്‌തു.
അഞ്ഞൂറോളം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ തീപിടിച്ച് തുടങ്ങിയപ്പോൾ തന്നെ അണയ്ക്കാനായതിനാൽ വൻ ദുരന്തമാണ് ഒഴിവായതെന്ന് നാട്ടുകാർ പറഞ്ഞു. 2022ലാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. എഇയുടെ നേതൃത്വത്തിൽ ഇലക്ട്രിസിറ്റി ബോർഡ് പ്രാഥമിക പരിശോധന നടത്തി. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. നേരത്തെ ഇടിമിന്നലിൽ ഇവിടത്തെ ഉപകരണങ്ങൾക്ക് കേടുപാടുകൾ പറ്റിയിരുന്നു. അന്ന് വൈദ്യുത ഉപകരണങ്ങൾ നശിച്ചതിനാൽ പിന്നീട് പിടിഎ ഫണ്ട് ഉപയോഗിച്ച് പുതിയത് വാങ്ങുകയായിരുന്നു.



