വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന സന്തോഷ് രാവിലെ കാപ്പി തിളപ്പിക്കാൻ അടുപ്പ് കത്തിച്ച ശേഷം പുറത്തേക്ക് ഇറങ്ങിയ നേരത്ത് പ്ലാസ്റ്റിക്ക് പടുതയിൽ പടർന്ന് കയറിയ തീയാണ് വീടാകെ കത്തിച്ച് ചാമ്പലാക്കിയത്

മാന്നാർ: പാചകത്തിനിടെ അടുപ്പിൽ നിന്നും തീ ഉയർന്ന് വീടിന് തീപിടിച്ചു. ബുധനൂർ പഞ്ചായത്ത് 13-ാം വാർഡിൽ എണ്ണക്കാട് ഉത്താംപള്ളിൽ വീട്ടിൽ സന്തോഷിന്റെ (42) വീടാണ് അഗ്നിക്കിരയായത്. ഇന്ന് രാവിലെ 7.10നാണ് സംഭവം. വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന സന്തോഷ് രാവിലെ കാപ്പി തിളപ്പിക്കാൻ അടുപ്പ് കത്തിച്ച ശേഷം പുറത്തേക്ക് ഇറങ്ങിയ നേരത്ത് പ്ലാസ്റ്റിക്ക് പടുതയിൽ പടർന്ന് കയറിയ തീയാണ് വീടാകെ കത്തിച്ച് ചാമ്പലാക്കിയത്. വിവരം അറിഞ്ഞെത്തിയ പഞ്ചായത്തംഗം ജി ഉണ്ണികൃഷ്ണണനും നാട്ടുകാരും ചേർന്ന് വെള്ളം ഒഴിച്ച് തീ കെടുത്താൻ ശ്രമിച്ചെങ്കിലും തീ ആളി പടരുകയായിരന്നു.

തുടർന്ന് അഗ്നിശമന സേനാംഗങ്ങളെ അറിയിച്ചു. ചെങ്ങന്നൂരിൽ നിന്നുമെത്തിയ സേനാംഗങ്ങൾ തീ കെടുത്തി വലിയ അപകടം ഒഴിവാക്കി. ചെന്നിത്തല വൈദ്യുതി സെക്ഷനിലെ ഉദ്യോഗസ്ഥർ എത്തി വൈദ്യുതി ബന്ധവും വിച്ഛേദിച്ചു. നിരവധി കുടുംബങ്ങൾ തിങ്ങിപാർക്കുന്ന ഇവിടെ വാർഡ് മെമ്പർ ഉണ്ണികൃഷ്ണന്റെയും അധികൃതരുടെ സമയോചിതമായ ഇടപെടലിൽ വൻ ദുരന്തമാണ് ഒഴിവായത്.

വീട്ടിലേക്ക് മടങ്ങവേ അകപ്പെട്ടത് ഒറ്റയാന്റെ മുന്നിൽ; ആദിവാസി യുവാവിന് ദാരുണാന്ത്യം, വയനാട്ടിൽ പ്രതിഷേധം

കല്‍പ്പറ്റ: മേപ്പാടി മുണ്ടക്കൈയ്ക്ക് സമീപം കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ചു. അരുണമല കോളനിയിലെ കൃഷ്ണന്റെ മകന്‍ മോഹനനാണ് (40) മരിച്ചത്. കഴിഞ്ഞ രാത്രി പത്ത് മണിയോടെയായായിരുന്നു സംഭവം. കോളനിയിലെ വീട്ടിലേക്ക് നടന്ന് പോകവെ മോഹനന്‍ ഒറ്റയാന്റെ മുന്നില്‍പ്പെടുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് മേപ്പാടിയില്‍ റോഡ് ഉപരോധിച്ചു. വനം വകുപ്പിന്റെ അനാസ്ഥയാണ് സംഭവത്തിന് കാരണമെന്നും സര്‍ക്കാരിന്റെ തുടര്‍ച്ചയായുണ്ടായ ഉത്തരവാദിത്തമില്ലായ്മയാണ് വയനാട്ടില്‍ നിരന്തരം വന്യജീവികളുടെ ആക്രമണങ്ങളുണ്ടാകുന്നതെന്ന് ആരോപിച്ചായിരുന്നു സമരം.

പലയിടങ്ങളിലും കുറ്റമറ്റ രീതിയില്‍ വേലി നിര്‍മിക്കാത്തതാണ് ആദിവാസി കോളനികളടക്കമുള്ള ഇടങ്ങളില്‍ ആനകളെത്താന്‍ കാരണമെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. വന്യമൃഗ ശല്യം പരിഹരിക്കുന്നതിനായി സമഗ്ര പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനൊടൊപ്പം അവ നടപ്പാക്കുന്നതിനുള്ള ഇച്ഛാശക്തി കൂടി സര്‍ക്കാര്‍ കാണിക്കണമെന്ന് നേതാക്കള്‍ പറഞ്ഞു. മേപ്പാടി ടൗണില്‍ നടന്ന ഉപരോധസമരം ടി സിദ്ദിഖ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.

മരിച്ച മോഹനന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം, മോഹനന്റെ മക്കള്‍ പ്രായമാവുമ്പോള്‍ സര്‍ക്കാര്‍ ജോലി, ആന നശിപ്പിച്ച വീടുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുക, ഫെന്‍സിംഗ് പ്രവര്‍ത്തികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കുക എന്നീ ആവശ്യങ്ങളാണ് സമരക്കാര്‍ മുന്നോട്ടുവെച്ചത്. എംഎല്‍എക്ക് ഡിഎഫ്ഒ നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്.