വിരലിൽ കുടുങ്ങിയ മോതിരം മൂലം വലഞ്ഞ തമിഴ്‌നാട് സ്വദേശിക്ക് സുൽത്താൻബത്തേരി അഗ്നിരക്ഷാ സേനയുടെ സഹായം.  

സുൽത്താൻബത്തേരി: വിരലിൽ കുടുങ്ങിയ മോതിരം ഊരിമാറ്റാൻ കഴിയാതെ പ്രയാസപ്പെട്ട തമിഴ്‌നാട് സ്വദേശിക്ക് സുൽത്താൻബത്തേരി അഗ്നിരക്ഷാ സേനയുടെ സഹായം. തമിഴ്‌നാട്ടിലെ മസിനഗുഡി സ്വദേശിയായ ഗോപാൽ എന്ന വ്യക്തിക്കാണ് ഫയർഫോഴ്‌സ് ജീവനക്കാർ രക്ഷകരായത്.

ഗോപാലിന്റെ ഇടതുകൈയിലെ ചെറുവിരലിൽ കുടുങ്ങിയ മോതിരം കാരണം വിരലിന് നീര് വെച്ചിരുന്നു. തുടർന്ന് വിവിധ ആശുപത്രികളിലും തമിഴ്നാട്ടിലെ ഗൂഡല്ലൂരിലെ ഫയർഫോഴ്‌സിലും സഹായത്തിനായി സമീപിച്ചെങ്കിലും മോതിരം ഊരിമാറ്റാൻ കഴിഞ്ഞിരുന്നില്ല.

വേദന സഹിക്കാൻ കഴിയാതെയായതോടെയാണ് ഇന്ന് വൈകുന്നേരം 5 മണിയോടെ ഗോപാൽ ആംബുലൻസിൽ സുൽത്താൻബത്തേരി അഗ്നിരക്ഷാ നിലയത്തിൽ എത്തിയത്. ഉടൻ തന്നെ ഫയർഫോഴ്‌സ് ജീവനക്കാർ റിങ് കട്ടർ ഉപയോഗിച്ച് മോതിരം മുറിച്ചുമാറ്റി. ഇതോടെ മണിക്കൂറുകളായി അനുഭവിച്ച ദുരിതത്തിൽ നിന്ന് ഗോപാൽ ആശ്വാസം നേടി.