Asianet News MalayalamAsianet News Malayalam

നിര്‍മാണം നടക്കുന്ന വീടിന്റെ സെപ്റ്റിക് ടാങ്കില്‍ വീണ് വീട്ടമ്മ; രക്ഷപ്പെടുത്തി ഫയര്‍ഫോഴ്‌സ് 

പപ്പായ പറിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ചിതലരിച്ചിരുന്ന പലകകള്‍ തകര്‍ന്ന് ഷീജ സെപ്റ്റിക്ക് ടാങ്കിനുള്ളിലേക്ക് വീണതെന്ന് ഫയര്‍ഫോഴ്‌സ് അറിയിച്ചു. 

Fireforce rescued Housewife falls into septic tank joy
Author
First Published May 31, 2023, 11:50 AM IST

തിരുവനന്തപുരം: നിര്‍മാണം നടക്കുന്ന വീടിന്റെ സെപ്റ്റിക് ടാങ്കിനുള്ളില്‍ വീണ വീട്ടമ്മയെ രക്ഷപ്പെടുത്തി. വ്‌ലാന്താങ്കര കുന്നിന്‍പുറം എസ്.എസ്.വില്ലയില്‍ ഷീജയെയാണ് (46) ഫയര്‍ഫോഴ്‌സ് സംഘം രക്ഷപ്പെടുത്തിയത്. നിര്‍മാണം നടക്കുന്ന വീടിന്റെ 25 അടി താഴ്ച്ചയുള്ള സെപ്റ്റിക്ക് ടാങ്കിനുള്ളിലേക്കാണ് ഷീജ വീണത്. തടികളും, പലകകളും കൊണ്ട് മൂടിയ നിലയിലായിരുന്നു സെപ്റ്റിക്ക് ടാങ്ക്. രാവിലെ സമീപത്തുള്ള പപ്പായ മരത്തില്‍ നിന്നും പപ്പായ പറിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ചിതലരിച്ചിരുന്ന പലകകള്‍ തകര്‍ന്ന് ഷീജ സെപ്റ്റിക്ക് ടാങ്കിനുള്ളിലേക്ക് വീണതെന്ന് ഫയര്‍ഫോഴ്‌സ് അറിയിച്ചു. 

തുടര്‍ന്ന് ബഹളം കേട്ട് എത്തിയ നാട്ടുകാര്‍ ഷീജയെ കസേരയിറക്കി പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും മുതുകിനും, വലത്തേ തോളിനും പരിക്ക് പറ്റിയ ഷീജയെ മുകളിലേക്ക് കയറ്റാന്‍ സാധിച്ചില്ല. ഇതോടെ ഫയര്‍ഫോഴ്‌സിന്റെ സേവനം തേടുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ ഫോഴ്‌സ് ആദ്യം സെപ്റ്റിക്ക് ടാങ്കിനുള്ളിലേക്ക് വല ഇറക്കിയെങ്കിലും പരിക്ക് പറ്റിയതിനാല്‍ ഷീജക്ക് കയറാന്‍ സാധിച്ചില്ല. തുടര്‍ന്ന് ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ ഡ്രൈവര്‍ വി.എസ് സുജന്‍ സെപ്റ്റിക്ക് ടാങ്കിനുള്ളിലേക്ക് ഇറങ്ങി ഷീജയെ സുരക്ഷിതമായി നെറ്റിനുള്ളിലേക്ക് കയറ്റി മറ്റു ജീവനക്കാരുടെ സഹായത്തോടെ മുകളിലെത്തിക്കുകയായിരുന്നു. 

തുടര്‍ന്ന് സ്ഥലത്ത് ഉണ്ടായിരുന്ന കനിവ് 108 ആംബുലന്‍സ് സംഘം ഷീജയ്ക്ക് പ്രഥമ ശുശ്രൂഷ നല്‍കി. വാഹനം എത്താത്ത സ്ഥലമായതിനാല്‍ സ്ട്രച്ചറില്‍ ആറൂന്നൂറ് മീറ്ററോളം ചുമന്നാണ് ഷീജയെ 108 ആംബുലന്‍സിലെത്തിക്കാന്‍ സാധിച്ചത്. മുതുകിനും, വലത്തേ കൈയുടെ ഷോള്‍ഡറിനും ഫ്രാക്ച്ചര്‍ സംഭവിച്ച ഷീജ ഇപ്പോള്‍ നെയ്യാറ്റിന്‍കര നിംസ് മെഡിസിറ്റിയില്‍ ചികിത്സയിലാണ്. നെയ്യാറ്റിന്‍കര ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ രൂപേഷിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ ബ്രിജിലാല്‍ കുമാര്‍, ദനേഷ്, റോബര്‍ട്ട് തോമസ്, അനൂപ് ഘോഷ്, സുജന്‍.വി.എസ്, ഷൈന്‍ കുമാര്‍ ഹോം ഗാര്‍ഡ് അജിത് എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.  
 

 കാഞ്ഞിരപ്പുഴയിൽ സിപിഐ സീറ്റ് പി‌‌ടിച്ചെ‌ടുത്ത് ബിജെപി; മുതലമ‌ടയിൽ സിപിഎമ്മിനും സീറ്റ് നഷ്ടം, ജയം യുഡിഎഫിന്

 

Follow Us:
Download App:
  • android
  • ios