ലോറിയിലുണ്ടായിരുന്ന മീൻ മറ്റൊരു വാഹനമെത്തിച്ച് മംഗലാപുരത്തേക്ക് കൊണ്ടുപോയി
തിരുവനന്തപുരം: മീൻ കയറ്റിവന്ന കണ്ടെയ്നർ ലോറിക്ക് തീപിടിച്ചത് പരിഭ്രാന്തി പരത്തി. വിവരമറിഞ്ഞ് വിഴിഞ്ഞം ഫയർഫോഴ്സ് എത്തി തീ അണച്ചു. ഇന്നലെ വൈകുന്നേരം മൂന്നരയോടെ ബൈപ്പാസിൽ കോവളം ജംഗ്ഷന് സമീപമായിരുന്നു സംഭവം.
കുളച്ചലിൽ നിന്ന് മംഗലാപുരത്തേക്ക് മീനുമായി പോവുകയായിരുന്ന ലോറിയുടെ എൻജിൻ ഭാഗത്താണ് തീ പടർന്നത്. കാബിനുള്ളിലേക്ക് ശക്തമായ രീതിയിൽ പുക വരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവറും സഹായിയും വാഹനം നിർത്തി പുറത്തേക്ക് ഇറങ്ങി മാറിയതിനാൽ അത്യാഹിതം ഒഴിവായി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വിഴിഞ്ഞത്ത് നിന്നെത്തിയ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ വെള്ളമൊഴിച്ച് തീ കെടുത്തി.
ഷോർട്ട് സർക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്നാണ് നിഗമനം. കന്യാകുമാരി കരിങ്കൽ സ്വദേശി ജഗന്റെ ഉടമസ്ഥതയിലുള്ള കണ്ടെയ്നർ ലോറിയിലാണ് തീ പിടിച്ചത്. ലോറിയിലുണ്ടായിരുന്ന മീൻ മറ്റൊരു വാഹനമെത്തിച്ച് മംഗലാപുരത്തേക്ക് കൊണ്ടുപോയി.
