മാരാരിക്കുളം: ഓക്‌സിജന്‍ സിലിണ്ടര്‍ പ്രവര്‍ത്തിപ്പിക്കുന്ന മോട്ടോര്‍ അജ്ഞാതര്‍ ഓഫ് ചെയ്തതിനെ തുടര്‍ന്ന് മത്സ്യ കൃഷിയിടത്തിലെ 2500 മത്സ്യങ്ങള്‍ ചത്തു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 15ാം വാര്‍ഡ് പുതുകുളങ്ങരവെളി തെക്കേവെളുത്തശേരി ചന്ദ്രബാബുവിന്റെ വീടിനോട് ചേര്‍ന്ന ബയോ ഫ്‌ലോക്ക് കൃഷി സമ്പ്രദായത്തിലൂടെ നടത്തിവന്ന കൃഷിയിടത്തിലാണ് മത്സ്യങ്ങള്‍ ചത്തുപൊങ്ങിയത്. രണ്ട് വലിയ ടാങ്കുകളിലായി വെള്ളത്തിന്റെ ഓക്‌സിജന്‍ മോട്ടോര്‍ ഉപയോഗിച്ച് നിയന്ത്രിച്ച് നടത്തുന്ന മത്സ്യകൃഷിയാണിത്. അടുത്ത മാസം വളര്‍ച്ചയെത്തുമായിരുന്ന മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തതോടെ ഒന്നരലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി ചന്ദ്രബാബു പറഞ്ഞു. മാരാരിക്കുളം പൊലീസ് കേസെടുത്തു.