ഓൺലൈൻ ഡെലിവറി സംഘത്തിലുൾപ്പെട്ട സംഘം പകൽ സമയം ഡെലിവറി നടത്തി വീടുകളുടെ പരിസരം മനസ്സിലാക്കി രാതിയിൽ മോഷണത്തിനിറങ്ങാറാണ് രീതി. സ്ത്രീകൾ മാത്രമുള്ള വീടുകൾ ആണ് സംഘത്തിന്റെ ലക്ഷ്യം.

കൊല്ലം: വീട്ടിൽ നിന്നും സി സി ടി വി മോഷ്ടിച്ച സഹോദരന്മാരടക്കം മൂന്ന് യുവാക്കൾ പിടിയിൽ. ഏരൂർനെടിയറ നെട്ടയം പാലോട്ട്കോണം ചരുവിളവീട്ടിൽ സച്ചുമോൻ, സന്ദീപ്, ആയിരനല്ലൂർ വിളക്കുപാറ മംഗലത്ത് പുത്തൻ വീട്ടിൽ രാഹുൽ എന്നിവരാണ് തെന്മല പൊലീസിന്റെ പിടിയിലായത്. ഇടമൺ 34 വാഴേതിൽ വീട്ടിൽ ലിയോ തോമസിന്റെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം. വീടിന്റെ മുറ്റത്ത് പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിക്കാനായിരുന്നു പ്രതികളുടെ ലക്ഷ്യം. വീട്ടിൽ സ്ഥാപിച്ചിരുന്ന സിസിടിവി ശ്രദ്ധയിൽപ്പെട്ടതോടെ മൂന്നുപേരും ചേർന്ന് സിസിടിവി മോഷ്ടിച്ചെടുക്കുകയായിരുന്നു.

ബഹളം കേട്ട് വീട്ടുകാർ ഉണർന്നെത്തിയപ്പോഴേക്കും പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഉടൻതന്നെ വീട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു. പ്രതികളെ പിന്തുടർന്ന നാട്ടുകാർ ഇടമൺ 34 ജംഗ്ഷനിൽ വച്ച് പ്രതികളെ പിടികൂടി പൊലീസിന് കൈമാറി. ഓൺലൈൻ ഡെലിവറി സംഘത്തിലുൾപ്പെട്ട സംഘം പകൽ സമയം ഡെലിവറി നടത്തി വീടുകളുടെ പരിസരം മനസ്സിലാക്കി രാതിയിൽ മോഷണത്തിനിറങ്ങാറാണ് രീതി. സ്ത്രീകൾ മാത്രമുള്ള വീടുകൾ ആണ് സംഘത്തിന്റെ ലക്ഷ്യം. കൂടുതൽ കവർച്ചകൾ നടത്തിയിട്ടുണ്ടോ എന്നതടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. അറസ്റ്റ് രേഖപ്പെടുത്തി പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.