മാന്നാര്‍: കുട്ടനാട്, അപ്പര്‍ക്കുട്ടനാട് എന്നീ മേഖലകളിലെ ജലാശയങ്ങളില്‍ അനധികൃതമായി നടത്തുന്ന മത്സ്യബന്ധനത്തിനെതിരെ ഫിഷറീസ് വകുപ്പ് നടപടികള്‍ സ്വീകരിച്ചു. മാന്നാര്‍ ഫിഷറീസ് സബ് ഇന്‍സ്പെക്ടര്‍ എം ദീപുവിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ റെയ്ഡില്‍ അനവധി അനധികൃത മത്സ്യബന്ധന ഉപകരണങ്ങള്‍ പിടിച്ചെടുത്ത് പന്ത്രണ്ടോളം പേര്‍ക്കെതിരെ നടപടി സ്വീകരിച്ചു. 

മടവലകള്‍, പറ്റുകണ്ണി വലകള്‍, പെരുംകൂടുകള്‍, കൊഞ്ചിന്‍ കുഞ്ഞുങ്ങളെയും കരിമീന്‍ കുഞ്ഞുങ്ങളെയും വന്‍തോതില്‍ നശിപ്പിക്കുന്ന മത്സ്യ ട്രാപ്പുകള്‍, എന്നിവ റെയ്ഡില്‍ പിടിച്ചെടുത്തു. നടുവത്ത് പാടം, ചെപ്പിലാക്ക, തെക്കേ തൊള്ളായിരം, എന്നീ പാടശേഖരങ്ങളില്‍ നിന്നാണ് മടവലകള്‍ പിടിച്ചെടുത്തത്. പറ്റുകണ്ണി വലകള്‍ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയ ഏഴ് പേര്‍ക്കെതിരെയും കൂടാതെ കാവാലം രജപുരത്തെ സംരക്ഷിത മത്സ്യ സങ്കേതത്തില്‍ അതിക്രമിച്ചുകടന്ന് കൂടുപയോഗിച്ച് ആറ്റുകൊഞ്ചിന്റെയും കരിമീനിന്റെയും കുഞ്ഞുങ്ങളെ ഉള്‍പ്പെടെ നശിപ്പിച്ചവരെയും പിടികൂടി.