കായംകുളം തീരത്ത് മത്സ്യബന്ധനത്തിനിടെ വള്ളത്തിൽ നിന്ന് കടലിൽ വീണ് അമ്പലപ്പുഴ സ്വദേശിയായ മത്സ്യത്തൊഴിലാളി മരിച്ചു. 'കാർമ്മൽ' എന്ന വള്ളത്തിൽ വല വലിക്കുന്നതിനിടെയാണ് ശ്യാംകുമാർ (55) അപകടത്തിൽപ്പെട്ടത്. സഹപ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അമ്പലപ്പുഴ: കായംകുളം തീരത്ത് മത്സ്യബന്ധനത്തിനിടെ വള്ളത്തിൽ നിന്ന് കടലിൽ വീണ് മത്സ്യത്തൊഴിലാളി മരിച്ചു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് കോമന വടക്കേ വീട്ടിൽ ബാലചന്ദ്രന്റെ മകൻ ശ്യാംകുമാർ (55) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയായിരുന്നു ഈ ദാരുണ അപകടം സംഭവിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നാൽപ്പതോളം തൊഴിലാളികൾ പണിയെടുക്കുന്ന 'കാർമ്മൽ' എന്ന ലൈലന്റ് വള്ളത്തിലെ തൊഴിലാളിയായിരുന്നു ശ്യാംകുമാർ. കടലിൽ വെച്ച് വള്ളത്തിലെ വല വലിക്കുന്നതിനിടയിൽ അദ്ദേഹം അബദ്ധത്തിൽ കടലിൽ വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന സഹപ്രവർത്തകർ ഉടൻ തന്നെ ഇദ്ദേഹത്തെ വെള്ളത്തിൽ നിന്ന് പുറത്തെടുത്ത് ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നിലവിൽ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്കാരം ബുധനാഴ്ച നടക്കും. അമ്മ: മണിയമ്മ. ഭാര്യ: റീജ. മക്കൾ: ആദിത്യൻ, ആദർശ്.