കൊല്ലം കരുനാഗപ്പള്ളിയിലെ 'കാർമൽ' ബോട്ടിലെ മത്സ്യത്തൊഴിലാളികൾക്ക് വലനിറയെ മത്തി ലഭിച്ചു. എന്നാൽ, അവ പൂർണ്ണ വളർച്ചയെത്താത്ത കുഞ്ഞുങ്ങളാണെന്ന് തിരിച്ചറിഞ്ഞതോടെ, ഭാവിയിലെ മത്സ്യസമ്പത്ത് സംരക്ഷിക്കാനായി അവർ ആ ചാകര മുഴുവൻ കടലിലേക്ക് തിരികെ വിട്ടു.
കൊല്ലം: വലനിറയെ മത്സ്യം ലഭിച്ചു, ചാകരയിലും മനസ്സാക്ഷിക്ക് വിലകൊടുത്ത് കൊല്ലത്തെ മത്സ്യത്തൊഴിലാളികൾ ആ തീരുമാനമെടുത്തു. വലയിൽ കുടുങ്ങിയത് പൂർണ്ണ വളർച്ചയെത്താത്ത മത്തിക്കുഞ്ഞുങ്ങൾ ആണെന്ന് മനസ്സിലാക്കിയ ഉടൻ, കുഞ്ഞുഹ്ങളെ മുഴുവൻ അവർ കടലിലേക്ക് തന്നെ തിരികെ വിട്ടു. കരുനാഗപ്പള്ളി വെള്ളനാതുരുത്ത് സ്വദേശി സനലിൻ്റെ 'കാർമൽ' എന്ന ബോട്ടിലെ തൊഴിലാളികളാണ് ഈ മാതൃകാപരമായ കാര്യം ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.
സാധാരണ മത്സ്യബന്ധനത്തിനിടെയാണ് 'കാർമലിന്' ചാകരപോലെ മത്തി കിട്ടിയത്. എന്നാൽ, ഈ കൂട്ടത്തിൽ മിക്കതും വരും വർഷങ്ങളിലെ മത്സ്യസമ്പത്തിൻ്റെ ഉറവിടമായ മത്തിക്കുഞ്ഞുങ്ങളായിരുന്നു. തുടർന്ന്, ഇവയെ വിൽപനയ്ക്ക് എടുക്കാതെ വല തുറന്ന് കടലിലേക്ക് തന്നെ സ്വതന്ത്രരാക്കാൻ തൊഴിലാളികൾ തീരുമാനിക്കുകയായിരുന്നു. ചെറു മത്സ്യങ്ങളെ പിടിക്കുന്നത് ദൂരവ്യാപകമായി കടൽ സമ്പത്തിനെ ബാധിക്കുമെന്ന തിരിച്ചറിവാണ് തൊഴിലാളികളെ ഈ തീരുമാനത്തിലേക്ക് നയിച്ചത്. മത്തിക്കുഞ്ഞുങ്ങളെ പിടിക്കുന്നതിനെതിരെ സർക്കാർ നേരത്തെ ശക്തമായ മുന്നറിയിപ്പ് നൽകിയിരുന്നു.
നേരത്തെയും, മറ്റ് പല തീരദേശങ്ങളിലും വലനിറയെ ലഭിച്ച ചെറുമത്സ്യങ്ങളെ കടലിലേക്ക് വിട്ട് തൊഴിലാളികൾ മാതൃകയായിരുന്നു. പല ബോട്ടുടമകളും കൂട്ടായി ഇത്തരം തീരുമാനങ്ങൾ എടുക്കുകയും വലിയൊരു വിഭാഗം മത്സ്യത്തൊഴിലാളികൾ ഈ രീതി പിന്തുടരുകയും ചെയ്യുന്നതിൻ്റെ തുടർച്ചയാണ് ഈ സംഭവവും.ഈ പ്രവൃത്തി മത്സ്യത്തൊഴിലാളികൾക്ക് സോഷ്യൽ മീഡിയയിലടക്കം വലിയ പ്രശംസ നേടിക്കൊടുത്തു.


