വിഴിഞ്ഞം തീരത്ത് കൊഴിയാള ചാകരയെ തുടർന്ന് വിലയിടിവ്. ഒരു കിലോയ്ക്ക് 18 മുതൽ 20 രൂപവരെ വില താഴ്ന്നെന്ന് പ്രദേശവാസികൾ

തിരുവനന്തപുരം: മഴ മാറി നിന്ന പകലിൽ വിഴിഞ്ഞം തീരത്ത് കൊഴിയാള ചാകര. ഇന്നലെ കടൽ ശാന്തമായതിനാൽ ഒട്ടുമിക്ക തൊഴിലാളികളും വള്ളവുമായി മത്സ്യബന്ധനത്തിന് പോയി. പുലർച്ചെ മുതൽ തിരിച്ചെത്തിയ വള്ളങ്ങളിലെല്ലാം ചെറു കൊഴിയാളകൾ നിറഞ്ഞു. ഇത് കണ്ടതോടെ മറ്റ് തൊഴിലാളികളും വള്ളങ്ങൾ ഇറക്കി. വൈകിട്ട് വൈകിയും കൊഴിയാളകളുമായി വള്ളങ്ങൾ തീരത്ത് അടുപ്പിച്ചു.

രാവിലെ കുട്ട ഒന്നിന് 2400 രൂപ വിലവന്ന കൊഴിയാള മത്സ്യത്തിന് വാങ്ങാൻ ആളില്ലാതായതോടെ 400 രൂപയിലേക്ക് താഴ്ന്നു. എന്നിട്ടും കച്ചവടക്കാരോ നാട്ടുകാരോ വാങ്ങാതെ വന്നതോടെ ഒടുവിൽ വളം നിർമ്മാണ കമ്പനിയിലേക്ക് കയറ്റി അയയ്ക്കാൻ തുടങ്ങി.

ഒരു കിലോയ്ക്ക് 18 മുതൽ 20 രൂപവരെ വില താഴ്ന്നെന്ന് പ്രദേശവാസികൾ പറയുന്നു. കാലവർഷം കനിഞ്ഞാൽ ഇനി തീരത്ത് ചാകര കാലമാകും. കൊഴിയാളക്കൊപ്പം കല്ലൻ കണവയുൾപ്പെടെ മറ്റ് മത്സ്യങ്ങളും ലഭിച്ചെങ്കിലും അളവ് കുറവായതിനാൽ വൻ വിലയ്ക്കാണ് വിറ്റുപോയത്.