ആലപ്പുഴ: ചമ്പക്കുളത്ത് മടവീഴ്ചയുണ്ടായ പാടങ്ങൾക്ക് സമീപം മീനുകൾ ചത്തുപൊങ്ങുന്നു. പാടങ്ങളിൽ പമ്പിംഗ് നടത്താത്തത് മൂലം നെൽച്ചെടി ചീഞ്ഞ് വെള്ളം മലിനമായതാണ് കാരണം. ഇതുമൂലം ത്വക്ക് രോഗം അടക്കമുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നതായി പ്രദേശവാസികൾ പറയുന്നു. 

ചമ്പക്കുളം പഞ്ചായത്തിൽ മടവീഴ്ചയുണ്ടായ  പാടങ്ങളോട് ചേർന്ന് ചെറുമീനുകൾ വ്യാപകമായി ചത്തുപൊങ്ങുകയാണ്. തോടുകളിലെ വെള്ളത്തിന്‍റെ നിറം മാറിയിട്ടുമുണ്ട്. ദുർഗന്ധം കാരണം പ്രദേശവാസികൾക്ക് പുറത്തിറങ്ങാനാകാത്ത അവസ്ഥയാണ്

മടവീണ് ദിവസങ്ങൾ കഴിഞ്ഞിട്ടും പാടങ്ങളിലെ വെള്ളം പമ്പ് ചെയ്തു കളയാൻ പാടശേഖരസമിതികൾ തയ്യാറാകുന്നില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. മലിനജലം ഒഴുകാതെ കെട്ടിനിന്നതോടെ പ്രദേശവാസികൾക്ക് ആരോഗ്യപ്രശ്നങ്ങളുമുണ്ട്. 

പാടങ്ങളിലും തോടുകളിലും വെള്ളം കെട്ടിനിന്നതോടെ പച്ചപ്പ് പൂർണ്ണമായി നശിച്ചു. ഇത് ഓക്സിജന്‍റെ അളവ് കുറയാനും മീനുകൾ ചത്തുപൊങ്ങാനും കാരണമായെന്ന് വിദഗ്ധർ പറയുന്നു. പമ്പിംഗ് എത്രയും വേഗം തുടങ്ങാൻ പാടശേഖരസമിതികൾക്ക് നിർദേശം നൽകിയെന്ന് കൃഷിവകുപ്പ് അറിയിച്ചു. ഇതിനാവശ്യമായ തുക കൃഷിഭവനുകൾ വഴി വിതരണം ചെയ്യുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.