ആലപ്പുഴ: മത്സ്യബന്ധനം കഴിഞ്ഞു മടങ്ങിയ വള്ളം ശക്തമായ തിരയില്‍പ്പെട്ട് തകര്‍ന്നു. കടലില്‍ വീണ മത്സ്യത്തൊഴിലാളികള്‍ അത്ഭുതകരമായി രക്ഷപെട്ടു. പുന്നപ്ര വടക്ക് പഞ്ചായത്ത് 17-ാം വാര്‍ഡ് പൂന്തുറ ശേരില്‍ ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള അല്‍ഫോന്‍സാ വള്ളമാണ് അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞദിവസം വൈകിട്ട് നാലോടെ വാടക്കല്‍ കടപ്പുറത്തുനിന്നാണ് എട്ടു തൊഴിലാളികളുമായി മത്സ്യ ബന്ധനത്തിന് പുറപ്പെട്ടത്.

ഏകദേശം അറുപതിനായിരം രൂപയുടെ അയിലയും ലഭിച്ചിരുന്നു. ഇതുമായി തിരികെ കാക്കാഴം കടപ്പുറത്ത് അടുക്കുന്നതിനിടെയാണ് വള്ളം തിരയില്‍പ്പെട്ട് തലകീഴായി മറിഞ്ഞത്. കടലില്‍ വീണ തൊഴിലാളികള്‍ നീന്തി കരക്കെത്തി. വള്ളത്തിന്റെ രണ്ട് എഞ്ചിനും 40 കിലോയോളം വലയും തകര്‍ന്നു. ഏകദേശം രണ്ടര ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമ ജോര്‍ജ് പറഞ്ഞു.