തൃശൂരിൽ തീവ്രതയേറിയ ലൈറ്റുകളും ചെറിയ കണ്ണികളുള്ള വലകളും ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം നടത്തിയ രണ്ട് ബോട്ടുകൾ ഫിഷറീസ് വകുപ്പ് പിടിച്ചെടുത്തു. ഒമ്പത് ലക്ഷത്തിലധികം രൂപ പിഴ ഈടാക്കിയതിനൊപ്പം പിടിച്ചെടുത്ത ചെറുമത്സ്യങ്ങളെ കടലിൽ ഒഴുക്കിക്കളയുകയും ചെയ്തു. വരും ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

തൃശൂര്‍: തീവ്രതയേറിയ ലൈറ്റുകള്‍ ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം നടത്തിയ ബോട്ടും കണ്ണി വലിപ്പം കുറഞ്ഞ വല ഉപയോഗിച്ച് ചെറുമത്സ്യങ്ങളെ പിടിച്ച ബോട്ടും ഫിഷറീസ് വകുപ്പ് പിടിച്ചെടുത്ത് പിഴ ചുമത്തി. തീവ്രതയേറിയ ലൈറ്റ് ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം നടത്തുന്ന യാനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുത്തിരിക്കുകയാണ് ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍. തീവ്രതയേറിയ ഹൈ വോള്‍ട്ടേജ് ലൈറ്റ് ഉപയോഗിച്ച് കുട്ടത്തോടെ മത്സ്യങ്ങളെ ആകര്‍ഷിച്ച് മത്സ്യബന്ധനം നടത്തുന്ന രീതി മത്സ്യസമ്പത്ത് കുറയാനിടയാക്കും. ഇതിലൂടെ പരമ്പരാഗത മത്സ്യത്തൊഴിലാളിക്ക് മത്സ്യലഭ്യത കുറയുമെന്ന് കാണിച്ച് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ നല്‍കിയ പരാതിയിലാണ് നടപടി.

മീന്‍ ലേലം ചെയ്ത തുകയും പിഴയുമടക്കം 9,34,500 രൂപയാണ് സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയത്. തൃശൂര്‍ ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ എസ് രാജേഷിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയില്‍ ഹൈവോള്‍ട്ടേജ് ലൈറ്റുകള്‍ ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം നടത്തിവന്ന മുനമ്പം പള്ളിപ്പുറം സ്വദേശി കോട്ടപ്പറബില്‍ വീട്ടില്‍ നിബിന്റെ ഉടമസ്ഥതയിലുള്ള ക്യുന്‍ ഓഫ് റോസസ്, എറണാകുളം ജില്ലയില്‍ കുഞ്ഞിത്തൈ സ്വദേശി തുണ്ടത്തില്‍ വീട്ടില്‍ അനില്‍ ദേവിന്റെ ഉടമസ്ഥതിയിലുള്ള സ്റ്റെല്ല മേരിസ് എന്നീ ബോട്ടുകളാണ് പിടിച്ചെടുത്തത്.

കടലില്‍ കൃത്രിമമായി അമിത വെളിച്ചമുണ്ടാക്കി മത്സ്യക്കൂട്ടങ്ങളെ ആകര്‍ഷിച്ച് ഒന്നിച്ച് കോരിയെടുക്കുന്നത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നിരോധിച്ച മത്സ്യബന്ധന രീതിയാണ്. 12 വാട്‌സിന് താഴെ വെളിച്ച സംവിധാനം ഉപയോഗിക്കാനാണ് അനുമതിയുള്ളത്. ഇതു ലംഘിച്ച് ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗപ്പെടുത്തി 3255 വാട്ട് ലൈറ്റ് ഉപയോഗിച്ചായിരുന്നു അനധികൃത മീന്‍പിടിത്തം നടത്തിയിരുന്നത്. ആഴക്കടലിലും തീരക്കടലിലും ഹാര്‍ബറുകളിലും പരിശോധനയും നടപടികളും കര്‍ശനമാക്കാന്‍ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രത്യേക നിര്‍ദേശം നല്‍കിയിരുന്നു. ജില്ലയുടെ തെക്കേ അതിര്‍ത്തിയായ അഴീക്കോട് മുതല്‍ വടക്കേ അതിര്‍ത്തിയായ കാപ്രിക്കാട് വരെയുള്ള കടല്‍ത്തീരത്തും ആഴക്കടലിലും നിരീക്ഷണം ശക്തമാക്കിയിരുന്നു.

പരിശോധനയില്‍ തീവ്രതയേറിയ ലൈറ്റ് ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയ ബോട്ടുകളില്‍ ഉപയോഗിച്ചിരുന്ന ഹൈവോള്‍ട്ടേജ് എല്‍ ഇ ഡി ലൈറ്റുകള്‍, ഹൈമാസ്റ്റ് ലൈറ്റുകള്‍, ട്യൂബ് ലൈറ്റുകള്‍ എന്നിവ പിടിച്ചെടുത്തു. സ്റ്റെല്ല മേരിസ് ബോട്ടില്‍ 6800 കിലോ കിളിമീന്‍ ഇനത്തില്‍പ്പെട്ട മത്സ്യമാണ് ഉണ്ടായിരുന്നത്. പിടിച്ചെടുത്ത ചെറുമത്സ്യങ്ങളെ പുറംകടലില്‍ ഒഴുക്കിക്കളഞ്ഞു. ഭക്ഷ്യയോഗ്യമായ 58 ഇനം കടല്‍ മത്സ്യങ്ങളെ നിയമവിധേയമായ വലിപ്പത്തിനു താഴെ പിടികൂടിയാല്‍ കേരള സമുദ്ര മത്സ്യ ബന്ധന നിയന്ത്രണ നിയമ പ്രകാരം കുറ്റകരമാണ്.

പ്രത്യേക പരിശോധനാ സംഘത്തില്‍ ഫിഷറീസ് സ്റ്റേഷന്‍ അസി. ഡയറക്ടര്‍, മെക്കാനിക്ക് മനോജ്, എ.എഫ്.ഇ.ഒ. ലീന, എഫ്. ഒ അന്‍സില്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് വിജിലന്‍സ് വിങ് ഓഫീസര്‍മാരായ പ്രശാന്ത്കുമാര്‍ വി.എന്‍., ഷൈബു വി.എം. ഷിനില്‍കുമാര്‍ ഇ.ആര്‍ എന്നിവര്‍ നേതൃത്വം നല്‍കി. സീ റെസ്‌ക്യു ഗാര്‍ഡുമാരായ പ്രസാദ്, വിജീഷ് യാദവ്, സ്രാങ്ക് ദേവസി, എഞ്ചിന്‍ ഡ്രൈവര്‍ സുനില്‍കുമാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നും ഇത്തരം അശാസ്ത്രീയ മത്സ്യബന്ധന രീതി അവലംബിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി തുടര്‍ന്നും സ്വീകരിക്കുമെന്നും തൃശൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. രാജേഷ് അറിയിച്ചു.