തിരുവനന്തപുരത്ത് നടുറോഡിൽ വെച്ച് ഭാര്യയെ വെട്ടുകത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച് മുങ്ങിയ ഭർത്താവ് അറസ്റ്റിൽ. പാച്ചല്ലൂർ സ്വദേശി വിജയനാണ് പിടിയിലായത്. തിരുമല പെരുകാവിൽ വെച്ചാണ് ആക്രമണം നടന്നത്.

തിരുവനന്തപുരം: കുടുംബവഴക്കിനെ തുടർന്ന് തിരുമല പെരുകാവിൽ വെച്ച് നടുറോഡിൽ വെച്ച് ഭാര്യയെ വെട്ടുകത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച് മുങ്ങിയ ഭർത്താവ് പിടിയിൽ. പാച്ചല്ലൂർ സ്വദേശി വിജയ (52) നാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

കഴിഞ്ഞ പന്ത്രണ്ട് വർഷമായി ഇരുവരും വേർപിരിഞ്ഞു താമസിക്കുകയായിരുന്നു. ഇയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലമിടപാടുമായി ബന്ധപ്പെട്ട വൈരാഗ്യത്തിലായിരുന്നു നടുറോഡിൽ വെച്ച് ഭാര്യ വെട്ടിയത്. സ്കൂട്ടറിൽ വരികയായിരുന്ന ഭാര്യയെ വിജയൻ ബൈക്കിൽ പിന്തുടർന്ന് സ്കൂട്ടർ തടഞ്ഞുനിർത്തിയ ശേഷം കൈയിൽ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് ക്രൂരമായി വെട്ടുകയായിരുന്നു.

തലയ്ക്കും കൈകൾക്കും ഗുരുതരമായി പരിക്കേറ്റ ഇവർ റോഡിൽ വീണ ശേഷവും പ്രതി ആക്രമണം തുടർന്നു. റോഡിലുണ്ടായിരുന്ന നാട്ടുകാർ ഓടിക്കൂടിയതോടെ പ്രതി രക്ഷപ്പെടുകയായിരുന്നു. ചോര വാർന്ന് റോഡിൽ കിടന്ന ഭാര്യയെ ഉടൻ തന്നെ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ ചികിത്സയിലാണ്.

ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. സംഭവത്തിൽ വധശ്രമത്തിന് കേസെടുത്ത പൊലീസ് ഒളിവിൽ പോയ വിജയനായി അന്വേഷണം ഊർജതമാക്കി. വ്യാഴാഴ്ച പാച്ചല്ലൂർ ക്ഷേത്രത്തിന് സമീപത്ത് നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.