പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോർവേ സന്ദർശനത്തിനിടെ, അദ്ദേഹത്തെ പാമ്പാട്ടിയായി ചിത്രീകരിച്ച് 'ആഫ്റ്റൻപോസ്റ്റൻ' എന്ന പ്രമുഖ പത്രം പ്രസിദ്ധീകരിച്ച കാർട്ടൂൺ വൻ വിവാദത്തിന് തിരികൊളുത്തി. ഇന്ത്യയെക്കുറിച്ചുള്ള പാശ്ചാത്യ മാധ്യമങ്ങളുടെ കൊളോണിയൽ മനോഭാവമാണ് ഇതിന് പിന്നിലെന്ന് സമൂഹമാധ്യമങ്ങളിൽ വ്യാപകമായ വിമർശനം ഉയർന്നു. 

ഓസ്ലോ: അഞ്ച് രാജ്യങ്ങളുടെ ഔദ്യോഗിക സന്ദർശനത്തിന്‍റെ ഭാഗമായി നോർവേയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വംശീയമായി അധിക്ഷേപിക്കുന്ന തരത്തിൽ കാർട്ടൂൺ പ്രസിദ്ധീകരിച്ച നോർവേയിലെ ഏറ്റവും വലിയ പത്രമായ 'ആഫ്റ്റൻപോസ്റ്റൻ' വൻ വിവാദത്തിൽ. പ്രധാനമന്ത്രി മോദിയെ ഒരു 'പാമ്പാട്ടി'യായി ചിത്രീകരിക്കുകയും, പാമ്പിന് പകരം ഒരു പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കുന്ന പൈപ്പ് കൈകളിൽ പിടിച്ചിരിക്കുന്നതുമായാണ് കാർട്ടൂണിലുള്ളത്. 'കൂർമ ബുദ്ധിക്കാരനും നേരിയ തോതിൽ അലോസരപ്പെടുത്തുന്നവനുമായ മനുഷ്യൻ' എന്ന തലക്കെട്ടിൽ ഇന്ത്യയുടെ വിദേശനയത്തെക്കുറിച്ച് മാധ്യമപ്രവർത്തകൻ ഫ്രാങ്ക് റോസാവിക് എഴുതിയ ലേഖനത്തിനൊപ്പമാണ് ഈ വിവാദ ചിത്രമുള്ളത്.

Add Asianetnews as a Preferred SourcegooglePreferred

ഇന്ത്യയെ ഇന്നും ദരിദ്രവും അന്ധവിശ്വാസങ്ങൾ നിറഞ്ഞതുമായ ഒരു 'പാമ്പാട്ടികളുടെ നാടായി' മാത്രം കാണുന്ന പാശ്ചാത്യ മാധ്യമങ്ങളുടെ കൊളോണിയൽ മനോഭാവത്തിന്‍റെ തെളിവാണ് ഇതെന്നാരോപിച്ച് സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. നോർവേ സന്ദർശനത്തിനിടയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്നും പ്രധാനമന്ത്രി മോദി ഒഴിഞ്ഞുമാറിയെന്ന വിവാദം നിലനിൽക്കുന്നതിനിടയിലാണ് ഈ കാർട്ടൂൺ കൂടി പുറത്തുവന്നത്. നോർവേ പ്രധാനമന്ത്രി യോനാസ് ഗാഹർ സ്റ്റോറുമായി നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിന് ശേഷം ഇരുനേതാക്കളും മടങ്ങവെ, ഓസ്ലോ ആസ്ഥാനമായുള്ള 'ദാഗ്സവിസെൻ' പത്രത്തിലെ രാഷ്ട്രീയ നിരീക്ഷകയായ ഹെല്ലെ ലിംഗ് എന്ന വനിതാ മാധ്യമപ്രവർത്തക പ്രധാനമന്ത്രി മോദിക്ക് നേരെ ഉറക്കെ ചോദ്യം ഉന്നയിച്ചിരുന്നു.

'പ്രധാനമന്ത്രി മോദി, ലോകത്തിലെ ഏറ്റവും സ്വാതന്ത്ര്യമുള്ള മാധ്യമങ്ങളോട് സംസാരിക്കാൻ താങ്കൾ എന്തുകൊണ്ട് തയ്യാറാകുന്നില്ല?' എന്നായിരുന്നു അവരുടെ ചോദ്യം. ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യത്തെയും മനുഷ്യാവകാശ ലംഘനങ്ങളെയും കുറിച്ച് അവർ ആശങ്ക പ്രകടിപ്പിച്ചു. എന്നാൽ നേതാക്കൾ ഇതിനോട് പ്രതികരിക്കാതെ വേദി വിട്ടു. ഹെല്ലെ ലിംഗ് ഈ ദൃശ്യങ്ങൾ എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ചതോടെ ഇത് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായി. ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ നോർവേ ഒന്നാം സ്ഥാനത്തും ഇന്ത്യ 157-ാം സ്ഥാനത്തുമാണെന്ന് അവർ ഓർമ്മിപ്പിച്ചു. ഇന്ത്യയിൽ നിന്നും കടുത്ത സൈബർ ആക്രമണം നേരിട്ടതിനെത്തുടർന്ന് താൻ ഒരു വിദേശ ചാരയല്ലെന്നും, കേവലം ഒരു ജേണലിസ്റ്റ് മാത്രമാണെന്നും അവർക്ക് പിന്നീട് വ്യക്തമാക്കേണ്ടി വന്നു.

തുടർന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നടത്തിയ ഔദ്യോഗിക പത്രസമ്മേളനത്തിലും ഹെല്ലെ ലിംഗ് ഇതേ ചോദ്യങ്ങൾ ആവർത്തിച്ചതോടെ ഇന്ത്യൻ നയതന്ത്രജ്ഞൻ സിബി ജോർജ്ജ് കടുത്ത ഭാഷയിലാണ് മറുപടി നൽകിയത്. 'ചില അറിവില്ലാത്ത എൻജിഒകൾ എഴുതിവിടുന്ന ഒന്നോ രണ്ടോ റിപ്പോർട്ടുകൾ മാത്രം വായിച്ച് വന്ന് ഇന്ത്യയെ വിലയിരുത്തരുത്. ഇന്ത്യയുടെ വ്യാപ്തിയും സങ്കീർണ്ണതയും നിങ്ങൾക്ക് അറിയില്ല. ഡൽഹിയിൽ മാത്രം ഇംഗ്ലീഷിലും ഹിന്ദിയിലുമായി ഇരുനൂറിലധികം വാർത്താ ചാനലുകൾ 24 മണിക്കൂറും സജീവമായി പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യക്ക് വ്യക്തമായ ഭരണഘടനയും ജനാധിപത്യ സ്ഥാപനങ്ങളും പൗരന്മാർക്ക് നിയമപരമായ പരിഹാര മാർഗ്ഗങ്ങളുമുണ്ട്. കോവിഡ് കാലത്ത് ലോകത്തെ മുഴുവൻ സഹായിച്ച വിശ്വസ്ത പങ്കാളിയാണ് ഇന്ത്യ,' സിബി ജോർജ്ജ് തുറന്നടിച്ചു.

ഇതിനിടയിലാണ് പാമ്പാട്ടി കാർട്ടൂൺ കൂടി എത്തിയത്. മുൻപ് 2014-ൽ പ്രധാനമന്ത്രി മോദി അമേരിക്കയിലെ മാഡിസൺ സ്ക്വയർ ഗാർഡനിൽ വെച്ച് നടത്തിയ പ്രസംഗത്തിൽ, ഇന്ത്യയെ പണ്ട് വിദേശികൾ 'പാമ്പാട്ടികളുടെ നാട്' എന്ന് വിളിച്ചിരുന്നുവെന്നും എന്നാൽ ഇന്നത്തെ ഇന്ത്യ കമ്പ്യൂട്ടർ മൗസ് കൊണ്ട് അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന 'മൗസ് ചാർമർമാരുടെ' നാടായി മാറിയെന്നും പറഞ്ഞത് ഓർമ്മിപ്പിച്ചാണ് നെറ്റിസൺസ് നോർവേ പത്രത്തിനെതിരെ തിരിഞ്ഞത്. 'ഇന്ത്യയുടെ ജിഡിപി വളർച്ചയോടും ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളോടും മത്സരിക്കാൻ കഴിയാതെ വരുമ്പോൾ പാശ്ചാത്യ മാധ്യമങ്ങൾ പുറത്തെടുക്കുന്ന അവസാനത്തെ ആയുധമാണ് ഇത്തരം വംശീയ അധിക്ഷേപങ്ങൾ' എന്ന് ഉപയോക്താക്കൾ വിമർശിച്ചു. മുൻപ് 2022-ൽ ഒരു സ്പാനിഷ് പത്രവും ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ ഇതേ രീതിയിൽ പാമ്പാട്ടിയുടെ ചിത്രം ഉപയോഗിച്ച് പരിഹസിച്ചിരുന്നു. നോർവേയിലെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി മോദി ഇറ്റലിയിലേക്ക് തിരിച്ചു.