Asianet News MalayalamAsianet News Malayalam

ബത്തേരിയില്‍ മാരക ആയുധങ്ങളുമായി കറങ്ങിയ ക്വട്ടേഷന്‍ സംഘം പിടിയില്‍

ശനിയാഴ്ച വൈകീട്ടോടെ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പുത്തന്‍കുന്നിന് സമീപത്തുവച്ച് പ്രതികള്‍ സഞ്ചരിച്ച വാഹനം പൊലീസ് തടഞ്ഞുനിര്‍ത്തുകയായിരുന്നു.
 

five member team arrested in bathary
Author
Kalpetta, First Published Jun 28, 2020, 8:56 AM IST

കല്‍പ്പറ്റ: പുല്‍പ്പള്ളിയില്‍ കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷവുമായി ബന്ധമുള്ള സംഘത്തെ മാരക ആയുധങ്ങളുമായി സുല്‍ത്താന്‍ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തു. പുല്‍പ്പള്ളി, ബത്തേരി സ്വദേശികളായ അഞ്ചുപേരാണ് പിടിയിലായത്. ഒരാള്‍ ഓടി രക്ഷപ്പെട്ടു. പുല്‍പള്ളി മണല്‍വയല്‍ പൊന്തമാക്കില്‍ പി.എസ്. ലിനിന്‍ (അണ്ണായി36), പാറക്കടവ് അയനിക്കുഴിയില്‍ ഷൈനു (മൊട്ട29), ബത്തേരി കുപ്പാടി തണ്ടാശ്ശേരി പി.പി. അക്ഷയ് (കുഞ്ഞൂട്ടന്‍22), കൈപ്പഞ്ചേരി ചേനക്കല്‍ സി. യൂനുസ് (35), പുത്തന്‍കുന്ന് പാലപ്പെട്ടി സംജാദ് (27) എന്നിവരെയാണ് ബത്തേരി ഇന്‍സ്‌പെക്ടര്‍ ജി. പുഷ്പകുമാര്‍ അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച വൈകീട്ടോടെ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പുത്തന്‍കുന്നിന് സമീപത്തുവച്ച് പ്രതികള്‍ സഞ്ചരിച്ച വാഹനം പൊലീസ് തടഞ്ഞുനിര്‍ത്തുകയായിരുന്നു. വാഹനം പരിശോധിക്കുന്നതിനിടെ സംഘത്തിലെ മൂന്നുപേര്‍ ഓടിരക്ഷപ്പെട്ടു. ഇതില്‍ രണ്ടുപേരെ പിന്തുടര്‍ന്ന് പിടികൂടിയെങ്കിലും ഒരാള്‍ രക്ഷപ്പെട്ടു. ഇവരുടെ കാറിനുള്ളില്‍നിന്ന് വാള്‍, കത്തികള്‍, കുറുവടികള്‍ തുടങ്ങിയവ പിടിച്ചെടുത്തു.

കഴിഞ്ഞ ദിവസം പുല്‍പള്ളിയില്‍ ഒരാളെ വെട്ടിപ്പരിക്കേല്‍പ്പിച്ചതിന്റെ പ്രതികാരം വീട്ടുന്നതിനായാണ് സംഘം ബത്തേരിയിലെത്തിയതെന്ന് ചോദ്യം ചെയ്തപ്പോള്‍ സംഘത്തിലുള്ളവര്‍ പൊലീസിനോട് പറഞ്ഞു. പിടിയിലായവര്‍ സ്ഥിരംകുറ്റവാളികളാണെന്ന് പൊലീസ് അറിയിച്ചു. ജനുവരി 15ന് പഴുപ്പത്തൂര്‍ ചപ്പക്കൊല്ലിയിലെ വാടകവീട്ടില്‍ മാരകായുധങ്ങളുമായി സംഘടിക്കുകയും അന്വേഷിക്കാനെത്തിയ പൊലീസിനെ ആക്രമിക്കുകയും ചെയ്ത കേസിലെ പ്രതികള്‍ കൂടിയാണ് ഇപ്പോള്‍ പിടിയിലായ അക്ഷയും സംജാദും.

Follow Us:
Download App:
  • android
  • ios