തിരുവനന്തപുരം കോർപ്പറേഷനിലെ മാലിന്യ പ്രശ്നത്തിൽ ബിജെപി ഭരണസമിതിക്കെതിരെ 'നാറാത്തത് നാറും' എന്ന പേരിൽ സോഷ്യൽ മീഡിയയിൽ ക്യാമ്പയിൻ നടക്കുന്നു. ഇത് പ്രതിപക്ഷത്തിന്‍റെ സൈബർ ആക്രമണമാണെന്ന് ബിജെപി.
തിരുവനന്തപുരം: തലസ്ഥാനത്തെ മാലിന്യ പ്രശ്നത്തിൽ കോർപ്പറേഷനെതിരെ ക്യാമ്പയിനുമായി സോഷ്യൽ മീഡിയ. തിരുവനന്തപുരം നഗരത്തിലെ തമ്പാനൂർ, കിഴക്കേകോട്ട, സ്റ്റാച്ചു, പാളയം, കമരമന തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലെ മാലിന്യങ്ങൾ ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ കോർപ്പറേഷൻ ഭരിക്കുന്ന ബിജെപിയെ ലക്ഷ്യമാക്കി 'നാറാത്തത് നാറും ' എന്ന ക്യാമ്പയിനാണ് നടക്കുന്നത്. പതിറ്റാണ്ടുകളായി ഇടതുമുന്നണി ഭരിച്ചിരുന്ന തിരുവനന്തപുരം കോർപ്പറേഷനിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് ബിജെപി അധികാരത്തിലെത്തിയത്.
ഇതിനുശേഷം നഗരത്തിലെ മാലിന്യ സംസ്കരണം പരാജയമാണെന്നും പലയിടത്തും മാലിന്യങ്ങൾ കൂടിക്കിടക്കുകയാണെന്നുമാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്ന വിമർശനങ്ങൾ. അതേസമയം ഇത് നേരത്തെ നിലനിൽക്കുന്ന പ്രശ്നമാണെന്നും ബിജെപിക്കെതിരെ കരുതിക്കൂട്ടിയുള്ള പ്രതിപക്ഷത്തിന്‍റെ സൈബർ ആക്രമമാണെന്നുമാണ് ബിജെപി നേതാക്കൾ പറയുന്നത്. 35 ദിവസം മാത്രമാണ് ബിജെപി അധികാരത്തിൽ എത്തിയിട്ട് ആകുന്നുള്ളു. ഈ 40 വർഷം തലസ്ഥാനം ഭരിച്ച ഇടത് ഭരണസമിതിക്ക് കഴിയാത്ത കാര്യങ്ങൾ മേയറുടെ നേതൃത്വത്തിൽ മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് മുതിർന്ന നേതാവും കരമന വാർഡ് കൗൺസിലറുമായ കമന അജിത് പ്രതികരിച്ചു.
മാലിന്യ പ്രശ്നത്തിൽ അടിയന്തരമായി പരിഹാരമുണ്ടാകുമെന്നത് ഉറപ്പാണ്. ഇതിനുള്ള നടപടി കോർപ്പറേഷൻ ആരംഭിച്ചു. തലസ്ഥാനത്തെ പ്രധാന പ്രശ്നം തെരുവുനായ്ക്കൾ ആയിരുന്നു. ഇക്കാര്യത്തിൽ അടിയന്തര നടപടി ഉണ്ടായത് എല്ലാവർക്കും അറിയാമല്ലോ. കോർപ്പറേഷൻ പരിധിയിലെ നായ്ക്കളെ ഷെൽറ്ററിലേക്ക് അടയ്ക്കുന്ന നടപടികൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇത്രയും മാറി. മാറാത്തതെല്ലാം മാറും. അത് സൈബർ ഇടങ്ങളിലെ വ്യാജ പ്രചാരണം കൊണ്ട് തടയാനാവില്ല. സ്മാർട്ട്സിറ്റി വഴി വാങ്ങിച്ച ട്രാൻസ്പോർട്ട് ബസുകൾ തന്നിഷ്ടം പോലെ ഓടിക്കൊണ്ടിരുന്നതായിരുന്നു. ഇപ്പോൾ തിരുവനന്തപുരം നഗരസഭയിലെ നിവാസികൾക്ക് ആവശ്യമായ തരത്തിലെ റൂട്ടുകളിലേക്ക് മാറ്റി. ചുരുങ്ങിയ ദിവസത്തിനകത്ത് ഇത്രയും കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്നുണ്ട്. അതുകൊണ്ട് മാലിന്യ വിഷയത്തെ സംബന്ധിച്ചിടത്തോളം അടിയന്തര നടപടി ഉറപ്പാണ്. 151 കോടിയുടെ പദ്ധതിയാണ് തയാറാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോർപ്പറേഷൻ പരിധിയിലെ വീടുകളിൽനിന്നും മറ്റും ശേഖരിക്കുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ഖരമാലിന്യങ്ങൾ സംസ്‌കരിക്കുന്നത് കൂടുതൽ കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം. പൂർണമായും സാങ്കേതികവിദ്യയിൽ അധിഷ്ഠിതമാക്കി മനുഷ്യവിഭവശേഷി കുറച്ചുള്ള സംസ്‌കരണ സംവിധാനമാണിത്. ആദ്യഘട്ടത്തിൽ മാലിന്യം പുനരുപയോഗിച്ച് വരുമാനമുണ്ടാക്കുന്ന അതേ മാതൃകയിലാണ് നടപ്പാക്കുന്നതെന്നും അജിത്ത് പറഞ്ഞു.


