തിരുവനന്തപുരം: ഒറ്റപ്രസവത്തില്‍ നിമിഷങ്ങളുടെ ഇടവേളയില്‍ പിറന്ന് വാര്‍ത്തകളില്‍ ഇടം നേടിയ തിരുവനന്തപുരം പോത്തൻകോട് നന്നാട്ടുകടവിൽ പ്രേംകുമാറിന്റെയും രമാദേവിയുടെയും മക്കളായ പഞ്ചരത്നങ്ങളുടെ വിവാഹം മാറ്റിവച്ചു. പ്രവാസികളായ വരന്മാര്‍ക്ക് നാട്ടിലെത്താന്‍ കഴിയാതെ വന്നതോടെയാണ് തീരുമാനം. ഏപ്രില്‍ 26ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് നടത്താനിരുന്ന വിവാഹമാണ് നീട്ടിവച്ചത്. 

1995 നവംബര്‍ 18 ന് ഉത്രം നാളില്‍ നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് നാലു പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും ജനിച്ചത്. മെയ് മാസം ലോക്ക്ഡൌണ്‍ കഴിഞ്ഞാല്‍ വിവാഹം നടത്താനാവുമെന്ന പ്രതീക്ഷയിലാണ് പഞ്ചരത്നങ്ങളുടെ അമ്മയും വരന്‍മാരുടെ രക്ഷിതാക്കളുമുള്ളത്. ഫാഷന്‍ ഡിസൈനറായ ഉത്രയുടെ വരന്‍ ആയൂര്‍ സ്വദേശി അജിത് കുമാര്‍ കെ എസ് ആണ്. മസ്കറ്റില്‍ ഹോട്ടല്‍ മാനേജരാണ് അജിത്. 

അമൃത മെഡിക്കല്‍ കോളേജില്‍ അനസ്തീഷ്യ ടെക്നീഷ്യയായ ഉത്രജയുടെ വരന്‍ പത്തനംതിട്ട സ്വദേശി ആകാശാണ്. കുവൈറ്റില്‍ അനസ്തീഷ്യാ ടെക്നീഷ്യനാണ് ആകാശ്. ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകയുടം വരന്‍ കോഴിക്കോട് സ്വദേശിയായ മഹേഷാണ്. മാധ്യമ പ്രവര്‍ത്തകനാണ് മഹേഷ്. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ അനസ്തീഷ്യ ടെക്നീഷ്യയായ ഉത്തമയുടെ വരന്‍ വട്ടിയൂര്‍ക്കാവ് സ്വദേശി വിനീതാണ്. മസ്കറ്റില്‍ അക്കൌണ്ടന്‍റാണ് വിനീത്. 

ഒരേ ദിവസം പിറന്ന ഇവര്‍ക്ക് പത്ത് വയസാവും മുന്‍പായിരുന്നു പിതാവ് പ്രേം കുമാര്‍ മരിച്ചത്. ഹൃദയ സംബന്ധമായ തകരാറുകള്‍  ഉണ്ടാവുക കൂടി ചെയ്തതോടെ സര്‍ക്കാര്‍ സഹകരണ ബാങ്കില്‍ രമാദേവിക്ക് ജോലി നല്‍കിയിരുന്നു.