Asianet News MalayalamAsianet News Malayalam

വിഷചികിത്സകയെ വിശ്വസിച്ചു, ആ കൂരയിൽ നിന്ന് പാമ്പുകടിയേറ്റ ശിവജിത് ഇനിയില്ല

കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് പകരം അച്ഛനമ്മമാർ സ്ഥലത്തെ വിഷചികിത്സകയുടെ അടുത്താണ് കൊണ്ടുപോയത്. ചായ്ച്ചു കെട്ടിയ ഒരു ഷെഡ്ഡിൽ, ഒരരുകിലാണ് കുഞ്ഞ് കിടന്നുറങ്ങിയിരുന്നത്. 

five yead old dead after snake bite due to lack of proper treatment
Author
Kottarakkara, First Published Mar 3, 2020, 6:59 PM IST

കൊല്ലം: കൊട്ടാരക്കര പുത്തൂരിൽ പാമ്പ് കടിയേറ്റ് അഞ്ച് വയസ്സുകാരൻ മരിച്ച സംഭവത്തിൽ ശാസ്ത്രീയ ചികിത്സ കിട്ടാൻ വൈകിയെന്ന് വ്യക്തമായി. ഇന്ന് പുലർച്ചെ വീട്ടിൽ കിടന്നുറങ്ങവേ കുട്ടിക്ക് പാമ്പുകടിയേറ്റെങ്കിലും അച്ഛനമ്മമാർ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയില്ല. പകരം കൊണ്ടുപോയത് വിഷചികിത്സകയുടെ അടുത്താണ്. അടച്ചുറപ്പില്ലാത്ത ഒരു കൊച്ചു ഷെഡ്ഡിലാണ് കുഞ്ഞും കുടുംബവും താമസിച്ചിരുന്നത്.

പുത്തൂർ മാവടി സ്വദേശി ശിവജിത് എന്ന കുഞ്ഞ് ഇന്ന് രാവിലെയാണ് തന്നെ എന്തോ കടിച്ചെന്ന് അമ്മയോട് പറഞ്ഞത്. ചായ്ച്ചു കെട്ടിയ ഒരു ഷെഡ്ഡിൽ, ഒരരുകിലാണ് കുഞ്ഞ് കിടന്നുറങ്ങിയിരുന്നത്. അമ്മ കുട്ടിയുടെ ദേഹത്ത് പരിശോധിച്ചപ്പോൾ കടിയേറ്റ പാടും രക്തവും കാണുകയും ചെയ്തു. 

തുടർന്ന് കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് പകരം അച്ഛനമ്മമാർ സ്ഥലത്തെ വിഷചികിത്സകയുടെ അടുത്താണ് കൊണ്ടുപോയത്. ഇവരുടെ ബന്ധുവും സ്ഥലത്ത് വിഷവൈദ്യ ചികിത്സ നടത്തുകയും ചെയ്യുന്ന മൈലം കുളം സ്വദേശിയായ രാധയാണ് കുഞ്ഞിനെ പരിശോധിച്ചത്. 

''ഞാനും എന്‍റെ മോനും കൂടെ അങ്ങോട്ട് നടന്നാ പോയത്. ഓട്ടോ ഇങ്ങോട്ട് വരൂല്ല. അത് കഴിഞ്ഞ് നോക്കിയിട്ട് എന്നോട് പറഞ്ഞു, കൊഴപ്പൊന്നുവില്ല എന്ന്. രണ്ട് കുരുമുളക് കൊടുത്തു. അതിന്‍റെ എരിവുണ്ടെന്ന് മോൻ എന്നോട് പറഞ്ഞു. പിന്നെ നെഞ്ചെരിയുന്നെന്ന് പറഞ്ഞു. എന്നിട്ട് തല കറങ്ങി വീണു. ഛർദ്ദിക്കുകയും ചെയ്തു. അപ്പോത്തന്നെ കുഞ്ഞിനെ കൊണ്ട് ഞങ്ങള് ബെഥനി ആശുപത്രിയിൽ പോയി. അപ്പോ അവിടെ നിന്ന് കൊട്ടാരക്കര കൊണ്ടുപോകാൻ പറഞ്ഞു. അവിടെ എത്തിയപ്പോഴേക്കും, കുഞ്ഞ്.. പോയിരുന്നു. ഡോക്ടർമാര് പറ‌ഞ്ഞു, ഞങ്ങള് പരമാവധി ശ്രമിച്ചെന്ന്...'', എന്ന് കുട്ടിയുടെ അച്ഛൻ മണിക്കുട്ടൻ പറയുന്നു. 

അതേസമയം, എന്ത് മരുന്നാണ് കൊടുത്തതെന്നോ എന്താണ് സംഭവിച്ചതെന്നോ പ്രതികരിക്കാൻ വിഷചികിത്സകയായ രാധ തയ്യാറായിട്ടില്ല. സ്വന്തമായി ഒരു വീടില്ലാത്ത കുഞ്ഞ് ശിവജിത്തിന്‍റെ കുടുംബം ഒരു ഷെഡ്ഡ് കെട്ടിയാണ് താമസിക്കുന്നത്. അടച്ചുറപ്പില്ലാത്ത ഈ ഷെഡ് ഒട്ടും സുരക്ഷിതമല്ലെന്ന് വീട്ടുകാർ തന്നെ പറയുന്നുണ്ട്. ലൈഫ് പദ്ധതി ഉൾപ്പടെയുള്ള ഭവന പദ്ധതികളിൽ അപേക്ഷിച്ചിരുന്നെങ്കിലും സ്വന്തമായി വീടില്ലാത്തതിനാൽ ഇവർക്ക് വീട് കിട്ടിയിരുന്നില്ല. 

Follow Us:
Download App:
  • android
  • ios