അഞ്ചാണ്ട് മുമ്പ് ഒരു മെയ് പതിനാറിനാണ് തൃശൂര്‍ മെഡിക്കല്‍ കോളെജിലെ രോഗികള്‍ക്കും കൂട്ടിരിപ്പികാര്‍ക്കുമുള്ള പൊതിച്ചോര്‍ വിതരണം ഡിവൈഎഫ്ഐ ആരംഭിക്കുന്നത്. 

തൃശൂര്‍ മെഡിക്കല്‍ കോളെജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പൊതിച്ചോര്‍ നല്‍കുന്ന ഡിവൈഎഫ്ഐയുടെ ഹൃദയപൂര്‍വ്വം പദ്ധതിക്ക് അഞ്ചാണ്ട്. അഞ്ചുകൊല്ലം കൊണ്ട് എണ്‍പത് ലക്ഷം പൊതിച്ചോർ വിതരണം ചെയ്തെന്നാണ് ഡിവൈഎഫ്ഐ യുടെ കണക്ക്. യൂനിറ്റ് തലങ്ങളില്‍ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാനൊരുങ്ങുകയാണ് ഇനി ഡിവൈഎഫ്ഐ

അഞ്ചാണ്ട് മുമ്പ് ഒരു മെയ് പതിനാറിനാണ് തൃശൂര്‍ മെഡിക്കല്‍ കോളെജിലെ രോഗികള്‍ക്കും കൂട്ടിരിപ്പികാര്‍ക്കുമുള്ള പൊതിച്ചോര്‍ വിതരണം ഡിവൈഎഫ്ഐ ആരംഭിക്കുന്നത്. തുടക്കത്തില്‍ അയ്യായിരം പൊതിച്ചോറായിരുന്നു നല്‍കിയിരുന്നത്. കൊവിഡ് പ്രതിസന്ധിക്ക് പിന്നാലെ അത് നാലായിരമായി കുറഞ്ഞെങ്കിലും ഇന്നും നൂറുകണക്കിനാളുകള്‍ക്ക് മുടക്കമില്ലാതെ അന്നം നല്‍കുന്നു

മേഖലാ കമ്മിറ്റികള്‍ക്കാണ് ഓരോ ദിവസത്തേയും വിതരണ ചുമതല. 205 മേഖലാ കമ്മിറ്റികളാണ് ജില്ലയിലുള്ളത്. ഒരാഴ്ചമുന്പേ പ്രവര്‍ത്തകര്‍ വീടുകളിലെത്തി പൊതിച്ചോര്‍ നല്‍കാന്‍ താത്പര്യമുള്ളവരെ കണ്ടെത്തും. തലേന്ന് വീണ്ടുമോര്‍മ്മിപ്പിക്കും. രാവിലെ എട്ടുമണിയോടെ പൊതിച്ചോര്‍ ശേഖരിച്ച് മെഡിക്കല്‍ കോളെജിലേക്ക്. പന്ത്രണ്ടു മണിയോടെ വിതരണം. അഞ്ചാം വാര്‍ഷികത്തിന്‍റെ ഭാഗമായി നൂറു പ്രവര്‍ത്തകര്‍ രക്തദാനം നടത്തി. ക്യാന്‍സര്‍ രോഗികള്‍ക്കായി മുടി മുറിച്ചു നല്‍കി. ഇനി പാലിയേറ്റീവ് രംഗത്തേക്കും പ്രവര്‍ത്തകരെ എത്തിക്കാനാണ് ശ്രമം. വൈകാതെ തുടക്കമാവുമെന്ന് ഡിവൈഎഫ്ഐ.